IndiaNEWS

തമിഴ്നാട്ടിൽ ഗവർണർ – സർക്കാർ പോര്; വിസി നിയമനം ഏറ്റെടുക്കാൻ സ്റ്റാലിൻ സർക്കാർ നീക്കം തുടങ്ങി

ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർ സർക്കാർ പോര് കടുക്കുന്നു. സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കുന്ന നിയമനിർമാണത്തിന് സർക്കാർ നീക്കം തുടങ്ങി. ഗവർണർ ആർ.എൻ. രവി വിളിച്ച വൈസ് ചാൻസലർമാരുടെ ദ്വിദിന സമ്മേളനം ഊട്ടിയിൽ നടക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാർ പുതിയ പോർമുഖം തുറക്കുന്നത്. ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.കെ.പൊൻമുടിയാണ് വൈസ് ചാൻസലർ നിയമനാധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. നിലവിൽ ഗവർണറാണ് വൈസ് ചാൻസലർ നിയമനത്തിൽ തീരുമാനമെടുക്കുന്നത്. ഇത് പ്രായോഗികമായി വലിയ പ്രതിസന്ധികൾ ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽ പോലും സംസ്ഥാന സർക്കാരിന്റെി സേർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന മൂന്ന് പേരിൽ ഒരാളെയാണ് വൈസ് ചാൻസലറായി നിയമിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മറികടന്ന് ഗവർണർ പ്രത്യേക അധികാരം ഉപയോഗിക്കുന്നത് ജനാധിപത്യത്തെ അവമതിക്കലാണെന്നും സ്റ്റാലിൻ സഭയിൽ പറഞ്ഞു.

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണർമാരെ നീക്കണമെന്ന് ശുപാർശ ചെയ്യുന്ന മുൻ ചീഫ് ജസ്റ്റിസ് മദൻ മോഹൻ പുഞ്ചി കമ്മീഷന്റെ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടും സ്റ്റാലിൻ ഉദ്ധരിച്ചു. ഗവർണർ ഊട്ടിയിൽ വിളിച്ചുചേർത്ത കേന്ദ്ര, സംസ്ഥാന, സ്വകാര്യ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ സമ്മേളനം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ നീക്കം. അണ്ണാ ഡിഎംകെയും ബിജെപിയും ബില്ലിനെ എതിർത്തു. നീറ്റ് പരീക്ഷ ഒഴിവാക്കണം എന്നതടക്കം സംസ്ഥാന സർക്കാർ പാസാക്കിയ പത്ത് ബില്ലുകളെങ്കിലും ഗവർണർ രാഷ്ട്രപതിക്ക് അയക്കാത്തതിനാൽ രാജ്ഭവനിൽ കെട്ടിക്കിടപ്പുണ്ട്. ഇതിനിടെ സ്വന്തം അധികാരം വെട്ടിക്കുറയ്ക്കാൻ ശുപാർശ ചെയ്യുന്ന ബിൽ ഗവർണർ ആർ.എൻ.രവി രാഷ്ട്രപതിക്ക് കൈമാറുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ ഒരാഴ്ചയായി ഗവർണർ പങ്കെടുക്കുന്ന പരിപാടികൾ സംസ്ഥാന മന്ത്രിമാർ ബഹിഷ്കരിക്കുകയാണ്. ഗവർണറുടെ പൊതു പരിപാടികളിൽ ഭരണസഖ്യത്തിന്റെ കരിങ്കൊടി പ്രതിഷേധവും തുടരുന്നു.

Back to top button
error: