കോട്ടയം: റെയില്‍വേട്രാക്കില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.കോട്ടയം സ്റ്റേഷന് അരക്കിലോമീറ്റര്‍ തെക്ക് ഭാഗത്താണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്.വൈകിട്ട് 6.45നാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് കേരള എക്സ്പ്രസ് കടന്നുപോയ പിന്നാലെയാണ് തെക്ക് ഭാഗത്തേക്കുള്ള വഴിയില്‍ രണ്ടാമത്തെ ടണലിന് സമീപം ഉയരത്തിലുള്ള മണ്‍തിട്ടയുടെ ഭാഗങ്ങള്‍ ഇടിഞ്ഞ് പാളത്തിലേക്ക് പതിച്ചത്.സമീപമുണ്ടായിരുന്ന തൊഴിലാളികളാണ് സംഭവം കണ്ടത്.ഉടന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ഈ സമയം സ്റ്റേഷനിലെത്തിയ വേണാട് എക്സ്പ്രസ് അവിടെ പിടിച്ചിട്ടു. ചെന്നൈ സൂപ്പര്‍ തിരുവല്ലയിലും തിരുവനന്തപുരം –- സില്‍ച്ചാര്‍ എക്സ്പ്രസ് ചങ്ങനാശേരിയിലും പിടിച്ചിട്ടു. ട്രാക്കിലെ മണ്ണ് നീക്കിയശേഷം വേണാട് 7.45നാണ് സ്റ്റേഷന്‍ വിട്ടത്.പിടിച്ചിട്ട മറ്റ് ട്രെയിനുകളും മുക്കാല്‍ മണിക്കൂറോളം വൈകിയാണ് യാത്ര തുടര്‍ന്നത്.