ന്യൂമാഹി: കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും വേണ്ടി ജില്ലാ പഞ്ചായത്ത് നിർമ്മിച്ച എം.മുകുന്ദൻ പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായി. മെയ് ഒന്ന് ഞായർ മുതൽ പാർക്ക് തുറന്ന് പ്രവർത്തിക്കുന്നതിൻ്റെ ഭാഗമായി ഇ.വിജയൻ മാസ്റ്റർ ചെയർമാനായി സംഘാടക സമിതി രൂപവത്കരിച്ചു.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഇ.വിജയൻ മാസ്റ്റർ, എം.ടി.ഡി.സി.യുടെ എം.ഡി. ഇ.വൈശാഖ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.കെ.സുരേഷ് ബാബു, സെക്രട്ടറി ഇ.എൻ.സതീഷ് ബാബു, ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു, വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ എന്നിവർ പ്രസംഗിച്ചു.
വിസ്മയ പാർക്ക് സംരഭകരായ എം.ടി.ഡി.സിക്കാണ് പാർക്കിൻ്റെ നടത്തിപ്പ്.
പാർക്കിലേക്കുള്ള പ്രവേശനത്തിന് 50 രൂപയാണ് ഫീസ്. കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും നിരക്കിൽ ഇളവുണ്ട്. വൈകുന്നേരം അഞ്ചിന് പാർക്ക് തുറക്കും. ഇതിൻ്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനം മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗസൽ സന്ധ്യയുമുണ്ടാവും.