ന്യൂഡൽഹി :ജി.എസ്.ടിയില്‍ നല്‍കിവരുന്ന നഷ്ടപരിഹാരം നിര്‍ത്തുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന വരുമാനനഷ്ടം ഒഴിവാക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
ജി.എസ്.ടി നിലവില്‍ വന്നപ്പോള്‍ ഉള്ള വരുമാനത്തിലെ ഇടിവ് പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇത് നിര്‍ത്തുന്ന സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ്.പ്രത്യേക പ്രൊജക്ടുകള്‍ക്കുള്ള ധനസഹായമായോ, പ്രത്യേക തീരുവ ചുമത്താന്‍ അനുവാദം നല്‍കിയോ, അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യത വരാത്ത രീതിയിലുള്ള കടമെടുപ്പിന് അനുമതി നല്‍കുകയോയാവും കേന്ദ്ര സര്‍ക്കാര്‍ ചെയ്യുക.
എന്നാല്‍, ഹിമാചല്‍പ്രദേശ് പോലുള്ള മലയോര സംസ്ഥാനങ്ങള്‍ക്കാവും പ്രത്യേക പാക്കേജ് ലഭിക്കുകയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.നേരത്തെ പശ്ചിമബംഗാള്‍, ഹിമാചല്‍പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ജി.എസ്.ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.2022 ജൂൺ മുതലാണ് ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്ര സർക്കാർ നിര്‍ത്തുന്നത്.