പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചത് പാർട്ടി ഒറ്റക്കെട്ടായാണെന്ന് പി. ജയരാജൻ. ഭരണ രംഗത്ത് നല്ല പരിചയമുള്ള ആളാണ് ശശി. ഞാൻ കൂടി പങ്കാളിയായ സംസ്ഥാന കമ്മിറ്റിയാണ് നിയമനം തീരുമാനിച്ചതെന്നും ജയരാജൻ പറഞ്ഞു.
പാർട്ടി കമ്മിറ്റിയിലെ ചർച്ച പുറത്തുപറയാനാകില്ല. ഇതുമായി ബന്ധപ്പെട്ട മറ്റ് വാർത്തകൾ മാധ്യമ സൃഷ്ടിയെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതിനെതിരേ സിപിഎം സംസ്ഥാന സമിതിയിലാണ് ജയരാജൻ രൂക്ഷ വിമർശനം ഉയർത്തിയത്. നിയമനത്തിൽ സൂക്ഷ്മത പുലർത്തണമായിരുന്നുവെന്നാണ് ജയരാജൻ ആവശ്യപ്പെട്ടിരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രത വേണമായിരുന്നു. ശശിക്കെതിരേ പാർട്ടിയിൽ എന്തിന്റെ പേരിലാണോ നടപടി എടുത്തത്, അതേ തെറ്റുകൾ ആവർത്തിക്കാൻ ഇടയുണ്ടെന്നും ജയരാജൻ സംസ്ഥാന സമിതിയിൽ പറഞ്ഞതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.