KeralaNEWS

സംസ്ഥാനത്ത്  ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത്  ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടും എന്നും അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

മഴ തുടരുമെങ്കിലും കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. തെക്കൻ അറബിക്കടലിലും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ്  മഴയ്ക്ക് കാരണം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Signature-ad

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വടക്കൻ തമിഴ് നാട് തീരത്ത് ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത നാല് ദിവസം ഇടി മിന്നലൊടു കൂടിയ മഴ തുടരാനും ഏപ്രിൽ 19 ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

– ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– കുട്ടികൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

Back to top button
error: