KeralaNEWS

കെ-സ്വിഫ്റ്റ് ബസുകള്‍ ആദ്യയാത്രയില്‍ അപകടത്തില്‍പ്പെട്ട സംഭവം: ഡ്രൈവര്‍മാരുടെ ഭാഗത്ത് വലിയ വീഴ്ച; ജോലിയില്‍നിന്ന് നീക്കി

തിരുവനന്തപുരം: പുതുതായി സര്‍വ്വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി – സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരേ മാനേജ്മെന്റ് നടപടി. അപകടത്തില്‍പ്പെട്ട ബസുകള്‍ ഓടിച്ച ഡ്രൈവര്‍മാരെ ജോലിയില്‍ നിന്ന് നീക്കംചെയ്തതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

ഏപ്രില്‍ 11-ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും ഏപ്രില്‍ 12-ന് രാവിലെ 10.25-ന് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ വെച്ചുമാണ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്. ഇന്റേണല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ അപകടം സംഭവച്ചതില്‍ ഡ്രൈവര്‍മാരുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.

കോടികള്‍ വലിയുള്ള ബസുകളാണ് കെ-സ്വിഫ്റ്റിന്റെ ഭാഗമായി കെഎസ്ആര്‍ടിസി റോഡിലിറക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു ബസ് അപകടത്തില്‍പ്പെടുമ്പോള്‍ വലിയ നഷ്ടം കെഎസ്ആര്‍ടിസിക്കുണ്ടാകും. അപകടങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടിരുന്നു. ബസുകളെ കട്ടപ്പുറത്താക്കി സ്വിഫ്റ്റ് സര്‍വീസിനെ പൊളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ അപകടം എന്ന് സംശയിക്കുന്നുവെന്ന് കെ.എസ്.ആര്‍.ടി.സി എംഡി കത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ-സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസുകള്‍ ഫ്ളാഗ് ഓഫ് ചെയ്തത്. ഇക്കൂട്ടത്തിലെ രണ്ട് ബസുകളാണ് അപകടത്തില്‍പ്പെട്ടത്.

 

Back to top button
error: