പാലാ : പാലായിലെ അച്ചായൻസ് ഗോൾഡ് ജൂവലറിയിൽ ഫോൺ വിളിച്ച് ധനകാര്യസ്ഥാപനത്തിൽ പണയത്തിൽ ഇരിക്കുന്ന 20 ഗ്രാം സ്വർണ്ണം എടുത്തു നൽകാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 45000 രൂപ തട്ടിയെടുത്ത തിടനാട് പൂവത്തിങ്കൽ നിബിൻ വിൽസനെയാണ് (40) പാലാ എസ് എച്ച് ഒ കെ പി ടോംസൺ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 26ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അന്നേദിവസം ഉച്ചയോടെ പാലായിലുള്ള ധനകാര്യസ്ഥാപനത്തിൽ പണയത്തിൽ ഇരിക്കുന്ന സ്വർണം എടുക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നിബിൻ ജൂവലറി യിലേക്ക് ഫോൺ ചെയ്തു. ജൂവലറി ഉടമ സ്റ്റാഫിനെ ധനകാര്യ സ്ഥാപനത്തിലേക്ക് പറഞ്ഞയച്ചു. പണയത്തിൽ ഇരിക്കുന്ന സ്വർണം എടുക്കുന്നതിനായി സ്റ്റാഫ് 50,000 രൂപ നിബിനു നൽകി.
45,000 രൂപ മാത്രമേ സ്വർണ്ണം എടുക്കാൻ ആവശ്യം ഉള്ളൂ എന്നു പറഞ്ഞു വിശ്വസിപ്പിച്ച് നിബിൻ 5000 രൂപ മടക്കി നൽകി. തുടർന്ന് നിബിൻ രണ്ടാം നിലയിലുള്ള ധനകാര്യ സ്ഥാപനത്തിലേക്ക് കയറിപ്പോയി. പിന്നീട് പ്രതി ധനകാര്യ സ്ഥാപനത്തിന്റെ പുറകുവശത്തുള്ള ഇടനാഴിയിലൂടെ പണവുമായി രക്ഷപ്പെടുകയായിരുന്നു. കുറേ സമയത്തിന് ശേഷവും നിബിനെ കാണാതിരുന്ന ജൂവലറി സ്റ്റാഫ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ ഓഫ് ആയിരുന്നു. ചതി തിരിച്ചറിഞ്ഞ ജ്വല്ലറി ഉടമ പോലീസ് സ്റ്റേഷനിൽ പരാതി നൽകി കേസെടുക്കുകയായിരുന്നു.
പണവുമായി മുങ്ങിയ പ്രതി ഗോവ, മംഗലാപുരം, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങൾ കറങ്ങിയതിനു ശേഷം എറണാകുളത്തെത്തി ടൂറിസ്റ്റ് ഹോമിൽ താമസിച്ചുവരികയായിരുന്നു.
എറണാകുളത്തു നിന്നും പ്രതിയെ പിടികൂടുന്ന സമയം പ്രതി സ്വർണപണയം എടുത്തുകൊടുക്കുന്ന നിരവധി ജൂലറികളുമായി സംസാരിച്ച് സമാന തട്ടിപ്പിന് ശ്രമിക്കുകയായിരുന്നു.പ്രതി ഗോവ മംഗലാപുരം ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നു
പ്രിൻസിപ്പൽ എസ് ഐ അഭിലാഷ് എം ഡി,എ എസ് ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിപിഒ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്