NEWS

യു എ ഇ യിലെത്തിയത് രണ്ടര ടണ്‍ കണിക്കൊന്ന പൂവ്

അബുദാബി :യുഎഇയിലെ മലയാളികള്‍ക്ക് വിഷുക്കണി ഒരുക്കാനായി കടല്‍ കടന്നെത്തിയത് രണ്ടര ടണ്‍ കണിക്കൊന്ന പൂവ്.മുപ്പത്തിരണ്ട് വര്‍ഷത്തോളമായി യുഎഇയിലേയ്ക്ക് കൊന്നപ്പൂ എത്തിക്കുന്ന തമിഴ്നാട്ടുകാരനായ എസ് പെരുമാള്‍ തന്നെയാണ് ഇക്കുറിയും കൊന്നപ്പൂ  കയറ്റുമതി ചെയ്തിരിക്കുന്നത്.
യു എ ഇ യിലെ ചെറുകിട കച്ചവടക്കാര്‍ക്ക് മുതല്‍ ലുലു ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വരെ ‘പെരുമാള്‍ ഫ്ലവേഴ്സ്’ കണിക്കൊന്ന എത്തിച്ചു നല്‍കിയിട്ടുണ്ട്.മൂന്ന് ദിവസം കൊണ്ട് കൊന്നപ്പൂ ഉള്‍പ്പടെ 11 ടണ്‍ പൂക്കള്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തിച്ചതായി പെരുമാള്‍ വ്യക്തമാക്കുന്നു.കണിക്കൊന്ന സുരക്ഷിതമായി കടല്‍ കടത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഐസ് ബോക്സിലിട്ട് പാക്ക് ചെയ്തതുകൊണ്ട് കേടുപാടുകള്‍ സംഭവിക്കാതെ പുതുമയോടെത്തന്നെ വിപണിയിലെത്തിക്കാൻ സാധിച്ചു- പെരുമാള്‍ പറയുന്നു.

കോയമ്ബത്തൂരില്‍ നിന്നാണ് കൊന്നപ്പൂക്കള്‍ വില്പനയ്ക്കായി യുഎഇയിൽ എത്തിച്ചത്.40 ദിര്‍ഹമാണ് ഒരു കിലോ കൊന്നപ്പൂവിന്റെ വില. അതായത് 830 രൂപ.അഞ്ച് മുതല്‍ പത്ത് ദിര്‍ഹത്തിനു വരെ ലഭിക്കുന്ന രീതിയില്‍ ചെറിയ പാക്കറ്റുകളിലായും കൊന്നപ്പൂ നല്‍കിയിട്ടുണ്ട്.ഇതിനൊപ്പം തന്നെ കണി ഒരുക്കാന്‍ കണിവെള്ളരി. വഴയില, കണ്ണിമാങ്ങ, ചക്ക, വാല്‍ക്കണ്ണാടി എന്നിവയും കയറ്റുമതി ചെയ്തതായി പെരുമാള്‍ പറയുന്നു.

Back to top button
error: