NEWS

മഴയാണ്; ആഹാരത്തിന്റെ കാര്യത്തിൽ അൽപ്പം ശ്രദ്ധയാവാം

ഴക്കാലത്തു വയറിളക്കം പോലുള്ള, അസുഖങ്ങളും ദഹന വൈഷമ്യങ്ങളും മറ്റും ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് വേവിക്കാത്ത ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുകയും കുടിക്കാൻ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുകയുമാണ് അഭികാമ്യം.തുറന്നുവച്ചിരിക്കുന്നതും ഏറെ തണുപ്പുള്ളതുമായ വസ്തുക്കൾ ഒഴിവാക്കണം.നന്നായി ചൂടാക്കി മാത്രമേ ഭക്ഷണം കഴിക്കാവൂ.ചെറു ചൂടോടെതന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.തണുപ്പുകാലത്ത് അണുബാധ ഉണ്ടാകുവാനുള്ള സാധ്യത ഏറെയായതിനാൽ ഇക്കാര്യത്തിലും ശ്രദ്ധ വേണം.അതുപോലെ പഴങ്ങളും പച്ചക്കറികളും അരിയും മറ്റും കഴുകുന്ന വെള്ളം പോലും വൃത്തിയുള്ളതായിരിക്കണം. ആഹാരശുചിത്വം പോലെതന്നെ വ്യക്തിശുചിത്വവും ഇക്കാലത്ത് ശ്രദ്ധിക്കണം.
 
 

വൃത്തിയുള്ള സാഹചര്യങ്ങളിൽ തയാറാക്കിയ ഭക്ഷണവും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആഹാരശൈലിക്കും വേണം ഈ സമയത്ത് മുൻഗണന കൊടുക്കാൻ. ഗോതമ്പ്, യവം എന്നിവയും ഇഞ്ചിക്കറി, രസം, ചെറുപയര്‍ പരിപ്പിട്ട സാമ്പാര്‍ തുടങ്ങിയവയും ചേന, ചേമ്പ്, പയര്‍, തഴുതാമ, തകര, ചീര തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.അരി കൊണ്ടുള്ള പലഹാരങ്ങൾ, ഗോതമ്പ് ഉപയോഗിച്ചുള്ള വിഭവങ്ങൾ,ചോളം തുടങ്ങിയവയും ഭക്ഷണത്തിന്റെ ഭാഗമാക്കാം.

 

വിശപ്പുകൂടുന്ന കാലമാണ് മഴക്കാലം. എന്നുകരുതി എന്തും വലിച്ചുവാരി അകത്താക്കിക്കളയാം എന്നു കരുതരുത്.സമയത്തും അസമയത്തും തണുപ്പകറ്റാൻ ചൂടുള്ള എന്തും വേണ്ടതിലേറെ അകത്താക്കാനുള്ള പ്രവണത ഈ സമയത്ത് ഏറെയാണ്. ആഹാരം ഏത് എന്ന പോലെ എത്രമാത്രം എന്ന കാര്യത്തിലും മിതത്വം പാലിക്കേണ്ട സമയമാണിത്. ഭക്ഷണം കൂടുതൽ കഴിച്ചാലും ശരീരത്തിന് നല്ലതല്ല എന്ന കാര്യം പ്രത്യേകം ഓർക്കണം.എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങൾ ഈ കാലത്ത് നമ്മുടെ ബലഹീനതയായി മാറുന്നു. ശരീരത്തിന് ആവശ്യമായതിനേക്കാൾ ഊർജം ഉണ്ടാകുന്നതുമൂലമാണ് തണുപ്പുകാലത്ത് ഭക്ഷണം കൂടുതൽ കഴിക്കാനുള്ള പ്രേരണ ഉണ്ടാകുന്നതുതന്നെ.വേഗത്തിൽ ദഹിക്കുന്ന ഭക്ഷണമാണ് ഇക്കാലത്ത് നല്ലത് എന്നുചുരുക്കം.

അതേപോലെ തണുപ്പും ദാഹമില്ലായ്മയുമൊക്കെ കാരണം മഴക്കാലത്ത് പലരുടെയും വെള്ളംകുടി ‘മുട്ടാറുണ്ട്’.ഈ ആരോഗ്യരീതി ശരിയല്ല. ശാരീരികപ്രവർത്തനം താരതതമ്യേന കുറവായതിനാൽ വിയർക്കുന്നതു കുറയുന്നതും അന്തരീക്ഷത്തിൽ ചൂടു കുറവാണ് എന്നുമൊക്കെ കരുതി ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യത്തിന് നന്നല്ല.ദാഹമില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണം.മറ്റു രോഗങ്ങളില്ലാത്തവർ 6–8 ഗ്ലാസ് വെള്ളം ദിവസേന കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂ എന്നുമാത്രം.അഞ്ചു മുതൽ എട്ടു മിനിറ്റോളം വെള്ളം വെട്ടിത്തിളയ്ക്കണം.തിളപ്പിക്കുന്ന അതേ പാത്രത്തിൽത്തന്നെ വെള്ളം സൂക്ഷിക്കുന്നതാണ് നല്ലത്.ചുക്കും മല്ലിയും പോലുള്ള വസ്തുക്കൾ ചേർത്ത് തിളപ്പിച്ച വെള്ളം നല്ലതാണ്..
തണുപ്പായതിനാൽ ഏതു നേരവും കാപ്പിയും ചായയും ആവാം എന്ന രീതിയും നന്നല്ല.ഇവ ആവശ്യത്തിലേറെയായാൽ ശരീരത്തിൽനിന്ന് മൂത്രത്തിലൂടെ ഏറെ ജലം നഷ്ടപ്പെടുകയും ക്ഷീണാവസ്ഥയ്ക്ക് വഴിവെക്കുകയും ചെയ്തേക്കാം.എന്നാൽ മല്ലിക്കാപ്പി, ചുക്കുകാപ്പി, കുരുമുളകുകാപ്പി തുടങ്ങിയവ ശരീരത്തിന് നല്ലതാണ്.
ലോകത്തിലെ തന്നെ ആദ്യത്തെ സൂപ്പ് എന്നു വിശേഷിപ്പിക്കാവുന്ന വിഭവമാണ് നമ്മുടെ കഞ്ഞി.ഒരു നേരമെങ്കിലും, പ്രത്യേകിച്ച് രാത്രിയിൽ കഞ്ഞിയായാൽ ഉത്തമം.കഞ്ഞിയും പ്രോട്ടീൻ സമ്പുഷ്ടമായ പയറും കപ്പയും കാച്ചിലും ചേമ്പും പുഴുക്കുമൊക്കെ മഴയത്ത് ആഹാരമാക്കണം.ഒപ്പം ചുട്ടെടുത്ത പപ്പടവും, ചമ്മന്തിയുമൊക്കെയായാൽ ഏറെ നന്ന്.ഇവ വയറിന് നല്ല സുഖവും ശോചനയെ സഹായിക്കുകയും ചെയ്യുന്ന ഘടകങ്ങളാണ്.കുരുമുളക്, കൊത്തമല്ലി, ചുക്ക്, ജീരകം, അയമോദകം എന്നിവ ചേർത്തുണ്ടാക്കുന്ന കഞ്ഞി മഴക്കാലത്തുണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഏറ്റവും നല്ലതാണ്.
ഇന്നു ലൈഫ്സ്റ്റൈൽ ഡിസീസസ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന പ്രമേഹം, അർബുദം, രക്തസമ്മർദം, ഹൃദ്രോഗം, പൊണ്ണത്തടി മുതലായ രോഗങ്ങളിൽ നിന്നും നമ്മുടെ പൂർവികർ ഏറെക്കുറെ മുക്തരായിരുന്നു എന്നകാര്യം മറക്കരുത്; കാരണവും!

Back to top button
error: