തിരുവനന്തപുരം: സമരപരമ്പരകള്‍ക്കൊടുവില്‍ പത്തിമടക്കി സ്ഥലംമാറ്റിയ ഇടത്ത് ജോലിയില്‍ പ്രവേശിച്ച് കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന് നേതാക്കള്‍. അസോസിയേഷന് പ്രസിഡന്റ് എം.ജി. സുരേഷ്കുമാര്‍ പെരിന്തല്‍മണ്ണയിലെ ഓഫീസിലും ജനറല്‍ സെക്രട്ടറി ബി. ഹരികുമാര്‍ പാലക്കാട് സര്‍ക്കിള്‍ ഓഫീസിലുമാണ് ചുമതലയേറ്റത്.
നിശ്ചയിച്ചിരുന്ന പ്രക്ഷോഭ പരിപാടികളും അസോസിയേഷന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.
പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ കണക്കിലെടുത്തായിരുന്നു തീരുമാനം. െവെദ്യുതി മന്ത്രിയുമായി അസോസിയേഷന് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഓഫീസേഴ്സ് അസോസിയേഷന് നേതാക്കളായ എം.ജി. സുരേഷ് കുമാര്‍, കെ. ഹരികുമാര്‍, ജാസ്മിന് ബാനു തുടങ്ങിയവരുടെ സ്ഥലംമാറ്റം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭ പരിപാടികളില്‍നിന്ന് പിന്നോട്ടില്ലെന്നായിരുന്നു സംഘടനയുടെ പ്രഖ്യാപനം. കെ.എസ്.ഇ.ബി. ചെയര്‍മാന്റെ നടപടികള്‍ക്കെതിരേ പ്രതികരിച്ച് നാലു മുതല്‍ കേരളത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മേഖലാജാഥകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
സസ്പെന്ഷന് നടപടിയുടെ ഭാഗമായുള്ള കുറ്റപത്രത്തിന്, സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെയ്ത കാര്യങ്ങള്‍ക്കാണ് നടപടി നേരിടേണ്ടി വന്നതെന്നും ജോലിയില്‍ വീഴ്ച വരുത്തിയിട്ടില്ല എന്നും മറുപടി നല്‍കിയിരുന്നു. സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ അംഗീകരിച്ച സാഹചര്യത്തില്‍ അസോസിയേഷന് നേതാക്കള്‍ക്കെതിരേ കൂടുതല്‍ നടപടി ഉണ്ടാകില്ലെന്നാണ് സൂചന.