NEWSWorld

ദുബായ് ഡാൻസ് ബാറിലേയ്ക്കു സ്ത്രീകളെ കടത്താൻ ശ്രമം; നര്‍ത്തകി അടക്കം ഏഴുപേര്‍ കുടുങ്ങി, 17 യുവതികളെ രക്ഷപ്പെടുത്തി

ബംഗളൂരു: ദുബായ് ഡാൻസ് ബാറിലേയ്ക്കു കടത്താൻ ശ്രമിച്ച17 യുവതികളെ സിറ്റി ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തി. ബംഗളൂരുവില്‍ നിന്നാണ് ദുബായിലേക്ക് സ്ത്രീകളെ കടത്താൻ ശ്രമിച്ചത്. സംഘത്തിലെ പ്രധാനപ്പെട്ട ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോപ്പളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ബസവരാജു ശങ്കരപ്പ കലാസാദ് (43), മൈസൂരുവിലെ നര്‍ത്തകി ആദര്‍ശ (28), തമിഴ്‌നാട്ടിലെ സേലം സ്വദേശി രാജേന്ദ്ര നാച്ചിമുട്ട് (32), ചെന്നൈയിലെ ആര്‍ട്ടിസ്റ്റ് ഏജന്റ് മാരിയപ്പന്‍ (44) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരു സ്വദേശി ചന്തു (20), പോണ്ടിച്ചേരി സ്വദേശി ടി അശോക് (29), തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി എസ് രാജീവ് ഗാന്ധി (35) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ദുബായിലേക്ക് കടത്തിയ 95 സ്ത്രീകളുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിക്കുകയും 17 പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
പ്രതികള്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വശീകരിച്ച് പ്രതിമാസം ലക്ഷങ്ങള്‍ സമ്പാദിക്കുകയായിരുന്നു പതിവ്. ഇവന്റ് മാനേജ്‌മെന്റ് കമ്പനികളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെയും ഇവര്‍ വലയിലാക്കി.
കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളെ സംഘം കെണിയിലകപ്പെടുത്തിയ ശേഷം ദുബായിലേക്ക് കൊണ്ടുപോകുകയാണ് പതിവ്. ദുബായിലെ ഡാന്‍സ് ബാറുകളുടെ ഉടമകളുമായി അറസ്റ്റിലായ സംഘത്തിന് ബന്ധമുണ്ടെന്നും അവർക്കു വേണ്ടിയാണ് സ്ത്രീകളെ കൊണ്ടു പോകുന്നതെന്നും അന്വേഷണസംഘത്തിന് തെളിവുകൾ ലഭിച്ചു. സംഘത്തിന്റെ വലയിലപ്പെട്ട ഒരു യുവതി ബംഗളൂരുവിലെ ഹെന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. പിന്നീട് കേസിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ അന്വേഷണത്തിനായി സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറുകയാണുണ്ടായത്.
ഇതിനോടകം എത്ര സ്ത്രീകളെ ദുബൈയിലേക്കു കടത്തിയിട്ടുണ്ടെന്നും അവർ അവിടെ എന്തു ജോലികൾക്കാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നും വിശദമായി അന്വേഷിക്കുകയാന്നെന്നും പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.

Back to top button
error: