BusinessTRENDING

ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മുകളിലുള്ള ബാങ്ക് കൊള്ള അവസാനിക്കുന്നു; പുതിയ നിര്‍ദേശങ്ങളുമായി ആര്‍ബിഐ

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിതരണവും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവന്ന് റിസര്‍വ് ബാങ്ക്. ക്രെഡിറ്റ് കാര്‍ഡുകള്‍ക്കു മുകളില്‍ ബാങ്കുകള്‍ നടത്തുന്ന കൊള്ള തടയാന്‍ ആര്‍ബിഐയുടെ ഈ പുതിയ നിര്‍ദേശങ്ങള്‍ക്ക് കഴിയും. ഉപയോക്താവിന് ആവശ്യമില്ലാതെ ക്രെഡിറ്റ് കാര്‍ഡുകള്‍ അടിച്ചേല്‍പിക്കാനോ ചാര്‍ജുകള്‍ ഈടാക്കാനോ ബാങ്കുകള്‍ക്ക് സാധിക്കില്ല. കുടിശിക അടച്ചു തീര്‍ത്തിട്ടും കാര്‍ഡ് ക്ലോസ് ചെയ്യാതെ ചാര്‍ജ് ഈടാക്കുന്ന രീതിയും ഇനി ഉണ്ടാവില്ല. ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ രാജ്യത്തെ എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍ക്കും എല്ലാ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ക്കും ബാധകമാകും. നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് കാലതാമസം ഉണ്ടായാല്‍ ബാങ്ക് കാര്‍ഡ് ഉടമയ്ക്ക് പിഴ നല്‍കേണ്ടതായും വരും.

ആര്‍ബിഐയുടെ പുതിയ നിര്‍ദേശങ്ങള്‍ ഇങ്ങനെ:

Signature-ad

1) കാര്‍ഡ് ഉടമ എല്ലാ കുടിശ്ശികയും അടച്ചശേഷം ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നതിനായി അഭ്യര്‍ത്ഥിച്ചു കഴിഞ്ഞാല്‍ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ ഈ അഭ്യര്‍ത്ഥനയില്‍ നടപടി സ്വീകരിക്കണം

2) അപേക്ഷ ലഭിച്ച് ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ബാങ്കിന് സാധിച്ചില്ലെങ്കില്‍ ബാങ്ക്, കാര്‍ഡ് ഉടമയ്ക്ക് പിഴ നല്‍കേണ്ടതാണ്. പ്രതിദിനം 500 രൂപയാണ് പിഴ.

3) ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യുന്നതിനെ കുറിച്ച് കാര്‍ഡ് ഉടമയെ ഇമെയില്‍, എസ്എംഎസ് മുതലായവ മുഖേന അറിയിക്കേണ്ടതാണ്.

4) ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനായി വിവിധ മാര്‍ഗങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്.

5) ഇ-മെയില്‍-ഐഡി, ഹെല്‍പ്പ്ലൈന്‍, ഇന്ററാക്ടീവ് വോയ്സ് റെസ്പോണ്‍സ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍-ആപ്പ് എന്നിങ്ങനെയുള്ള വഴികള്‍ കാര്‍ഡ് ഉടമയ്ക്ക് ഉപയോഗിക്കാന്‍ സാധിക്കണം.

6) തപാല്‍ മുഖേനയോ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ അപേക്ഷ അയയ്ക്കാന്‍ കാര്‍ഡ് ഉടമയെ കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക് നിര്‍ബന്ധിക്കരുത്.

7) കാര്‍ഡ് ഉടമ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍, ബാങ്കിന് കാര്‍ഡ് ഉടമയെ അറിയിച്ചതിന് ശേഷം ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്യുന്ന നടപടി ആരംഭിക്കാവുന്നതാണ്.

8) 30 ദിവസത്തിനുള്ളില്‍ കാര്‍ഡ് ഉടമയില്‍ നിന്ന് മറുപടി ലഭിച്ചില്ലെങ്കില്‍ ബാങ്കിന് അക്കൗണ്ട് ക്ലോസ് ചെയ്യുന്ന നടപടികള്‍ ആരംഭിക്കാം.

9) കാര്‍ഡ് നല്‍കിയ ബാങ്ക് 30 ദിവസത്തിനുള്ളില്‍ കാര്‍ഡ് ക്ലോസ് ചെയ്ത വിവരം ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയെ അറിയിക്കുകയും വേണം.

10) ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്തതിന് ശേഷം, ഏതെങ്കിലും ക്രെഡിറ്റ് ബാലന്‍സ് ഉണ്ടെങ്കില്‍ അത് കാര്‍ഡ് ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം.

Back to top button
error: