NEWS

ഇന്ന് സന്തോഷ് ട്രോഫി ഫൈനൽ

സന്തോഷ് ട്രോഫി ഫൈനലിൽ ഇന്ന് കേരളം ബംഗാളിനെ നേരിടും.വൈകിട്ട് എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.
1973-ൽ ആയിരുന്നു കേരളം ആദ്യം സന്തോഷ് ട്രോഫി ടൂർണമെന്റിൽ ജേതാക്കളാകുന്നത്.അതിനു ശേഷം കേരളത്തിലേക്ക് ഒരു കിരീടം എത്തുന്നത് 1990-ൽ.
1990-ലാണ് ആദ്യമായി ഒരു കേരള ക്ളബ്ബ്- കേരള പൊലീസ്- ഇന്ത്യൻ ക്ളബ്ബ് ചാംപ്യൻഷിപ്പായ ഫെഡറേഷൻ കപ്പ് ജയിക്കുന്നത്.ഐഎം വിജയന് അന്ന് 21 വയസ്സ്.പരിശീലകൻ ചാലക്കുടിക്കാരൻ ചാത്തുണ്ണി. ഫൈനലിൽ എതിരാളികൾ പോർട്ടുഗീസ് പാരമ്പര്യമുള്ള സാൽഗോക്കർ ഗോവ. സമർത്ഥനായ ബ്രൂണോ കൂടീനോ മുൻനിര നയിക്കുന്നു. ഗോവൻ ടീമിനെ രണ്ടു ഗോളിന് തോൽപ്പിച്ച് കേരള പൊലീസ് പുതിയ ചരിത്രമെഴുതി. ഒരു ഡിപ്പാർട്ട്‌മെന്റ് ടീം നേടിയ വിജയം സംസ്ഥാനം മുഴുവൻ ഏറ്റെടുത്തു. കളികഴിഞ്ഞുള്ള മേളപ്പെരുക്കത്തിൽ തൃശ്ശൂർ റൗണ്ടിൽ ജനം നിറഞ്ഞൊഴുകി. വടക്കൻ- തെക്കൻ ഫുട്‌ബോൾ ആരാധകർ നാട്ടുകാരോട് ചേർന്നപ്പോൾ തൃശ്ശൂർ പൂരം പോലെ. ഘോഷയാത്ര നടുവിലാൽ കവലയിൽ എത്തുമ്പോൾ, ഒരു ഫുട്‌ബോൾ പ്രേമി ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. അതുകണ്ട പോലീസ് ടീം ക്യാപ്റ്റൻ കുരികേശ് മാത്യുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.അതെ തങ്കമണി സംഭവം ഉൾപ്പടെ നിരവധി കാരണങ്ങളാൽ പൊതുജനം കാർക്കിച്ചു തുപ്പിയിരുന്ന പോലീസിനെ ഫുട്ബോൾ ചേർത്ത് പിടിപ്പിക്കുകയായിരുന്നു.
 ആതിഥേയർ എന്ന നിലയിൽ കളിക്കാൻ അവസരം ലഭിച്ച പൊലീസുകാർക്ക് ടൂർണമെന്റിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. ആസ്വദിച്ചു കളിക്കുക എന്ന ലക്ഷ്യം മാത്രം. പക്ഷേ കളി പുരോഗമിച്ചപ്പോൾ അവർ കേറിയങ്ങ് കൊളുത്തി. മുനിസിപ്പൽ സ്റ്റേഡിയത്തിലെ ചൂളമര ഗാലറിയിൽ ആറാടിയ തൃശൂർക്കാരും മലബാറുകാരും ടീമിന് മുന്നോട്ടു കുതിക്കാനുള്ള വെടിമരുന്ന് ഇട്ടുകൊടുത്തു. കലാശക്കൊട്ടിന്  തലേന്ന് 24-കാരൻ സ്ട്രൈക്കർ പാപ്പച്ചൻ ഇതാദ്യമായി സമ്മർദ്ദം എന്തെന്നറിഞ്ഞു.അത്രയേറെ പ്രതീക്ഷയാണ് അവരിൽ അർപ്പിക്കപ്പെട്ടിരിക്കുന്നത്.പിറ്റേന്ന് കളത്തിലിറങ്ങി പന്ത് കാലിലെത്തിയപ്പോൾ അയാൾ അതെല്ലാം മറന്നു.ആവേശം ആകാശത്തോളം ഉയർന്നു പൊങ്ങിയ മത്സരത്തിൽ
പാപ്പച്ചൻ രണ്ടു ഗോളടിച്ച് പൊലീസിനെ
ചുമലിലേറ്റി. വല കുലുങ്ങിയപ്പോൾ സമയം നിശ്ചലമായെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.
ഏതാനും നിമിഷത്തിനു ശേഷം സുബോധം
തിരിച്ചു വരുമ്പോൾ കാതടപ്പിക്കുന്ന ആരവം മാത്രം.കാണികളുടെ
ആവേശത്താൽ ഇലഞ്ഞിത്തറയിലെ ആൽമരങ്ങൾ പോലും വിറച്ചിരിക്കണം.
അടുത്ത വർഷം കണ്ണൂരിൽ കേരള പോലീസ് കിരീടം നിലനിർത്തി, ലിസ്റ്റൺ എന്നു പേരുള്ള
പുതിയൊരു താരം പിറന്നു.കെ ടി ചാക്കോ ആയിരുന്നു ക്യാപ്റ്റൻ. ഫൈനലിൽ തോൽപ്പിച്ചത് ഗോഡ്ഫ്രെ പെരേരയുടെ മുംബൈ ക്ളബ്ബ് മഹീന്ദ്രയെ.പോലീസ് ടീമിന്റെ ഫോം മറ്റുള്ള കേരള ക്ലബുകളെയും പ്രചോദിപ്പിച്ചു. ടൈറ്റാനിയവും കെൽട്രോണും കെസ്ഇബിയും സെൻട്രൽ എക്‌സൈസും തകർപ്പൻ ഫോമിലായി.
അത് കേരള ടീമിനെ സഹായിച്ചു. ദേശീയ ചാമ്പ്യൻഷിപ്പായ സന്തോഷ് ട്രോഫിയിൽ തുടർച്ചയായി നാല് ഫൈനലിൽ തോറ്റ ടീം ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച് ജേതാക്കളായി (1992).
പത്തൊമ്പത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്, കോയമ്പത്തൂരിൽ ക്യാപ്റ്റൻ വി പി സത്യൻ കിരീടമുയർത്തി.
അടുത്ത വർഷം എറണാകുളം സന്തോഷ് ട്രോഫിക്ക് വേദിയായപ്പോൾ കേരളം വീണ്ടും ഫൈനലിൽ, എതിരാളികൾ മഹാരാഷ്ട്ര. കേരള ടീം ശക്തം, മഹീന്ദ്രയുടെ ബലത്തിൽ മഹാരാഷ്ട്ര തുല്യശക്തി. സുരക്ഷിത കരങ്ങളോടെ കേരള ഗോളി ചാക്കോ. പ്രതിരോധത്തിൽ പൊലീസിന്റെ സത്യനും ഷറഫലിയും കുരികേശ് മാത്യുവും, ടൈറ്റാനിയത്തിന്റെ മാത്യു വർഗീസും കോട്ട കെട്ടുന്നു. മധ്യനിരയിൽ പോലീസിന്റെ തോബിയാസും കെൽട്രോണിന്റെ അജിത് കുമാറും. മുൻനിരയിൽ പാപ്പച്ചനും വിജയനും ടൈറ്റാനിയത്തിന്റെ അഷീമും സെൻട്രൽ എക്‌സൈസിന്റെ ഹർഷനും. ആക്രമണ വിന്യാസം 4-2-4. 1970-ലെ ലോകകപ്പിൽ പെലെയുടെ ബ്രസീൽ കളിച്ചു കപ്പെടുത്ത അതേ ഫോർമേഷൻ. കോച്ച് ടി എ ജാഫർ,
1973-ലെ സന്തോഷ് ട്രോഫി വിജയത്തിൽ
കേരളത്തിന്റെ വൈസ് ക്യാപ്റ്റൻ.
മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ ചൂളമര ഗാലറി നിറഞ്ഞു കവിഞ്ഞ ജനം മൈതാനത്തിന് തൊട്ടരികിൽ വരെ വന്നിരിക്കുന്നു.ത്രോ എടുക്കാൻ പോലും ബുദ്ധിമുട്ട്.പലർക്കും സ്റ്റേഡിയത്തിലേക്ക് കടക്കാൻ കൂടി കഴിഞ്ഞില്ല.എണ്ണം പറഞ്ഞ കമന്റേറ്റർമാരുടെ വിവരണത്തിനൊത്ത് ഭാവനയിൽ അവർ കളി മെനഞ്ഞു.(എറണാകുളം നെഹ്റു സ്റ്റേഡിയത്തിന്റെ പിറവിക്ക് കാരണം ഈ ജനക്കൂട്ടമായിരുന്നു)   ഇടവേളയ്ക്ക് മുമ്പ് അജിത് കുമാർ മഹാരാഷ്ട്രയുടെ വലയിൽ ആദ്യമായി നിറയൊഴിച്ചു. രണ്ടാം പകുതിയുടെ അന്ത്യമായപ്പോൾ പ്ളേമേക്കർ പാപ്പച്ചന്റെ കാലിൽ പന്ത്. ഫുട്‌ബോൾ പ്രേമികളെ ത്രസിപ്പിച്ച നിമിഷം! ഇടതു വിംഗിൽ എതിരാളിയുടെ ബോക്സിനു പുറത്ത് നിന്ന്, ഉയരം കൂടിയ രണ്ട് പ്രതിരോധ ഭടന്മാരുടെ വലതു കാലിനും ഇടതു കാലിനും ഇടയിലൂടെ പന്ത് കോരിയിട്ട് പിന്നാലെ ചാടി, എതിർക്കാൻ വന്ന മറ്റൊരാളെ വെട്ടിയൊഴിഞ്ഞ്, ഗോളിയേയും മറികടന്ന് പോസ്റ്റിന്റെ വലതു മച്ചിൽ പാപ്പച്ചൻ പന്ത് അടിച്ചു കയറ്റി.മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മാത്രമല്ല കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ അതിന്റെ ആരവം ഉയർന്നു.
വിജയം ഉറപ്പിച്ച ശേഷം വിജയൻ ഉൾപ്പെടെ പലരും കേരളം വിട്ട് ബംഗാൾ ക്ലബുകളിലേക്ക് ചേക്കേറി. തൃശ്ശൂർ മുനിസിപ്പൽ മൈതാനത്തിന്റെ പരിസരത്തു നിന്നും ഡിജിപി കെ എം ജോസഫ് കണ്ടത്തിയതാണ് വിജയൻ എന്ന കറുത്ത മുത്തിനെ. വിശപ്പ് മാറ്റാൻ കളി തുടങ്ങിയ അയാളുടെ ഗോളിനോടുള്ള വിശപ്പ് ഒരിക്കലും അടങ്ങിയില്ല. 1993-ലെ സന്തോഷ് ട്രോഫിക്ക് തൊട്ടു മുൻപ് അസിസ്റ്റന്റ് സബ് ഇൻസ്‌പക്ടറായിരുന്ന വിജയനെ മുഖ്യമന്ത്രി കരുണാകരൻ മുൻകൈയെടുത്ത് ടൂർണമെന്റിനിടയിൽ സബ് ഇൻസ്‌പെക്ടറായും, കിരീടം നേടിയപ്പോൾ സർക്കിളായും സ്ഥാനക്കയറ്റം നൽകി. കേരള പോലീസിന്റെ ചരിത്രത്തിൽ അതിനു മുമ്പോ പിമ്പോ, രണ്ടാഴ്ചക്കിടയിൽ അങ്ങനെ ഡബിൾ പ്രൊമോഷൻ നടന്നിട്ടുണ്ടോ എന്നറിയില്ല. പക്ഷേ വിജയനെ തടയാൻ അതു
പോരായിരുന്നു, മോഹൻ ബഗാന്റെ ലക്ഷങ്ങൾ
വിലപിടിപ്പുള്ള വാഗ്ദാനത്തിൽ വിജയൻ വീണു.
വീണെന്ന് മാധ്യമങ്ങൾ എഴുതിയതാണ്.സത്യത്തിൽ അയാൾ
വീണതല്ല, ഉയർന്നതാണ്.
കൽക്കട്ടയിലെ കളിയാണ് അയാൾക്ക് പൂർണത നൽകിയത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ. വംഗദേശത്തെ മൈതാനങ്ങളിൽ മാനിനെ പോലെ പാഞ്ഞ അയാൾ ആ നാട്ടുകാരുടെ മനം കവർന്ന് കാലാഹിരൺ (കറുത്ത മാൻ) ആയി.
 ജോലിസ്ഥിരതക്ക് മുൻതൂക്കം നൽകിയ പാപ്പച്ചൻ പൊലീസിൽ തുടർന്നു. വിജയനു തുല്യം പ്രതിഭയുണ്ടായിരുന്ന അയാളെ സുരക്ഷിത തീരം പരിമിതപ്പെടുത്തി. സത്യനും ഷറഫലിയും ബംഗാളിൽ ചേക്കേറി. ഇന്ത്യൻ ടീമിൽ അവരോടൊപ്പം പാപ്പച്ചനും ചേർന്നു. തിരുവനന്തപുരം നെഹ്‌റു കപ്പിൽ മുൻ ലോകകപ്പ് റണ്ണറപ്പായ ഹംഗറിക്കെതിരെ, മൂന്ന് ഡിഫൻഡർമാരെ വെട്ടിച്ചു കയറി പാപ്പച്ചൻ ഗോളടിച്ചു. ഹിന്ദി കമന്റേറ്റർ ആവേശം മൂത്ത് ‘പപ്പാച്ചൻ’ എന്നാണ് വിളിച്ചു കൂവിയത്.
ഹംഗറിയും, CCCP എന്നെഴുതിയ ജഴ്സി ധരിച്ച സോവിയറ്റ് യൂണിയനും (USSR), പോളണ്ടും റൂമേനിയയും എല്ലാം കേരളത്തിൽ വന്നു കളിച്ചു.
സേട്ട് നാഗ്ജി ഉൾപ്പെടെ കേരളത്തിൽ ഉടനീളം ക്ളബ്ബ് ടൂർണമെന്റുണ്ടായിരുന്നു, മലബാറിൽ ഇടമുറിയാതെ സെവൻസും.
ക്രമേണ കേരള ടീമിന്റെ പൊലീസ് ന്യൂക്ളിയസ്
നിർവീര്യമായി. ലീവെടുത്ത പാപ്പച്ചൻ
ഹ്രസ്വകാലം FC കൊച്ചിൻ ഉൾപ്പെടെ മറ്റു
ക്ളബ്ബുകൾക്കു വേണ്ടി ഇറങ്ങി. കരിയറിന്റെ
അവസാന ദിനങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റനുമായി.കേരള പോലീസ് അക്കാദമിയില്‍ കമാന്‍ഡന്റായ അദ്ദേഹം കഴിഞ്ഞ മേയ് 31-നാണ് റിട്ടയറായത്.
വർഷങ്ങൾക്ക് ശേഷം വിജയനും ഫറഫലിയും പോലീസിലേക്ക് മടങ്ങി ഒരു വൃത്തം പൂർത്തിയാക്കി. സത്യൻ മദ്രാസിലെ ഇന്ത്യൻ ബാങ്കിന്റെ കളിക്കാരനും പരിശീലകനുമായി. മൈതാനത്തെ കരുത്തന് പക്ഷേ ജീവിതമെന്ന കളിയിലെ ചുഴികൾ വഴങ്ങാതെ പോയി.മരണം അയാളെ ഒരു റയിൽവെ പാളത്തിലിട്ട് വിഴുങ്ങി. പക്ഷേ ഓർമയുടെ കാൽപ്പന്താരവത്തിൽ അയാളെന്നും ഒരു ജേതാവ് തന്നെയാണ്.
മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ കായിക രംഗത്തും കേരളം ഇന്ത്യയിൽ എന്നും വിത്യസ്തമായി നിലകൊണ്ട ഒരു സംസ്ഥാനമായിരുന്നു.ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും ക്രിക്കറ്റ് എന്ന കളിയിലലിഞ്ഞു ചേർന്നപ്പോൾ  കേരള സംസഥാനവും അന്നാട്ടിലെ മനുഷ്യരും പ്രായ ജാതി മത സാമ്പത്തിക ഭേദമന്യേ ഫുട്ബോളിനെ നെഞ്ചോടു ചേർത്തു പിടിച്ചവരാണ്.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരു സായാഹ്ന യാത്ര നടത്തിയാൽ കാൽപന്തുകളിയുടെ അകമ്പടിയില്ലാതെ ഒരു നഗരമോ ഗ്രാമമോ നമുക്ക് കാണാനാകില്ല.സൗകര്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾ മാത്രമാകും വേറിട്ട് നിൽക്കുന്ന ഒരേയൊരു ഘടകം.കൊയ്ത്തൊഴിഞ്ഞ പാടങ്ങളും കപ്പ പറിച്ച കാലായും വരെ ഇതിൽ ഉൾപ്പെടും.

.1889 ഫെബ്രുവരി ഇരുപതിനാണ് കേരളത്തിലാദ്യമായി ഒരു ഫുട്ബോൾ ക്ലബ് ആരംഭിക്കുന്നത്. കൊച്ചി പോലീസ് സുപ്പീരിയന്റെൻഡ് ആയിരുന്ന ആർ ബി ഫെർഗൂസണ്ണിന്റെ നാമധേയത്തിൽ, തൃശ്ശൂരിനടുത്ത് ഒല്ലൂരിൽ വിശുദ്ധ അന്തോണീസ് പള്ളിയുടെ അടുത്തായിട്ടാണ് ക്ലബ് സ്ഥാപിച്ചത്. ആ ക്ലബ് പിന്നീട് യങ് മെൻസ് ഫുട്ബോൾ ക്ലബ് എന്ന് പേര് മാറ്റുകയും ചെയ്തു. 1947-സ്ഥാപിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ഫുട്ബോൾ ക്ലബ്ബായ  അറോറ ഫുട്ബോൾ ക്ലബ്ബും തൃശ്ശൂരിൽ നിന്ന് തന്നെയാണ്. പിന്നെയുമുണ്ട്… പ്രീമിയർ ടയർ ഫുട്ബോൾ ക്ലബ് കളമശ്ശേരി, അലിന്ദ് ഫുട്ബോൾ ക്ലബ് കുണ്ടറ, കെ‌എസ്‌ആർ‌ടി‌സി ഫുട്ബോൾ ക്ലബ്, എ‌ജി ഓഫീസ് ഫുട്ബോൾ ക്ലബ്, യംഗ് ചലഞ്ചേഴ്സ് ഫുട്ബോൾ ക്ലബ്, ടൈറ്റാനിയം ഫുട്ബോൾ ക്ലബ്, കേരള പോലീസ് ഫുട്ബോൾ ക്ലബ്, കണ്ണൂർ കെൽട്രോൺ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കെഎസ്ഇബി തുടങ്ങി നൂറുകണക്കിന് ക്ലബ്ബുകൾ പ്രതിഭാധനരായ ഫുട്ബോൾ കളിക്കാരെ സൃഷ്ടിക്കുകയും രാജ്യത്തിന്റെ തന്നെ പ്രശസ്തി വർദ്ധിപ്പിക്കുകയും ചെയ്തവരാണ്. ഇന്ത്യയിലെ ആദ്യ പ്രൊഫെഷണൽ ഫുട്ബോൾ ക്ലബ് ആയ എഫ്‌സി കൊച്ചിൻ, പ്രശസ്ത ഫുട്ബോൾ ക്ലബ് വിവ കേരള,ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ്… തുടങ്ങിയവ അവരുടെ പിൻതുടർച്ചക്കാർ മാത്രം!

തൃശ്ശൂർ ആന്റണി, പപ്പു, ലീബൻ, ഡിക്രൂസ്, ഒളിമ്പ്യൻ‌മാരായ ടി‌എ റഹ്മാൻ, ഒ.ബാലകൃഷ്ണൻ, ഇന്ദ്രബാലൻ, മലപ്പുറം അസീസ്, രാമകൃഷ്ണൻ തുടങ്ങിയ അനേകം കഴിവുറ്റ താരങ്ങളെ ഈ ക്ലബ്ബുകൾ മലയാളമണ്ണിന്‌ നൽകി 1973 സന്തോഷ് ട്രോഫി വിജയികളായ കേരളാ ടീം ക്യാപ്റ്റൻ മണി തുടങ്ങിയ കഴിവുള്ള കളിക്കാരുടെ പിറവിയും വളർച്ചയും പിന്നീട് കേരളം കണ്ടു.ജാഫർ, വില്യംസ്, ദേവനന്ദ്, നജിമുദ്ദീൻ, സി സി ജേക്കബ്, എം എം ജേക്കബ്, വിക്ടർ മഞ്ഞില, സേതുമാധവൻ, സേവ്യർ പയസ്, നജീബ്, സത്യൻ, ഷറഫലി, പാപ്പച്ചൻ, ഐ എം വിജയൻ, ജോ പോൾ അഞ്ചേരി, രാജീവ് കുമാർ, മാത്യു വർഗീസ്,അസീം, സുരേഷ് കുമാർ, ശിവദാസൻ, സന്തോഷ്, നെൽസൺ,മുഹമ്മദ് റാഫി, അജയൻ, ഇഗ്നേഷ്യസ്, പ്രദീപ്, സക്കീർ മുണ്ടംപാറ, സികെ വിനീത്, അനസ് എടത്തോടിക്ക, പ്രശാന്ത് കരുത്തടത്തുകുനി, സഹൽ അബ്ദുൾ സമദ്, രഹനേഷ് ടിപി, കെപി രാഹുൽ, ഹൃഷിനാഥ്‌, എംഎസ് ജിതിൻ, ജിഷ്ണു ബാലകൃഷ്ണൻ, സുജിത് ശശികുമാർ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അനേകം കഴിവുറ്റ കളിക്കാരെയും കേരളം ഇന്ത്യൻ ഫുട്ബോളിന് സംഭാവന നൽകി.

ഇതിൽ മലയാളികളുടെ കാൽപ്പന്തു ഭ്രാന്ത് ആകാശത്തോളമുയർത്തിയ ഒരു ടീമായിരുന്നു കേരള പോലീസ്.1990 ലും 1991 ലും ഫെഡറേഷൻ കപ്പ് കേരളത്തിലേക്ക് കൊണ്ടുവന്ന അതേ കേരള പോലീസ്.91,92 ലും സന്തോഷ് ട്രോഫി കേരളം നേടുന്നതും ഇതേ കളിക്കാരുടെ പിൻബലത്തിലായിരുന്നു.തുടർച്ചയായി രണ്ടു തവണ സന്തോഷ് ട്രോഫിയിൽ ജേതാക്കളായ കേരളം.93 ൽ ഫൈനലിൽ എത്തുകയും ചെയ്തു.ഇതുൾപ്പടെ തുടർച്ചയായി ഒൻപത് വർഷം കേരളം ഫൈനലിൽ കളിച്ചു.കേരളപൊലീസ്, ടൈറ്റാനിയം, കണ്ണൂർ കെൽട്രോൺ ടീമുകളുടെ പ്രതാപകാലമായിരുന്നു അത്.അതിനുശേഷം എസ്ബിടിയും എഫ്സി കൊച്ചിനുമൊക്കെയായിരുന്നു രംഗം വാണിരുന്നത്. 1997 ൽ എഫ്‌സി കൊച്ചി മോഹൻ ബഗാനെ തോൽപ്പിച്ച് ഡ്യുറാൻഡ് കപ്പ് നേടിയ ആദ്യത്തെ കേരള ടീമായി.

ഇതിൽ ഏറ്റവും എടുത്ത് പറയേണ്ടത് കേരള പോലീസിന്റെ ഫുട്ബോൾ ടീമിന്റെ കാര്യം തന്നെയാണ്.കേരള പൊലീസ് എന്നു കേൾക്കുമ്പോൾ കാക്കിക്കും ലാത്തിക്കും പകരം മനസ്സിലേക്ക് ഒരു ഫുട്ബോൾ ഉരുണ്ട് വരാറില്ലേ.അതിനു കാരണക്കാർ ഇവരാണ് – കുരികേശ് മാത്യു, വി.പി.സത്യൻ, കെ.ടി.ചാക്കോ, സി.വി.പാപ്പച്ചൻ, യു. ഷറഫലി, ഐ.എം.വിജയൻ, അലക്സ് ഏബ്രഹാം, .പി.തോബിയാസ്, ഹബീബ് റഹ്മാൻ, സി.എ.ലിസ്റ്റൻ, എം.പി.കലാധരൻ, എ.സക്കീർ, പി.എ.സന്തോഷ്, ജാബിർ… എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്.

തങ്കമണി കേസൊക്കെ രൂക്ഷമായി നിൽക്കുന്ന സമയമായിരുന്നു അത്.അതുകൊണ്ടുതന്നെ ജനങ്ങൾക്കു പൊലീസെന്നു കേട്ടാൽ അത് ദേഷ്യത്തിന്റെയും വെറുപ്പിന്റെയും പര്യായമായിരുന്നു.അപ്പോഴായിരുന്നൂ കേരള പൊലീസിന്റെ ഫുട്ബോൾ രംഗത്തേക്കുള്ള പ്രവേശനം.പോലീസിന്റെ ഫെഡറേഷൻ കപ്പ് വിജയത്തോടെയാണ്  ജനങ്ങൾക്ക് പോലീസിനോടുള്ള സമീപനത്തിൽ ഒരു മാറ്റമുണ്ടായത്.

ഡിജിപി: എം.കെ. ജോസഫ് , ഐജി: ഗോപിനാഥൻ, ഡിഐജി: മധുസൂദനൻ , പിന്നെ  പൊലീസ് ടീമിന്റെ എല്ലാമായ അബ്ദുൽ കരീം …ഇവർ മുൻകൈയെടുത്തായിരുന്നു 1984ൽ കേരള പോലീസ് ഫുട്ബോൾ ടീമിന്റെ രൂപീകരണം.പ്രതികൾക്ക് പകരം പ്രതിഭകളെ തേടി കേരള പോലീസ് ടീം നാട് നാടാന്തരം, വീട് വീടാന്തരം കയറിയിറങ്ങിയ കാലമായിരുന്നു അത്. കരീം  ഓരോ കളിക്കാരനെയും വീടുകളിൽ ചെന്ന് തേടിപ്പിടിച്ച് ടീം ഉണ്ടാക്കുകയായിരുന്നു.അതേപോലെ കോച്ച് ചാത്തുണ്ണി,ശ്രീധരൻ.. തുടങ്ങിയവരുടെ പങ്കും ഇവിടെ വിസ്മരിക്കാനാവില്ല.

ആദ്യ ഫെഡറേഷൻ കപ്പ് വിജയത്തെപ്പറ്റി ഷറഫലി തന്നെ പറയുന്നത് കേൾക്കൂ: “വിജയഗോൾ ഞാനൊരിക്കലും മറക്കില്ല. നമ്മുടെ പോസ്റ്റിൽനിന്നു ചാക്കോ എനിക്കു പന്തു നൽകി.ഞാനും തോബിയാസും അത് സാൽഗോക്കർ ബോക്സിന് അടുത്തെത്തിച്ചു.പന്ത് ഞാൻ വിജയനു നൽകി. വിജയൻ തിരിച്ചു നൽകിയ പന്ത് ഒരു ചിപ്പിങ് ക്രോസിലൂടെ, ഓടിയെത്തിയ പാപ്പച്ചനു ഞാൻ നൽകി.പാപ്പച്ചന്റെ കിടിലൻ ഹെഡർ! വീണു കിടന്ന ഞാൻ …തലയുയർത്തിയപ്പോഴതാ ഗാലറി ഇളകി മറിയുന്നു……!!!”

1990 ഏപ്രിൽ 29നു തൃശൂരിൽ സാൽഗോക്കർ ഗോവയെ 2–1നു കീഴടക്കിയാണു പൊലീസിന്റെ ആദ്യ ഫെഡറേഷൻ കപ്പ് വിജയം.കേരള ഫുട്ബോളിനു രാജ്യത്തു തന്നെ മേൽവിലാസം നൽകിയത് പോലീസിന്റെ ആ വിജയമായിരുന്നു.

 

ചിറകുവച്ച ചാക്കോ,പറപ്പൂരുകാരൻ പാപ്പച്ചൻ നീണാൾ വാഴട്ടെ…ഇതൊക്കെയായിരുന്നു അന്നത്തെ കാലത്തെ പത്രങ്ങളുടെ മാസ്സ് ഹെഡ്ഡിംഗ്.മലയാളിയെ ഇന്നുകാണുന്ന കാൽപന്ത് കളിയുടെ ആരവങ്ങളിലേക്കെത്തിച്ചതിൽ കേരള പോലീസിനോളം പങ്ക് മറ്റൊരു ടീമിനുമില്ല എന്നതാണ് വാസ്തവം.ഇതിൽ സത്യനും ലിസ്റ്റനും സി.ജാബിറും മരിച്ചുപോയവരുടെ  കൂട്ടത്തിലുള്ളവരാണെങ്കിൽ മറ്റുള്ളവരൊക്കെ ജീവിച്ചിരിക്കെ തന്നെ വിസ്മൃതിയിലായവരുടെ കൂട്ടത്തിലുമുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: