KeralaNEWS

തൃക്കാക്കരയിൽ ഉമാ തോമസെന്ന് സൂചന

തിരുവനന്തപുരം: തൃക്കാക്കരയിൽ ഉമ തോമസ് കോൺഗ്രസ് സ്ഥാനാർഥിയാകും. ഹൈക്കമാൻഡിനു നൽകിയ പട്ടികയിൽ ഉമ തോമസിന്റെ പേരു മാത്രമാണുള്ളത്. ഹൈക്കമാൻഡാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി.തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. സ്ഥാനാർഥി നിർണയത്തിൽ പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

ലിസ്റ്റ് ഹൈക്കമാൻഡിനു കൈമാറിയെന്നും സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സ്ഥാനാർഥി വനിതയാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏകകണ്ഠമായ തീരുമാനമാണുണ്ടായത്. പാർട്ടിക്കു ഗുണകരമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനെ ടീമായി നേരിടുമെന്നും ഇന്നു തന്നെ ഡൽഹിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഒരു തീരുമാനമെടുക്കുമ്പോൾ കുടുംബത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അതെല്ലാം പരിഹരിച്ചു. ഈ സർക്കാരിനെ ജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടും. സിൽവർലൈൻ പ്രചാരണ വിഷയമാക്കും. വികസനമാണ് വിനാശമല്ല വേണ്ടത് എന്നു ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, എം.എം.ഹസൻ, രമേശ് ചെന്നിത്തല എന്നിവർ ഇന്ദിരാഭവനിൽ യോഗം ചേർന്നശേഷമാണ് സ്ഥാനാർഥിയെ സംബന്ധിച്ചു തീരുമാനം എടുത്തത്. പി.ടി.തോമസിനും കുടുംബത്തിനുമുള്ള ജനസമ്മതി പരിഗണിക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

ഈ മാസം 31നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ്. പി.ടി.തോമസ് എംഎൽഎ അന്തരിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. 2021 മേയിൽ നിലവിൽ വന്ന പതിനഞ്ചാം നിയമസഭയുടെ കാലത്തു നടക്കുന്ന ആദ്യത്തെ ഉപതിരഞ്ഞെടുപ്പാകും തൃക്കാക്കരയിലേത്.

Back to top button
error: