കണ്ണൂർ: ഹരിദാസൻ വധമോ അതിൽ അറസ്റ്റിലായ പ്രതിയെപ്പറ്റിയോ അയാൾക്ക് ഒളിച്ചിരിക്കാൻ വീടൊരുക്കി കൊടുത്ത അധ്യാപികയെപ്പറ്റിയോ ചർച്ച ചെയ്യാതെ പ്രതി ഒളിച്ചിരുന്ന സ്ഥലം ചർച്ച ചെയ്യുന്ന മലയാളത്തിലെ മാധ്യമങ്ങളുടെ ആവേശം കാണാതെ പോകരുത്.എങ്ങോട്ടാണ് നിങ്ങളുടെ പോക്ക്. മുഖ്യമന്ത്രിയുടെ വീട് സ്ഥിതിചെയ്യുന്ന സ്ഥലം ആയതുകൊണ്ട് തന്നെ അതായിരുന്നു രണ്ടുമൂന്നു ദിവസങ്ങളായി മിക്ക മാധ്യമങ്ങളുടെയും ഹൈലൈറ്റ്.പിന്നാലെ പ്രതിയെ ഒളിപ്പിക്കാൻ ശ്രമിച്ചവരെ സിപിഐഎം ആക്കി ചിത്രീകരിക്കാനുള്ള വെമ്പലും.കൊന്നത് ആർഎസ്എസുകാരാണ്.പ്രതിയെ ഒളിപ്പിച്ച അധ്യാപിക ബിജെപ്പിക്കാരിയും.ശബരിമല വിഷയത്തിൽ ഉൾപ്പടെ അവരത് പ്രകടിപ്പിച്ചിട്ടുമുണ്ട്.ഇനി അവരെ ജാമ്യത്തിൽ ഇറക്കിയതാരാണ് ? തലശേരി നഗരസഭാ കൗണ്സിലറും ബിജെപി നേതാവുമായ അജേഷ്.ഇനിയെന്തു തെളിവാണ് നിങ്ങൾക്ക് വേണ്ടത്.എന്നാലും തലശ്ശേരി അമൃത സ്കൂളിലെ ഇംഗ്ലീഷ് ടീച്ചറും ധർമ്മടം പാലയാട്ടെ ശ്രീനന്ദനത്തിൽ പ്രശാന്തിന്റെ ഭാര്യയുമായ പി.എം രേഷ്മ നിങ്ങൾക്ക് സിപിഐഎംകാരിയാണെങ്കിൽ ആയിക്കോട്ടെ
വിരോധമില്ല.എന്നാലും കൊലചെയ്യപ്പെട്ട ഹരിദാസനെപ്പറ്റി രണ്ടു വാക്ക്…ങുഹും. നിങ്ങൾ എഴുതില്ല.കാരണം കൊലചെയ്യപ്പെട്ടത് സിപിഐഎംകാരനെന്നും കൊന്നത് ആർഎസ്എസ്കാരെന്നും നിങ്ങൾക്ക് എഴുതേണ്ടി വരും.അതിനാൽ നിങ്ങളത് എഴുതില്ല. കഷ്ടം! ഇത്രകണ്ട് അധഃപതിച്ചു പോയല്ലോ കേരളത്തിലെ മാധ്യമങ്ങൾ !! ചുവപ്പ് കണ്ടാൽ കാളയ്ക്ക് കലി കയറുമെന്നാണ് പറച്ചിൽ.തെറ്റല്ല.മാധ്യമ തൊഴുത്തിലെ മൂരികൾക്കും ഇത് ബാധകമാണ് എന്ന് മാത്രം.
ആർഎസ്എസുകാരുടെ നിഷ്ഠൂരമായ കൊലപാതകത്തിൽ കൊല്ലപ്പെട്ട പുന്നോലിലെ ഹരിദാസൻ ഒരു മത്സ്യത്തൊഴിലാളിയായിരുന്നു.ഒരു അക്രമപ്രവർത്തനത്തിലും ഏർപ്പെട്ടിട്ടില്ല. ജീവിച്ചിരുന്ന കാലത്ത് ഒരു ക്രിമിനൽ കേസിലും ഉൾപ്പെട്ടിട്ടില്ല. തികച്ചും സാധാരണക്കാരനായ ഒരു തൊഴിലാളിയായിരുന്നു.പക്ഷേ ഹരിദാസൻ സഖാവായിരുന്നു. അതായിരുന്നു ആർ എസ് എസിന് ഹരിദാസനെ കൊലചെയ്യാനുള്ള കുറ്റകൃത്യം.ഇപ്പോൾ മാധ്യമങ്ങൾ വ്യാജ വാർത്ത സൃഷ്ടിക്കുന്നതിൽ മത്സരിക്കുന്നതിന് പിന്നിലും അതാണ്- അയാളൊരു സഖാവായിരുന്നു!
ഫെബ്രുവരി ഇരുപത്തിയൊന്ന് തിങ്കളാഴ്ച്ച പ്രഭാതത്തിൽ സ്വന്തം വീടിനു മുന്നിൽ വെച്ചാണ് സഖാവ് ഹരിദാസനെ നാല് ബൈക്കുകളിൽ വന്ന ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുപതോളം ഗുരുതരമായ വെട്ടുകളേറ്റു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രതികൾ വ്യക്തമായും ആർ എസ് എസ് പ്രവർത്തകരായിരുന്നു. മുൻപേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയ ക്രിമിനലുകളുണ്ടായിരുന്നു കൂട്ടത്തിൽ. പെട്ടെന്നുള്ള ഒരു വഴക്കോ ആകസ്മിക സാഹചര്യമോ അല്ല കൊലപാതകത്തിൻ്റെ കാരണമെന്നും ഹരിദാസനെ കൊല്ലാൻ മൂന്നുതവണ മുൻപേ ആസൂത്രണം ചെയ്തെന്നും പോലീസ് കണ്ടെത്തി.ബിജെപിയുടെ വാർഡ് കൗൺസിലറടക്കം ഗൂഢാലോചനയിൽ അറസ്റ്റ് ചെയ്യപ്പെട്ടു.
നിജിൽദാസിന്റെ അറസ്റ്റോടെ തികച്ചും സാധാരണക്കാരനായ ഒരു തൊഴിലാളിയുടെ രക്തത്തിനുള്ള നീതിയാണ് നിർവ്വഹിക്കപ്പെടുന്നത്. നാടിൻ്റെ സമാധാനാന്തരീക്ഷം തകർക്കുക എന്ന ലക്ഷ്യത്തോടെ നടന്ന അരുംകൊലയുടെ പ്രതികളും കൂട്ടുപ്രതികളുമാണ് പിടിക്കപ്പെടുന്നത്.
മാധ്യമങ്ങൾക്ക് ഹരിദാസൻ്റെ ഫോട്ടോക്ക് ഭംഗി കുറവായിരിക്കും. കൂട്ടുപ്രതിയുടെ പല പോസിലുള്ള ചിത്രങ്ങളും അവരുടെ ഗ്രഹനിലയും ജാതകവും പിന്നെ ഗൾഫിൽ കിടക്കുന്ന അവരുടെ ഭർത്താവിൻ്റെ രാഷ്ട്രീയവംശാവലിയും കണ്ടെത്തുന്ന അന്വേഷണാത്മക മാധ്യമധർമ്മത്തിൻ്റെ ലഹരിയിൽ ഈ ചിത്രം കാണില്ലെന്നറിയാം.അതിനാൽ ഇതിവിടെ കിടക്കട്ടെ…