‘മനശ്ശാസ്ത്രജ്ഞനോടു ചോദിക്കൂ’
അഭിഷേക് നെടുമ്പുറത്ത്
വര: നിപുകമാർ
“വീട്ടുകാര്യങ്ങൾ മാത്രം നോക്കി അടങ്ങിയൊതുങ്ങി കഴിഞ്ഞ ഉത്തമകുടുംബിനിയാരുന്നു സാറേ എൻ്റെ ഭാര്യ ദീനാമ്മ…”
കറിയാച്ചൻ മനശ്ശാസ്ത്രജ്ഞൻ്റെ മുന്നിൽ ഒരു കുറ്റവാളിയെപ്പോലെ ഇരുന്നു.
അയാൾ സ്വന്തം താടിയൊന്ന് തടവി കറിയാച്ചനെ നോക്കി സംഭാഷണം തുടരാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.
“പറ്റില്ലെന്ന് അവള് കട്ടായം പറഞ്ഞതാ. എന്നിട്ടും ഞാനാ നിർബന്ധിച്ച് പഞ്ചായത്ത് ഇലക്ഷനിൽ നിർത്തിയത്…”
മനശ്ശാസ്ത്രജ്ഞൻ കൗതുകത്തോടെ കേട്ടിരുന്നു.
“പന്ത്രണ്ട് വോട്ടിനാ തോറ്റത്. അതോടെ ദീനാമ്മയുടെ രാഷ്ട്രീയബന്ധവും അവസാനിച്ചെന്നാ കരുതിയത്. പക്ഷേ..”
കറിയാച്ചൻ ഇടയ്ക്ക് നിർത്തി.
“എന്നിട്ട്… വിശദമായി പറയൂ കറിയാച്ചാ”
മനശ്ശാസ്ത്രജ്ഞൻ വീണ്ടും പ്രോത്സാഹിപ്പിച്ചു.
” പിന്നെയാ രാഷ്ട്രീയം അവളുടെ തലയ്ക്കു പിടിച്ചത് മനസ്സിലാകുന്നത്. ഭാഷ തന്നെ മാറി. ഭർത്താവായ ഞാൻ ഒരു ചായ ചോദിച്ചാൽ മുമ്പൊക്കെ ഒരക്ഷരം മിണ്ടാതെ കൊണ്ടുവന്നു തന്നിരുന്നവൾ ഇപ്പോൾ ‘പരിഗണിക്കാം’ എന്നൊക്കെയാ പ്രതികരിക്കുന്നത്. ചായ കിട്ടിയാലായി. കിച്ചൺ കാബിൻ തുറന്നപ്പോൾ തലയിൽ വീണ പല്ലിയ്ക്ക് ‘നികൃഷ്ട ജീവി’ എന്ന വിളി കേൾക്കേണ്ടി വന്നു. അയൽപക്കത്തെ സാറാമ്മയും കുടുംബവും താമസത്തിനു വന്നകാലം മുതലേ ശത്രുക്കളായിരുന്നു. ഇപ്പോൾ ദീനാമ്മയ്ക്ക് അവർ ശത്രുക്കളല്ല, ‘വെറുക്കപ്പെട്ടവർ’ ആണത്രേ! കള്ളുകുടിച്ച് രാത്രി വീട്ടുപടിക്കലെത്തുമ്പോൾ അസഭ്യം പറയാറുണ്ടായിരുന്ന മത്തായിയെ പണ്ട് ഇവൾ തന്തയ്ക്കു വിളിച്ചിരുന്നു. ഈയിടെ ‘പിതൃശൂന്യാ’ എന്നു സംബോധന ചെയ്തു കൊണ്ടാണ് ചീത്ത വിളിച്ചത്. കൺഫ്യൂഷനടിച്ച് മത്തായി കുടി നിർത്തി ധ്യാനത്തിനു പോയെന്നാ നാട്ടുകാർ പറയുന്നത്. എല്ലാം പോട്ടെന്നു വയ്ക്കാം, അന്ത്രുക്കോയയുടെ മോൻ ഉസ്മാൻ ഗൾഫ് വിട്ടു നാട്ടിലെത്തിയിട്ട് കൊല്ലം പതിനാറായി. എങ്കിലും എന്നും ഉസ്മാനെ ഫോണിൽ വിളിച്ച് വിദേശ മലയാളികളുടെ സുഖവിവരങ്ങൾ തിരക്കും…!”
കറിയാച്ചൻ പറഞ്ഞവസാനിപ്പിച്ച് മനശ്ശാസ്ത്രജ്ഞനെ നോക്കി.
അയാൾ കുറച്ചു സമയം ആലോചനയിലാണ്ടു. പിന്നെ ഗൗരവഭാവത്തോടെ പറഞ്ഞു തുടങ്ങി:
” നിങ്ങൾക്കിടയിലെ പ്രണയം തിരിച്ചു കൊണ്ടു വരണം…. ..ഐ മീൻ… വിവാഹശേഷമുള്ള ആദ്യ നാളുകളിൽ എങ്ങനെയൊക്കെ പെരുമാറിയിരുന്നോ ആ സ്നേഹവും ത്രില്ലും ജീവിതത്തിൽ പുനർജ്ജനിക്കേണ്ടിയിരിക്കുന്നു. അതുമാത്രമാണ് ദീനാമ്മയെ പഴയ വീട്ടമ്മയിലേക്ക് ട്രാൻസ്ഫോം ചെയ്യിക്കാനുള്ള പ്രതിവിധി. പ്രണയാന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഞാൻ ചില സൂത്രങ്ങളൊക്കെ പറഞ്ഞു തരാം…”
മനശ്ശാസ്ത്രജ്ഞൻ കറിയാച്ചന് ചില സൂത്രവിദ്യകൾ നിർദ്ദേശിച്ചു.
സന്തോഷത്തോടെയാണ് കറിയാച്ചൻ വൈകിട്ട് വീട്ടിലെത്തിയത്.
മൊബൈൽ ഫോണുമായി ചാരുകസേരയിലിരുന്ന് യൂട്യൂബിൽ ലാലേട്ടന്റെ സിനിമകളിലെ പ്രണയരംഗങ്ങൾ ശ്രദ്ധയോടെ കണ്ടു. കമലഹാസന്റേയും അല്ലു അർജ്ജുനന്റേയും ചിത്രങ്ങളുടെ ക്ലിപ്പിംഗുകളും ഇമ്രാൻ ഹാഷ്മിയുടെ തീപാറുന്ന പ്രേമവും സേർച്ച് ചെയ്ത്
സിരകളെ ചൂടുപിടിപ്പിച്ചു. ഷാരൂഖ് ഖാന്റെ ‘ദിൽവാലേ ദുൽഹനിയാ ലേജായേംഗേ’ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ദീനാമ്മ അത്താഴത്തിന് വിളിച്ചത്.
രാത്രി പാർട്ടിസമ്മേളനത്തിന്റെ വാർത്തകൾ ടി.വി.യിൽ കണ്ടശേഷമാണു ദീനാമ്മ കിടപ്പുമുറിയിലെത്തിയത്.
അരികെ കട്ടിലിൽ വന്നു കിടന്നപ്പോൾ അതുവരെ അക്ഷമനായി കാത്തു കിടന്ന കറിയാച്ചനിലെ നിത്യഹരിതകാമുകൻ ദീനാമ്മയെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു.
“പ്രായമിത്രയുമായില്ലേ, ഇനിയെങ്കിലും വിരമിച്ചു കൂടേ…?”
കൈതട്ടിമാറ്റിക്കൊണ്ടു ദീനാമ്മ ആക്രോശിച്ചു.
ഒരുനിമിഷം സ്തബ്ധനായിപ്പോയെങ്കിലും കറിയാച്ചൻ പെട്ടെന്ന് പിടിവിട്ടു.
“ഭാഗ്യം! എന്നോട് വിരമിക്കാനല്ലേ ആവശ്യപ്പെട്ടുള്ളൂ ? പകരം യുവാക്കൾക്ക് അവസരം നൽകണമെന്ന് അവൾ പറയാതിരുന്നതു തന്നെ വലിയ കാര്യം…!”
അയാൾ ആശ്വാസത്തോടെ തിരിഞ്ഞു കിടന്നു.
മനശ്ശാസ്ത്രജ്ഞൻ്റെ പൊടികൈകൾ ഫലം കാണാതെ പോയതിൻ്റെ നിരാശയുണ്ടായിരുന്നു കറിയാച്ചൻ്റെ ആത്മഗതത്തിൽ.