KeralaNEWS

കണ്ണീരുകൊണ്ടെഴുതിയ ഒരു 10 വയസുകാരിയുടെ ജീവിത കഥ.

കൊച്ചി: ഈ ഉന്തുവണ്ടിയിലാണ് 10 വയസുകാരിയായ ഡൈനീഷ്യയുടെ ജീവിതപാഠം. പരീക്ഷ കഴിഞ്ഞ് കൂട്ടുകാ‌ർ കളിച്ചുചിരിച്ചുനടക്കുമ്പോൾ നാലാം ക്ലാസുകാരിയായ അവൾ ഉന്തുവണ്ടിയുമായി നിരത്തിലേക്കിറങ്ങും.

“അങ്കിളേ, ഇന്ന് ഒരു അച്ചാറുപോലും വിറ്റില്ല…”
എന്ന് സങ്കടത്തോടെ പറയുന്ന അവളുടെ മുഖത്ത് രോഗിയായ അച്ഛന്റെയും കാഴ്ചയില്ലാത്ത അമ്മയുടെയും വേദന നിറയും.
കുടുംബം പോറ്റാൻ ഉന്തുവണ്ടിക്കടയിൽ അച്ചാർ വിൽക്കുകയാണ് 10 വയസു തികയാത്ത ഡൈനീഷ്യ. പള്ളുരുത്തി മേരി കോട്ടേജിൽ യേശുദാസിന്റെയും ജെസിയുടെയും ഏകമകളാണ് ഡൈനീഷ്യ യേശുദാസ്. പള്ളുരുത്തി ഇ.എസ്.ഐ റോഡിലാണ് ഒരുവർഷമായി ഈ ഉന്തുവണ്ടിക്കട.

സ്വന്തമായി വീടില്ലാത്ത ഡൈനീഷ്യക്ക് ലക്ഷ്യങ്ങൾ പലതുണ്ട്

“ചെറുപ്പം മുതലേ അമ്മയ്ക്ക് കണ്ണ് കാണില്ല, ചെവിയും കേൾക്കില്ല. ശസ്ത്രക്രിയ ചെയ്താൽ കാഴ്ചകിട്ടുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അപ്പന് നട്ടെല്ലിൽ മൂന്ന് ദ്വാരങ്ങളുണ്ട്. അതിൽനിന്ന് പഴുപ്പ് വരും. അപ്പൻ നേരത്തെ പെയിന്റ് പണിക്ക് പോകുമായിരുന്നു. ഇപ്പോൾ അതിനാവില്ല. ലോട്ടറി വിൽക്കുന്നുണ്ടെങ്കിലും കാര്യമായ വരുമാനമില്ല. അങ്ങനെയാണ് അച്ചാറ് വില്പന തുടങ്ങിയത്.”

ഡൈനീഷ്യയുടെ പിതാവിന്റെ കൂട്ടുകാരാണ് അച്ചാർ നൽകുന്നത്. മീൻ, വെളുത്തുള്ളി, ഇഞ്ചി, മാങ്ങ, നാരങ്ങ തുടങ്ങി പലവിധ അച്ചാറുകളുണ്ട്.
മീൻ അച്ചാറിന് 90 രൂപ, മറ്റുള്ളവയ്ക്ക് 50 രൂപ. ഒരു അച്ചാർ വിറ്റാൽ അതിൽ പകുതിപ്പണം ഡൈനീഷ്യയ്ക്ക് ലഭിക്കും. ബാക്കി അച്ചാർ നൽകുന്നവർക്കുള്ളതാണ്. അദ്ധ്യാപകരും സുഹൃത്തുക്കളുമൊക്കെയാണ് അച്ചാർ വാങ്ങുന്നത്.

ക്ലാസുള്ളപ്പോൾ അച്ഛൻ കടയിലിരിക്കും. വൈകിട്ട് അഞ്ചിന് ഡൈയനീഷ്യ എത്തും. ഏഴു വരെ അവിടെയുണ്ടാവും. വീട്ടിലെത്തി ഒമ്പതുവരെ പഠിക്കും. ഇപ്പോൾ മുഴുവൻ സമയവും കടയിൽ തന്നെ. തോപ്പുംപടി ഔവർ ലേഡി കോൺവെന്റ് ഗേൾസ് എൽ.പി സ്കൂളിലാണ് പഠിക്കുന്നത്. അച്ഛന്റെ ഇളയ സഹോദരന്റെ വീട്ടിലെ ചെറിയമുറിയിലാണ് മൂവരും കഴിയുന്നത്.

Back to top button
error: