KeralaNEWS

കാവ്യാ മാധവനെ ഇന്ന് ചോദ്യം ചെയ്യും, കാവ്യ ശഠിച്ചതു പോലെ ആലുവയിലെ ‘പത്മസരോവര’ത്തിൽ തന്നെ

  കൊച്ചി: ഒടുവിൽ കാവ്യാ മാധവനെ ആലുവയിലെ ദിലീപിന്റെ ‘പത്മസരോവരം’ വീട്ടിൽ വച്ച് ഇന്ന് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണ സംഘത്തിൻ്റെ ചോദ്യം ചെയ്യൽ.
പോലീസ് ക്ലബ്ബിൽ എത്താനാണ് ആദ്യം കാവ്യയോട് അന്വേഷണ സംഘം നിർദേശിച്ചത്. എന്നാൽ, സാക്ഷിയായതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ അവകാശമുണ്ടെന്ന നിലപാടിൽ ഉറച്ചു നിന്നു കാവ്യ. അങ്ങനെയാണ് വീട്ടിൽവെച്ച് ചോദ്യം ചെയ്യണമെന്ന് കാവ്യ ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് ചോദ്യംചെയ്യൽ കാര്യത്തിൽ അവ്യക്തത ഉടലെടുത്തു. തുടർന്ന് അന്വേഷണ സംഘം നിയമോപദേശം തേടാൻ തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെ വീട്ടിൽവച്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

നടിയെ ആക്രമിച്ച കേസിൽ സാക്ഷിയാണ് കാവ്യ മാധവൻ. കാവ്യയ്ക്ക് കേസിൽ പങ്കുണ്ടെന്ന അന്വേഷണസംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിർണായക ശബ്ദരേഖ പുറത്തുവന്നതോടെയാണ് ചോദ്യംചെയ്യാൻ തീരുമാനിച്ചത്. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങൾക്ക് കാരണമെന്നാണ് ശബ്ദരേഖയിൽ പറയുന്നത്.
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ വീട്ടിലെത്തി ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. കേസിലെ സാക്ഷിയായതും സ്ത്രീയെന്ന പരി​ഗണനയും കാവ്യയ്ക്ക് ലഭിക്കുമെന്നും നിയമോപദേശത്തിൽ പറയുന്നു.

Signature-ad

തിങ്കളാഴ്ച രാവിലെ ആലുവ പോലീസ് ക്ലബ്ബിൽ ഹാജരാകാൻ ആദ്യം നോട്ടീസ് നൽകിയപ്പോൾ, ചെന്നൈയിലുള്ള താൻ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂ എന്നും അതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തോട് അപേക്ഷിച്ചു. ഇതേത്തുടർന്നാണ് ചോദ്യംചെയ്യൽ മാറ്റിയത്.

ഇതിനിടെ ദിലീപിന്റെ സഹോദരൻ അനൂപിന്റെയും സുരാജിന്റെയും വീടിനു മുന്നിൽ നോട്ടിസ് പതിപ്പിച്ചു. അനൂപ്, സുരാജ് എന്നിവരെ പലതവണ ഫോണിൽ വിളിച്ചിട്ടും എടുത്തില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതേത്തുടർന്നാണ് ഇന്ന് (ബുധൻ)പോലീസ് ക്ലബ്ബിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് ഇരുവരുടെയും വീടുകളിൽ നോട്ടീസ് പതിപ്പിച്ചത്.

Back to top button
error: