KeralaNEWS

വിവാഹനിശ്ചയം കഴിഞ്ഞ പെൺകുട്ടി ഡി.വൈ.എഫ്.ഐ നേതാവുമായി ഒളിച്ചോടി, മകളെ തട്ടിക്കൊണ്ടു പോയി എന്നാരോപിച്ച് രക്ഷകർത്താവും ബന്ധുക്കളും പോലീസ്റ്റേഷൻ മാർച്ച് നടത്തി

കോടഞ്ചേരി: സിപിഎം പ്രാദേശിക നേതാവ് ഇതരമതസ്ഥയായ പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയ സംഭവം വിവാദമാകുന്നു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച്‌ രക്ഷകർത്താവും ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്‌.ഐ വില്ലേജ് സെക്രട്ടറിയുമായ എം.എസ് ഷെജിന്‍ ആണ് വിദേശത്ത് നഴ്സായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയത്.

സ്വന്തം ഇഷ്ടമനുസരിച്ചാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും പെണ്‍കുട്ടി വ്യക്തമാക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജ്യോത്സ്ന ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷെജിന്‍ ജ്യോത്സനെയുമായി ഒളിവില്‍ കഴിയുന്നതെന്നുമാണ് ജ്യോത്സനയുടെ രക്ഷകർത്താക്കൾ ആരോപിക്കുന്നത്.

Signature-ad

ശനിയാഴ്ച വൈകീട്ടാണ് ഷെജിന്‍ ജ്യോത്സ്ന ജോസഫിനൊപ്പം ഒളിച്ചോടിയത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി.
മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തിയത്.

എന്നാൽ ഷെജിന്‍റെ നടപടിയെ സി.പി.എം തളളിപ്പറ‌യുന്നു. ഇരുവരെയും ഉടന്‍ കണ്ടെത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും പെണ്‍കുട്ടിയുമായി സംസാരിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും തിരുവമ്പാടി മുന്‍ എം.എല്‍.എയും സിപിഎം നേതാവുമായ ജോര്‍ജ്ജ് എം തോമസ് പറഞ്ഞു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന പിതാവിന്‍റെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം തുടങ്ങിയതായി കോ‍ടഞ്ചേരി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജ്ജി സമര്‍പ്പിച്ചിട്ടുമുണ്ട്.

Back to top button
error: