SportsTRENDING

പഞ്ചാബിനെ പഞ്ചറാക്കി ലഖ്‌നൗ

പുനെ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ 20 റണ്‍സിന് കീഴടക്കി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനാവാതെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. ജയത്തോടെ ഒമ്പത് കളികളില്‍ 12 പോയന്‍റുമായാണ് ലഖ്നൗ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മൂന്നാം സ്ഥാനത്തെത്തിയത്. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയന്‍റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 153-8, പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 133-8.

154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനും ചേര്‍ന്ന് 4.4 ഓവറില്‍ 35 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടു. എന്നാല്‍ അഞ്ചാം ഓവറില്‍ മായങ്കിനെ(17 പന്തില്‍ 25)ചമീരയുടെ പന്തില്‍ രാഹുല്‍ പറന്നു പിടിച്ചതോടെ പഞ്ചാബിന്‍റെ കഷ്ടകാലം തുടങ്ങി. പിന്നാലെ ശിഖര്‍ ധവാനെ(5) രവി ബിഷ്ണോയ് ക്ലീന്‍ ബൗള്‍ഡാക്കി. ഭാനുക രജപക്സെയെ(9) ക്രുനാല്‍ മടക്കിതോടെ 58-3ലേക്ക് തകര്‍ന്ന പഞ്ചാബിന് ലിയാം ലിവിംഗ്‌സ്റ്റണും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് വിജയപ്രതീക്ഷ നല്‍കി.

എന്നാല്‍ മികച്ച ഫോമിലുള്ള ലിവിംഗ്‌സ്റ്റണെ(16 പന്തില്‍ 18) മടക്കി മൊഹ്സിന്‍ ഖാന്‍ പഞ്ചാബിന്‍റെ പ്രതീക്ഷകള്‍ എറിഞ്ഞിട്ടു. പൊരുതി നിന്ന ബെയര്‍സ്റ്റോ(28 പന്തില്‍ 32)ചമീരക്ക് മുമ്പില്‍ വീണു. പിന്നാലെ ജിതേഷ് ശര്‍മയും(2),കാഗിസോ റബാഡയും(2) രാഹുല്‍ർ ചാഹറും(4) കൂടി മടങ്ങിയതോടെ പഞ്ചാബിന്‍റെ പ്രതീക്ഷയറ്റു. റിഷി ധവാന്‍(21) നടത്തിയ പോരാട്ടത്തിന് പഞ്ചാബിന്‍റെ തോല്‍വിഭാരം കുറക്കാനെ കഴിഞ്ഞുള്ളു.

ലഖ്നൗവിനായി മൊഹ്സിന്‍ നാലോവറില്‍ 24 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചമീര നാലോവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റും ക്രുനാല്‍ പാണ്ഡ്യ നാലോവറില്‍ 11 റണ്‍സിന് രണ്ട് വിക്കറ്റുമെടുത്തു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 153 റണ്‍സെടുത്തത്. 46 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്‍റണ്‍ ഡീ കോക്കും 34 റണ്‍സെടുത്ത ദീപക് ഹൂഡയും മാത്രമാണ് ലഖ്നൗവിനായി പൊരുതിയത്. പഞ്ചാബിനായി കാഗിസോ റബാഡ നാലും രാഹുല്‍ ചാഹര്‍ രണ്ടും വിക്കറ്റെടുത്തു.

Back to top button
error: