NEWS

കാറ്റും മഴയും; പത്തനംതിട്ടയിൽ 50ലേറെ വീടുകൾ തകർന്നു

പത്തനംതിട്ട: ഒരാഴ്ചയിലേറെയായി ജില്ലയില്‍ തുടരുന്ന വേനല്‍മഴയില്‍ വ്യാപക നാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.റാന്നി കോന്നി, മല്ലപ്പള്ളി മേഖലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങൾ.ഒരു വീട് പൂര്‍ണമായും 50 വീടുകള്‍ ഭാ​ഗികമായും തകര്‍ന്നതായാണ് പ്രാഥമിക കണക്ക്.കൃഷി, വൈദ്യുതി മേഖലയുള്‍പ്പടെയുള്ളവയുടെ നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ.
മല്ലപ്പള്ളിയിലാണ് ഒരു വീട് പൂര്‍ണമായും തകര്‍ന്നത്.95,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.മല്ലപ്പള്ളി – 19, റാന്നി 21, കോന്നി 10 എന്നിങ്ങനെയാണ് ഭാ​ഗികമായി വീടുകള്‍ തകര്‍ന്നത്.മഴയോടൊപ്പം
ശക്തമായ കാറ്റാണ് മിക്ക പ്രദേശത്തും ഉണ്ടായത്.മരം വീടുകള്‍ക്കും വാഹനങ്ങൾക്കും മുകളില്‍ വീണ് ഒട്ടേറെ നാശം സംഭവിച്ചു.എവിടെയും ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.വരും ദിവസങ്ങളിലും വേനല്‍ മഴ ശക്തമാകുമെന്നാണ്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ്.
റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ ആൽമരം വീണ് രണ്ട് കടകൾ തകർന്നു.ബിസ്മി ലോട്ടറിക്കടയ്ക്കും ഗോപി റ്റീ ഷോപ്പിനുമാണ് നാശമുണ്ടായത്.ഭാഗ്യം കൊണ്ടാണ് ഇവിടെ ആളപായം ഉണ്ടാകാഞ്ഞത്.റബറും തെങ്ങും ഉള്‍പ്പെടെ വ്യാപകമായി കൃഷിനാശവും മേഖലയിൽ ഉണ്ടായിട്ടുണ്ട്.വൈദ്യുതി ലൈനുകള്‍ തകരാറിലായതിനെത്തുടര്‍ന്ന് പലയിടവും ഇരുട്ടിലായി.മഴയെത്തുടര്‍ന്ന് നദികളിലെ ജലനിരപ്പും ഉയര്‍ന്നിട്ടുണ്ട്.
റാന്നിയിൽ മഴയിലും കാറ്റിലും വീടിന് നാശനഷ്ടം സംഭവിച്ചവരുടെ വിശദ വിവരങ്ങൾ ദ്രുതഗതിയിൽ കണക്കാക്കാൻ റവന്യൂ, പഞ്ചായത്ത് അധികൃതർക്ക് ജില്ലാ കളക്ടർ ഡോ. ദിവ്യ . എസ്. അയ്യർ നിർദേശം നൽകി.ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ നിൽക്കുന്ന അപകടസാധ്യതയുണ്ടാക്കുന്ന കാലപ്പഴക്കമേറിയ മരങ്ങൾ മുറിച്ചുമാറ്റാനുള്ള നടപടികൾ പരിശോധിച്ചശേഷം സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
മാര്‍ച്ച്‌ മുതല്‍ ഏപ്രില്‍ എട്ട് വരെ ജില്ലയില്‍ ലഭിച്ച വേനല്‍ മഴ 212.2 മി. മീ. ആണ്.സാധാരണ ​ഗതിയില്‍ ലഭിക്കേണ്ടത് 106.8 മി. മീ ആണ്.തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴിയാണ് ഇപ്പോഴത്തെ മഴയുടെ കാരണം.

Back to top button
error: