IndiaNEWS

മുഖ്യമന്ത്രി വരുമോ എന്ന് കുട്ടി, ആദിവാസി വീട് സന്ദര്‍ശിച്ച് സ്റ്റാലിൻ, ഭക്ഷണവും കഴിച്ച് മടക്കം

ചെന്നൈ: തമിഴ്നാട്ടിലെ ആദിവാസി വിഭാഗമായ നരിക്കുറുവരുടെ വീട് സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരുവള്ളൂർ ജില്ലയിലെ ആവടി നരിക്കുറുവ കോളനിയിലാണ് മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രി വീട്ടിലേക്ക് വരുമോയെന്ന് ഈ വിഭാഗത്തിലെ ബാലിക ദിവ്യ സാമൂഹിക മാധ്യമത്തിലൂടെ സ്റ്റാലിനോട് ചോദിച്ചിരുന്നു. വീട്ടിലെത്തി ഭക്ഷണവും കഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.

മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിയെ തേടി ആവടി നരിക്കുറുവ കോളനിയിൽ നിന്ന് ഒരു പരാതിയെത്തി. കുടിവെള്ളമില്ല, പഠിക്കാനുള്ള സൗകര്യങ്ങളില്ല എന്നൊക്കെ മുഖ്യമന്ത്രിയോട് സാമൂഹിക മാധ്യമത്തിലൂടെ ഒരു പെൺകുട്ടി വിളിച്ചുപറഞ്ഞു. ഇതുകണ്ട സ്റ്റാലിൻ അന്നുതന്നെ പരാതി പറഞ്ഞ ദിവ്യ എന്ന പെൺകുട്ടിയെ വീഡിയോ കോളിൽ വിളിച്ചു. പരാതികളൊക്കെ പരിഹരിക്കാമെന്ന ഉറപ്പുനൽകി. തങ്ങളുടെ വീട്ടിലേക്ക് മുഖ്യമന്ത്രി വരുമോ എന്ന് ചോദിച്ച ദിവ്യയോട് ഒരിക്കൽ വരാമെന്ന ഉറപ്പും സ്റ്റാലിൻ നൽകി.

ആ വാക്കുപാലിച്ചാണ് മുഖ്യമന്ത്രി എത്തിയത്. കോളനികൾക്കുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഉദ്ഘാടനം ആവടിയിൽ വച്ച് നടത്താൻ മുഖ്യമന്ത്രി നി‍ർദേശിച്ചു. ആവടി ബസ് സ്റ്റാൻഡിന് സമീപമുള്ള ദിവ്യയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. മാലകൾ നി‍ർമിച്ചുവിറ്റാണ് ദിവ്യയുടെ അച്ഛൻ കുമാർ ജീവിക്കുന്നത്. അതിലൊരു മാല ചാർത്തിയാണ് മുഖ്യമന്ത്രിയെ കുടുംബം സ്വീകരിച്ചത്. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും വിവിധ ആനുകൂല്യങ്ങളുടെ വിതരണവും മുഖ്യമന്ത്രി സന്ദർശനത്തിനിടെ നിർവഹിച്ചു.

Back to top button
error: