KeralaNEWS

‘ഒഴുകുന്ന പാലം’ രാജ്യവ്യാപക ശ്രദ്ധനേടുന്നു, തിരമാലകൾക്കനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന ബേപ്പൂരിലെ പാലം കാണാൻ സഞ്ചാരികളുടെ പ്രവാഹം

കോഴിക്കോട്: ബേപ്പൂർ ബീച്ചിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് രാജ്യവ്യാപകമായി ശ്രദ്ധയാകർഷിക്കുന്നു. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ടൂറിസ്റ്റ് പ്രമോഷൻ കൗൺസിലിന്റെയും തുറമുഖ വകുപ്പിൻ്റെയും സഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് സ്ഥാപിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജാണ് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയായി മാറിയത്.

ബേപ്പൂരിലെത്തിയ വിനോദ സഞ്ചാരികൾ ഫ്ലോട്ടിംഗ് ബ്രിഡ്ജ് ആസ്വദിക്കുന്ന വീഡിയോ എ.എൻ.ഐ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തിരമാലകൾക്കനുസരിച്ച് പാലം ഉയരുകയും താഴുകയും ചെയ്യുന്ന വീഡിയോയ്ക്ക് രാജ്യവ്യാപകമായി പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.

100 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമുള്ള പാലം ഉയർന്ന സാന്ദ്രതയുള്ള പോളിയെത്തിലീൻ ബ്ലോക്കുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഒരേസമയം 500 പേർക്ക് ഈ പാലത്തിലൂടെ യാത്രചെയ്യാനാകും. നിലവിൽ ലൈഫ് ജാക്കറ്റ് ധരിച്ച 50 പേർക്ക് മാത്രമേ ഈ പാലത്തിലൂടെ സഞ്ചാരത്തിന് അനുമതി നൽകിയിട്ടുള്ളു.

പാലത്തിൻ്റെ അറ്റത്തായി കടലിലേക്ക് നീണ്ടുകിടക്കുന്ന 15 മീറ്റർ വീതിയുള്ള പ്ലാറ്റ്‌ഫോമും സ്ഥാപിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് ആറു വരെയാണ് പാലം സന്ദർശിക്കാനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്.

ആലപ്പുഴബീച്ചിൽ പ്രവർത്തനമാരംഭിക്കേണ്ട ഫ്ലോട്ടിംഗ് ബ്രിഡ്ജാണ് കോഴിക്കോട് ബേപ്പൂരിലേക്ക് വഴിമാറിയെത്തിയത്. നിയമതടസ്സം മൂലമാണ് ആലപ്പുഴയ്ക്ക് ഈ പാലം നഷ്ടമായത്.
സി.ആർ.ഇസഡ് നിബന്ധനകൾ ഉറപ്പാക്കിയുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്ന പക്ഷം ആലപ്പുഴയിലും പ്രവർത്തനമാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Back to top button
error: