പി ശശിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുന്നതിനേച്ചൊല്ലി സിപിഐഎം സംസ്ഥാന സമിതിയോഗത്തില്‍ അഭിപ്രായ ഭിന്നത. നിയമനത്തെ എതിര്‍ത്ത് സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാ ജന്‍ രംഗത്തെത്തി. പി ശശിയുടെ നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നെന്ന് പി ജയരാജന് ചൂണ്ടിക്കാട്ടി. പി ശശി മുന്‍പ് ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു.
ജയരാജന്റെ വിയോജിപ്പില്‍ കോടിയേരി ബാലകൃഷ്ണന് അതൃപ്തി പ്രകടിപ്പിച്ചു. നിയമനം ചര്‍ച്ച ചെയ്യുമ്പോഴല്ല എതിര്‍പ്പ് അറിയിക്കേണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞു. സംസ്ഥാന സമിതിയില്‍ അല്ലേ ചര്‍ച്ച ചെയ്യാന്‍ പറ്റൂ എന്ന് പി ജയരാജന് തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയിലേക്ക് രണ്ടാം ഊഴമാണ് പി ശശിയെ തെരഞ്ഞെടുത്തത്. നേരത്തെ ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പി ശശി സേവനം ആനുഷ്ടിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന് ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്കും നിയോഗിക്കപ്പെട്ടിട്ടുണ്ട്.