NEWSWorld

അളവറ്റ സ്വപ്നങ്ങളുമായി അറബി നാട്ടിൽ തൊഴിൽ തേടി പോയി, ഒടുവിൽ തീരാ ദുരിതങ്ങളുമായി തിരിച്ചെത്തി; സുനിൽ പുരുഷോത്തമൻ്റെ ജീവിതം കരളലിയിക്കുന്ന കഥ

ത് ആറ്റിങ്ങൽ വക്കം സ്വദേശി സുനിൽ പുരുഷോത്തമൻ്റെ ജീവിത കഥ. ഏത് ശിലാ ഹൃദയൻ്റെയും കരളലിയിക്കുന്ന കഥ…!

അളവറ്റ സ്വപ്നങ്ങളുമായാണ് സുനിൽ പുരുഷോത്തമൻ എന്ന ആ ചെറുപ്പക്കാരൻ ദുബായിൽ ജോലി അന്വേഷിച്ചു പോയത്. പല നാളത്തെ കഠിന പരിശ്രമത്തിനൊടുവിൽ ഒരു ചെറിയ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ലഭിച്ചു. പരിമിതവരുമാനമുള്ള ആ തൊഴിൽ അയാൾ സന്തോഷത്തോടെ തുടർന്നു വരികയായിരുന്നു.

പക്ഷേ വിധി അവിടെയും അയാളെ ക്രൂരമായി വേട്ടയാടി. കഴിഞ്ഞ ഡിസംബർ 12 ന് വാഹനം ഓടിക്കുന്നതിനിടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സുനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രോഗം ഗുരുതരമായി സ്ട്രോക്കിലേക്കും കോമയിലേക്കും മാറി. തുടർന്ന് മൂന്നര മാസത്തോളം സുനിൽ പുരുഷോത്തമൻ ദുബായ് റാഷിദ്‌ ഹോസ്പിറ്റലിൽ അബോധാവസ്‌ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞു.
ഇദ്ദേഹം ജോലി ചെയ്തിരുന്നത് ഒരു ചെറിയ കമ്പനി ആയതിനാൽ ആശുപത്രിയിലെ ഭാരിച്ച ചിലവുകൾ ഏറ്റെടുക്കാൻ അവർ സന്നദ്ധരായില്ല.
ആ സാഹചര്യത്തിൽ, ആരുടെയും തുണയില്ലാതെ വെന്റിലേറ്ററിലായിരുന്ന സുനിലിനെ ജനറൽ വാർഡിലേയ്ക്കു മാറ്റി. ഒടുവിൽ ഡിസ്ചാർജ് ചെയ്ത് നാട്ടിൽ കൊണ്ട് പോകാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു.
അങ്ങനെയാണ് സുനിൽ പുരുഷോത്തമന്റെ ഭാര്യ അടൂർ പ്രകാശ്‌ എം പിയുടെ സഹായം തേടിയത്.
വിദേശകാര്യ മന്ത്രി ജയ്ശങ്കറിനെയും ദുബായ് കോൺസുലേറ്റ് ജനറലിനെയും ഈ വിവരങ്ങൾ അടൂർ പ്രകാശ്‌ എം പി വേഗം അറിയിക്കുകയും സഹായങ്ങൾ തേടുകയും ചെയ്തു.
ദുബായിലെ ആറ്റിങ്ങൽ കെയർ പ്രവർത്തകരുടെ സഹായത്തോടെ ആശുപത്രിയിലെ ഭീമമായ ചിലവുകൾ പരിഹരിച്ചു. മെഡിക്കൽ ടീമിന്റെ എസ്കോർട്ടോടുകൂടി കഴിഞ്ഞ ദിവസം സുനിലിനെ നെടുമ്പാശ്ശേരിയിൽ എത്തിച്ചു.
ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് സുനിൽ പുരുഷോത്തമൻ.

അടൂർ പ്രകാശ്‌ എം.പി, ആറ്റിങ്ങൽകെയർ കോർഡിനേറ്റർ ഷാജി ഷംസുദീൻ, ആറ്റിങ്ങലിലെ എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകൻ ഷിബു എസ് മുക്കാല തുടങ്ങിയവർക്കും ദുബായ് ഇന്ത്യൻ കോൺസൽ ടീമിനും അതിലുപരി വിദേശകാര്യ മന്ത്രി ജയ്ശങ്കറിനും കുടുംബം നന്ദി അറിയിച്ചു.

Back to top button
error: