മുംബൈ: ഐസിസി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഉടന്‍ ദുബായില്‍ ചേരും. നിലവിലെ ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ മത്സരിക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഐസിസി നിയമപ്രകാരം ബാര്‍ക്ലെയ്ക്ക് രണ്ട് തവണ കൂടി മത്സരിക്കാം. എന്നാല്‍ ബാര്‍ക്ലേ മത്സരിക്കാനില്ലെന്ന നിലപാടെടുത്താല്‍ ബിസിസിഐ മുന്‍ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറിനെ മത്സരിപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നെന്നാണ് സൂചന.
അടുത്ത വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ ചെയര്‍മാന്‍ സ്ഥാനം വേണമെന്ന താല്‍പര്യം ബിസിസിഐക്കുണ്ട്. നേരത്തെ 2011ല്‍ ലോകകപ്പ് നടക്കുമ്പോള്‍ ശരദ് പവാറായിരുന്നു ഐസിസി ചെയര്‍മാന്‍. ഇന്ത്യന്‍ ഒഫീഷ്യല്‍സുമായി നല്ല ബന്ധമുള്ള ഗ്രെഗ് ബാര്‍ക്ലെയെ പിണക്കാതെയാകും ബിസിസിഐ തീരുമാനം.
ബിസിസഐ മുന്‍ പ്രസിഡന്റായിരുന്ന താക്കൂര്‍ ഐസിസി ഡയറക്ടാറായിരുന്നിട്ടുണ്ട്. നിലവിലെ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിക്കും ബിസിസിഐ സെക്രട്ടറി ജയ് ഷാക്കും ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാമെങ്കിലും ഇരുവരും ബിസിസിഐ പദവി വിട്ട് ഐസിസി തലപ്പത്തേക്ക് മാറാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്.
ശരദ് പവാറിന് ശേഷം മുന്‍ ബിസിസിഐ പ്രസിഡന്റായിരുന്ന എന്‍ ശ്രീനിവാസനും ശശാങ്ക് മമോഹറും ഐസിസി ചെയര്‍മാന്‍മാരായിട്ടുണ്ട്. ശ്രീനിവാസന്‍ 2014-2015 കാലഘട്ടത്തിലാണ് ചെയര്‍മാനായതെങ്കില്‍ ശശാങ്ക് മനോഹര്‍ 2015 മുതല്‍ 2020വരെ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തിരുന്നു.