NEWS

കോട്ടയത്തെ റയിൽവെ ടണലുകളും കെ കെ റോഡും: ഒരു ഫ്ലാഷ് ബാക്ക്

ചിങ്ങവനം സ്റ്റേഷൻ കഴിയുമ്പോൾ ഒന്ന് അനങ്ങിയിരിക്കും.കോട്ടയത്തെ പ്ലാന്റേഷൻ ഓഫിസ് ഭാഗത്തെ ടണലാകുമ്പോൾ ബാഗ് റെഡിയാക്കും. റബർ ബോർഡ് ഓഫിസ് ഭാഗത്തെ ടണലെത്തുമ്പോൾ എഴുന്നേൽക്കും. പിന്നെ കോട്ടയം സ്റ്റേഷനായി. തിരുവനന്തപുരം ഭാഗത്തു നിന്ന് കോട്ടയം സ്റ്റേഷനിൽ ഇറങ്ങാൻ ട്രെയിൻ യാത്ര നടത്തുന്നവരുടെ വർഷങ്ങളായുള്ള ശീലമാണിത്.എന്നാൽ കോട്ടയത്തെ ഇരു ടണലുകൾ വഴിയുള്ള യാത്ര ഓർമയിലേക്ക് മറയാൻ ഇനി അധികം ദിവസങ്ങളില്ല.ഇരട്ടപ്പാത നവീകരണത്തിന്റെ ഭാഗമായി പുതിയ പാത വരുന്നതോടെ തുരങ്കങ്ങൾ വഴിയുള്ള യാത്ര റയിൽവെ ഉപേക്ഷിക്കും.
മുട്ടമ്പലം റെയിൽവേ ക്രോസിനും കോട്ടയം സ്റ്റേഷനും മധ്യേ യാത്രക്കാരെ അൽപ സമയം ഇരുട്ടിലാക്കുന്ന ട്രെയിൻ യാത്ര ഈ മാസത്തോടെ ഇല്ലാതാകുകയാണ്.തുരങ്കം ഒഴിവാക്കി സമീപത്തുകൂടി പുതിയ 2 പാതകളാണ് വരുന്നത്.തുരങ്കങ്ങൾ നിലനിർത്തിയാണ് പുതിയ പാളം സ്ഥാപിച്ച് ട്രെയിൻ ഇതുവഴി തിരിച്ചുവിടുക.ഈ തുരങ്കങ്ങൾ പൊളിച്ചുമാറ്റാതെ നിലനിർത്തി ഷണ്ടിങ്ങിന്​ ഉപയോഗിക്കാനാണ്​ തീരുമാനം.
1957 ലാണ് ഇ.ശ്രീധരന്റെ നേതൃത്വത്തിൽ രണ്ട് തുരങ്കങ്ങൾ നിർമ്മിച്ചത്.കെകെ റോഡിൽനിന്ന് 54 അടി താഴ്ചയിൽ കുന്നു വെട്ടിത്താഴ്ത്തി പാറ പൊട്ടിച്ചു പാളം സ്ഥാപിക്കുകയും ഇതിനു മുകളിൽ കോൺക്രീറ്റ് തുരങ്കം നിർമിച്ച ശേഷം മണ്ണിട്ട് നിറയ്ക്കുകയും ചെയ്യുന്ന കട്ട് ആൻഡ് ഫിൽ വിധമായിരുന്നു നിർമാണം.ഇതിനു മുകളിൽ പാലം നിർമിച്ചാണ് കെകെ റോഡിനെ കോട്ടയം നഗരവുമായി ബന്ധിപ്പിച്ചത്. തുരങ്കത്തിനുള്ളിൽ 20 മീറ്റർ വീതിയാണുള്ളത്.ഒന്നാമത്തെ തുരങ്കത്തിന്​ 66.92 മീറ്ററും രണ്ടാമത്തെ തുരങ്കത്തിന്​ 84 മീറ്ററുമാണ് നീളം.
പൂർണമായും മനുഷ്യപ്രയത്നത്തിലൂടെയായിരുന്നു തുരങ്ക നിർമാണം.നിർമാണസമയത്തു മണ്ണിടിഞ്ഞ് അപകടമുണ്ടായി 6 പേർ മരിച്ചു.1957 ഒക്ടോബർ 20 ഞായറാഴ്ചയായിരുന്നു കോട്ടയത്തെ നടുക്കിയ അപകടം.അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദിന്റെ നേതൃത്വത്തിൽ 11 തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്.ഭിത്തി കോൺക്രീറ്റ് ചെയ്യുന്നതിനായി കമ്പി കെട്ടുന്ന ജോലി ചെയ്യുകയായിരുന്നു തൊഴിലാളികൾ.അവർക്ക് മുകളിലേക്ക് 30 അടി ഉയരത്തിൽ നിന്നു മണ്ണും കല്ലുകളും അടർന്നുവീണു.11 പേർ മണ്ണിനടിയിൽപെട്ടു.5 പേരെ തൊഴിലാളികളും പൊലീസും ചേർന്നു പുറത്തെടുത്തു.6 പേർ മരിച്ചു. അപകടത്തിൽ മരിച്ചവരുടെ പേരുകൾ കൊത്തിയ സ്തൂപം 3 വർഷം മുൻപ് വരെ ഇവിടെയുണ്ടായിരുന്നു. കെ.കെ.ഗോപാലൻ, കെ.എസ്.പരമേശ്വരൻ, വി.കെ.കുഞ്ഞുകുഞ്ഞ്, കൃഷ്ണൻ ആചാരി, കെ.രാഘവൻ, ആർ. ബാലൻ എന്നിവരാണ് മരിച്ചത്.പ്ലാന്റേഷൻ കോർപറേഷനു സമീപം പുതിയ പാലം നിർമിച്ചപ്പോൾ സ്തൂപം ഇവിടെ നിന്നു നീക്കി.19’58 ൽ ആണ്  പാത കമീഷൻ ചെയ്​തത്.
മധ്യതിരുവിതാംകൂറിലെ പ്രധാന പട്ടണമായ കോട്ടയത്തെ കിഴക്കൻ മലയിലെ കുമളിയുമായി ബന്ധിപ്പിക്കാൻ ഇഗ്ലീഷ്‌കാർ നിർമ്മിച്ച പുരാതന പാതയാണ് കോട്ടയം-കുമളി റോഡ്‌ എന്ന കെ കെ റോഡ്.1863-ൽ റാണി ലക്ഷ്മി ഭായുടെ കാലത്താണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചതെങ്കിലും വിവിധ കാലഘട്ടത്തിലൂടെയാണ് നിർമ്മാണം പൂർത്തീകരിച്ചത് ഇപ്പോൾ ഈ പാത നാഷണൽ ഹൈവേ 183 (കൊല്ലം- തേനി) യുടെ ഭാഗമാണ്.

Back to top button
error: