ആഗോള സമ്പദ് വ്യവസ്ഥകളുടെ ചുവടു പിടിച്ച് ഇന്ത്യയും പലിശ നിരക്ക് ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് മുന്‍ ആര്‍ബിഐ തലവന്‍ രഘുറാം രാജന്‍. പണപ്പെരുപ്പത്തിനെതിരെയുള്ള യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. പണപ്പെരുപ്പം ഇന്ത്യയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ ചെയ്യുന്നതു പോലെ പലിശ നിരക്ക് വര്‍ധിപ്പിക്കണമെന്ന് രാജന്‍ അഭിപ്രായപ്പെട്ടു.
ഉയരുന്ന പണപ്പെരുപ്പ നിരക്കിനുള്ള നടപടി എന്ന നിലയില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വും പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി നിരക്ക് ഉയര്‍ത്തിയിട്ടില്ല. നിലവില്‍ രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് ഉയരുകയാണ്. 6.9 ശതമാനമാണ് ഇപ്പോള്‍ നിരക്ക്. മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 14.5 ലേക്കും ഉയര്‍ന്നിട്ടുണ്ട്.
ചില രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമുഖരും കരുതുന്നതുപോലെ പോളിസി നിരക്ക് ഉയര്‍ത്തുന്നത് വിദേശ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്ന ദേശ വിരുദ്ധ പ്രവര്‍ത്തനമല്ല. മറിച്ച് അത് സാമ്പത്തിക സ്ഥിരതയ്ക്കുള്ള നിക്ഷേപമാണ്. അതിന്റെ ഗുണഭോക്താക്കള്‍ ഇന്ത്യന്‍ പൗരന്‍മാരാണ്-രാജന്‍ വ്യക്തമാക്കി. കോവിഡിന് ശേഷം സാവധാനം ചലിക്കാന്‍ തുടങ്ങിയ സമ്പദ് വ്യവസ്ഥയ്ക്ക് പെട്ടന്നുള്ള നിരക്ക് വര്‍ധന വലിയ പ്രതിസന്ധിയാകും എന്നതാണ് പലിശ നിരക്ക് അതേ പടിയില്‍ നിലനിര്‍ത്താന്‍ കാരണം.