സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്നു നിലവിൽ വന്നു. ഇതനുസരിച്ച് സിറ്റി, ടൗണ്‍, സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ ഉൾപ്പെടെയുള്ള ഓർഡിനറി, ഗ്രാമീണ സർവീസുകളുടെ മിനിമം നിരക്കും വർധിച്ചു. ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടു രൂപയിൽനിന്ന് 10 രൂപയായാണ് വർധിച്ചത്. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 25 രൂപയിൽ നിന്ന് 30 രൂപയായി .
ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെഎസ്ആർടിസിയുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളുടെ നിരക്കുകളും വർധിച്ചു. അഞ്ച് കിലോമീറ്ററാണ് മിനിമം ദൂരത്തിൽ ഫാസ്റ്റുകളിൽ സഞ്ചരിക്കാവുന്ന ദൂരം. സൂപ്പർ ഫാസ്റ്റുകളുടേത് 10 കിലോ മീറ്ററും.
അതേസമയം എക്പ്രസ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ എയർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, സെമീ സ്ലീപ്പർ, സിംഗിൾ ആക്സിൽ സർവീസുകൾ, മൾട്ടി ആക്സിൽ സർവീസുകൾ, ലോ ഫ്ളോർ എസി എന്നിവയുടെ മിനിമം നിരക്ക് വർധിപ്പിച്ചിട്ടില്ല.