ബോക്സിങ്ങ് രംഗത്ത് കേരളത്തിന്റെ പ്രതാപകാലം തിരികെക്കൊണ്ടുവരാൻ തന്റെ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് ബോക്സിങ് താരം മേരികോം. കേരളത്തിൽ നിന്നെത്തുന്ന കുട്ടികൾക്ക് മണിപ്പുരിലെ തന്റെ അക്കാദമിയിൽ സൗജന്യമായി പരിശീലനം നൽകാൻ തയ്യാറാണെന്നും മേരികോം പറഞ്ഞു.
കേരള ഗെയിംസിന്റെ ഭാഗമായി ഒളിമ്പിക് അസോസിയേഷൻ സംഘടപ്പിച്ച ആദരവ് ഏറ്റുവാങ്ങാൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വന്നപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കെ. സി. ലേഖ, ശ്രുതിമോൾ, സ്വപ്ന തുടങ്ങിയ മികച്ച താരങ്ങൾ കേരളത്തിലുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറേക്കാലമായി കേരളത്തിൽനിന്ന് ദേശീയതലത്തിൽ മികവുറ്റ താരങ്ങൾ ഉയർന്നുവരുന്നില്ല. ഇത് നിരാശാജനകമാണ്.
ഒളിമ്പിക് മെഡൽ ജേതാക്കളായ രവികുമാർ ദഹിയ, ബജറങ് പുനിയ എന്നിവരും മേരി കോമിനൊപ്പം എത്തിയിരുന്നു. കോവിഡിനു ശേഷം കളിക്കളങ്ങൾ വീണ്ടും സജീവമാകാൻ കേരള ഗെയിംസ് സഹായിക്കുമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ഹോക്കിതാരം പി. ആർ ശ്രീജേഷ് പറഞ്ഞു.