NEWS

പെസഹാപ്പം അഥവാ ഇണ്ട്രിയപ്പം 

കൃസ്ത്യാനികൾ ഈസ്റ്ററിന് തൊട്ട് മുൻപുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നു.യേശു തന്റെ അപ്പോസ്തോലന്മാരുമൊത്ത് അവസാനമായി കഴിച്ച അത്താഴത്തിന്റെ ഓർമക്കായാണ് ഈ ആചാരം.ദുഃഖവെള്ളിക്ക് തലേന്നാണ്  പെസഹാ വ്യാഴം.
ക്രിസ്തുവിന്റെ അന്ത്യത്താഴ വിരുന്നിന്റെ ഓർമ്മ പുതുക്കലിന്റെ ഭാഗമായി ക്രിസ്ത്യാനികൾ പെസഹ വ്യാഴത്തിൽ പെസഹ അപ്പം അഥവ ഇണ്ടറി(INRI) അപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളിൽ വെച്ച് കുടുംബത്തിലെ കാരണവർ അപ്പം മുറിച്ച് ഏറ്റവും പ്രായം കൂടി വ്യക്തി മുതൽ താഴോട്ട് കുടുംബത്തിലെ എല്ലാവർക്കുമായി നൽകുന്നു.കുരിശിനുമുകളിൽ എഴുതുന്ന “INRI” യെ (മലയാളത്തിൽ “ഇന്രി”) അപ്പവുമായി കൂട്ടി വായിച്ച് ഇന്രിയപ്പമെന്ന് പറയുന്നു.കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേർ ആയതാണെന്ന് പറയപ്പെടുന്നു.
വൃതാനുഷ്ഠാനങ്ങളുടെ പുണ്യം പേറി പെസഹാ ആചരിക്കുമ്പോൾ നമുക്കും ഉണ്ടാക്കാം പെസഹാ അപ്പം.പല സ്ഥലങ്ങളിലും പല രീതികളിലാണ് പെസഹ അപ്പം  ഉണ്ടാക്കുന്നത്‌.എങ്കിലും പൊതുവെ പെസഹാ അപ്പം പാകപ്പെടുത്തുന്ന രീതി നോക്കാം

ചേരുവകള്‍

വറുത്ത അരിപ്പൊടി – 2 1/2 കപ്പ്

Signature-ad

ഉഴുന്ന് 1/4 കപ്പ്

തേങ്ങ ചുരണ്ടിയത് – 1 കപ്പ്

ജീരകം – 1/2 ടേബില്‍ സ്പൂണ്‍

വെളുത്തുള്ളി – 3 അല്ലി

ഉള്ളി – 10 എണ്ണം

ഉപ്പ് ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

രണ്ടോ മൂന്നോ മണീക്കൂര്‍ നേരത്തേക്കു ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ക്കുക. പിന്നീട് ഉഴുന്ന്, തേങ്ങ ചുരണ്ടിയത്, ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ കുഴമ്പു പരുവത്തില്‍ മിക്സിയില്‍ അടിച്ചെടുക്കുക. ഇളം ചൂടുള്ള വെള്ളം അരിപ്പൊടിയിലൊഴിച്ചു കുഴക്കുക. മേല്പ്പറഞ്ഞ ചേരുവകളുടെ കുഴമ്പും ഉപ്പും അതിനോട് ചേര്‍ത്തു നന്നായി കുഴച്ചു വയ്ക്കുക. സ്റ്റീല്‍ പാത്രത്തില്‍ അല്പം എണ്ണ പുരട്ടി അതിലേക്ക് മാവ് പകര്‍ന്ന് വട്ടയപ്പം ഉണ്ടാക്കുന്നതു പോലെ പുഴുങ്ങിയെടുക്കുക.സാധാരണ കുടുംബ കുടുംബ നാഥന്‍ വിഭജിക്കുന്ന അപ്പത്തില്‍ തെങ്ങോല കൊണ്ട് കുരിശ് ഉണ്ടാക്കി പുഴുങ്ങുന്നതിനു മുമ്പേ പാത്രത്തിലേക്ക് പകര്‍ന്ന മാവിന്റെ മുകളില്‍ വക്കാറുണ്ട്.അങ്ങനെ കുരിശിന്‍റെ ആകൃതി അപ്പത്തില്‍ പതിയുന്നു. അതുകൊണ്ട് തന്നെ ഇതിനെ കുരിശപ്പം എന്നും വിളിക്കാറുണ്ട്.

 

 

അപ്പം ഉണ്ടാക്കുന്ന പാത്രത്തില്‍ വാഴയില വിരിച്ചാല്‍ പ്രത്യെക സ്വാദും സുഗന്ധവും ഉണ്ടാകും.

Back to top button
error: