NEWS

സംസ്ഥാനത്ത് കനത്ത കാറ്റും മഴയും; തിരുവനന്തപുരത്ത് ഒന്‍പത് പേര്‍ക്ക് മിന്നലേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്തമഴയിലും കാറ്റിലും വ്യാപക നാശനഷ്ടം.തിരുവനന്തപുരം പോത്തന്‍കോട് തൊഴിലുറപ്പ് ജോലിക്കിടെ ഒന്‍പത് പേര്‍ക്ക് മിന്നലേറ്റു.തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്തിലെ മണലകം വാര്‍ഡില്‍ ജോലി ചെയ്യുകയായിരുന്ന 9 പേര്‍ക്കാണ് മിന്നലേറ്റത്. ഇവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു.
കണ്ണൂർ കൂത്തുപറമ്ബ് കൈതേരിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു.കൈതേരിയിടം സ്വദേശി ജോയി (50) ആണ് മരിച്ചത്.
പത്തനംതിട്ടയില്‍ ഉച്ചയ്ക്ക് ശേഷം ആരംഭിച്ച മഴ ഇനിയും തോർന്നിട്ടില്ല. മലയോര മേഖലയില്‍ പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞ് വീണിട്ടുണ്ട്.കോന്നി, റാന്നി, പന്തളം, തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി മേഖലകളിലാണ് മഴ ശക്തമായി പെയ്യുന്നത്.
ആലപ്പുഴയില്‍ കുട്ടനാട് , അപ്പര്‍ കുട്ടനാട് മേഖലകളിലും മഴ ശക്തമായിരുന്നുവെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല.ഇടുക്കിയില്‍ വണ്ടിപ്പെരിയാറിലും നെടുങ്കണ്ടത്തുമാണ് മഴ ശക്തമായത്.
തൃശൂര്‍ നഗരത്തിലും ചാലക്കുടിയിലും മഴ ശക്തമായിരുന്നു.ഒല്ലൂരില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ക്ക് മുകളില്‍ മരംവീണു.ആളപായം ഇല്ല.
കോഴിക്കോട് മലയോര മേഖലയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം.കൊടുവളളി കിഴക്കോത്ത് വീടിനുമുകളില്‍ തെങ്ങ് കടപുഴങ്ങി വീണ് ഒരാള്‍ക്ക് പരിക്കേറ്റു.പന്നൂര്‍ കണ്ടംപാറക്കല്‍ ഷമീറയ്ക്കാണ് പരിക്കേറ്റത്.വീടിന്‍റെ മേല്‍ക്കൂര ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. ചക്കിട്ടപാറ,കൂരാച്ചുണ്ട് , വിലങ്ങാട് മേഖലകളില്‍ വ്യാപകമായി മരം കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായി.പലയിടങ്ങളിലും വൈദ്യുതി ബന്ധവും താറുമാറായി.
മലപ്പുറത്ത് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ മരംവീണു.മഞ്ചേരി, വേങ്ങര, പാണക്കാട്, കാരക്കുന്ന് മേഖലകളിലാണ് മലപ്പുറത്ത് കനത്ത മഴയും കാറ്റുമുണ്ടായത്.നിരവധി മരങ്ങള്‍ കടപുഴകി.വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു.മരങ്ങള്‍ വീണ് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി.വിനോദസഞ്ചാര കേന്ദ്രമായ കോട്ടക്കുന്നില്‍ മരങ്ങള്‍ വീണതിനെ തുടര്‍ന്ന് പാര്‍ക്ക് താത്ക്കാലികമായി അടച്ചു.
കനത്തമഴയും കാറ്റും തുടരുന്നതിനാൽ സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,ഇടുക്കി, എറണാകുളം, തൃശ്ശൂര്‍,മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Back to top button
error: