KeralaNEWS

കൊലക്കേസ് പ്രതിക്ക് ഒളിത്താവളം ഒരുക്കിയ രേഷ്മയ്ക്ക് നേരെ കടുത്ത സൈബ‍ര്‍ ആക്രമണം

കണ്ണൂ‍ർ: കൊലക്കേസ് പ്രതിക്ക് ഒളിത്താവളം ഒരുക്കിയതിന് പിടിയിലായതിന് പിന്നാലെ രേഷ്മയ്ക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണം. സ്ത്രീ എന്ന പരിഗണ പോലും നൽകാതെ അപമാനിക്കുകയാണെന്നും കർശന നിയമ നടപടി സ്വീകരിക്കുമെന്നും രേഷ്മയുടെ അഭിഭാഷകൻ അറിയിച്ചു. സൈബർ ആക്രമണങ്ങൾ അംഗീകരിക്കില്ലെന്ന് പറഞ്ഞ എംവി ജയരാജൻ പക്ഷെ പ്രതി ഒളിവിലുള്ള വീട്ടിൽ പോയി രേഷ്മ ഭക്ഷണം വിളമ്പിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു.

പിണറായി പാണ്ട്യാല മുക്കിലെ മയിൽപീലി വീട്ടിൽ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് ഏഴ് ദിവസമാണ്. വീട് നൽകിയതും പുറത്ത് നിന്ന് പൂട്ടിയ വീട്ടിൽ ഒളിച്ച് കഴിഞ്ഞ നിജിലിന് ഭക്ഷണം എത്തിച്ച് നൽകിയതും സുഹൃത്ത് രേഷ്മയാണെന്ന് പൊലീസ് പറയുന്നു. പ്രതിയെ സഹായിച്ചതിന് രേഷ്മ അറസ്റ്റിലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ രേഷ്മയുടെ ചിത്രം ഉപയോഗിച്ച് അപകീർത്തി പോസ്റ്റുകൾ നിറയുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണം ഇടത് ഗ്രൂപ്പുകളിലും വ്യാപകം. സൈബർ ആക്രമണങ്ങളെ അംഗീകരിക്കില്ലെന്ന് പറഞ്ഞ എംവി ജയരാജൻ പക്ഷെ പ്രതി ഒളിവിലുള്ള വീട്ടിൽ പോയി രേഷ്മ ഭക്ഷണം വിളമ്പിയതിനെ നിഷ്കളങ്കമായി കാണാനാകില്ലെന്നാണ് പറയുന്നത്.

അധ്യാപികയ്ക്കെതിരെയുള്ള അപവാദ പ്രചാരണം ഉടൻ അവസാനിപ്പിക്കണമെന്നും സൈബർ ആക്രമണം തുടർന്നാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നും രേഷ്മയുടെ അഭിഭാഷകൻ അറിയിച്ചു. കേസിൽ ഇന്നലെ ജാമ്യത്തിൽ ഇറങ്ങിയ രേഷ്മ തത്കാലം മാധ്യമങ്ങളുമായി സംസാരിക്കില്ലെന്നാണ് അറിയിച്ചത്.

Back to top button
error: