അജീഷ് മാത്യു കറുകയിൽ
ഇപ്പോൾ എസ്.എസ്.എൽ.സി പരീക്ഷയുടെ സമയമാണല്ലോ. ഒരൊന്നൊന്നര പരീക്ഷയാണത്. ഈയുള്ളവർ പണ്ട് പരീക്ഷ എഴുതാൻ പോയത് തെല്ല് പേടിയോടും ആശങ്കയോടുമാണ്.
പാസാകുന്നവർ ലഡുവും പാസാകാത്തവർ വടവും തേടുന്ന ഗൗരവമുള്ള പരീക്ഷണഘട്ടം. എല്ലാകൊല്ലത്തെയും പോലെ ഇക്കൊല്ലവും റാങ്കു ജേതാക്കളുടെ പടം പത്രത്തിൽ വരും.
അബദ്ധത്തിൽ പോലും ശരാശരിക്കാരനായ ഈയുള്ളവന് റാങ്ക് കിട്ടില്ലെന്നറിയാമെങ്കിലും ‘ദിപ്പോ കൊണ്ട് വരും കൊട്ടകണക്കിനു മാർക്ക്’ എന്ന എന്റെ ഭാവം കണ്ടു തെറ്റിദ്ധരിച്ച കൂട്ടുകാരാൻ അജയഘോഷ് പരീക്ഷ തുടങ്ങും മുൻപ് എന്നെ വന്നു കണ്ട് ചില ചില്ലറ സഹായങ്ങൾ പ്രതീക്ഷിക്കുന്നു എന്നറിയിച്ചു. എന്റെ തൊട്ടടത്താണ് അവൻ്റെ സീറ്റ്.
കുഞ്ഞനിൽ കുഞ്ഞനായ എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടവുമായി മൂന്നാം തവണ പരീക്ഷ എഴുതുന്ന അജയഘോഷ് എന്നോട് ചേർന്നിരുന്നു.
പണ്ടേ ദുർബലനും ഇപ്പൊ പരീക്ഷാർത്ഥിയുമായ ഞാൻ അജയനു വഴങ്ങണോ വേണ്ടയോ എന്ന ചിന്തയിൽ മന്ദിച്ചിരിക്കെ തലയിൽ ചന്ദനഗന്ധമുള്ള ആ അദ്ധ്യാപകൻ മന്ദം മന്ദം പരീക്ഷാ ഹാളിലേയ്ക്കു കടന്നു വന്നു .
ബയോളജി പരീക്ഷയാണ്. പണ്ടേ ഇഷ്ടമുള്ള വിഷയമായതിനാലും ജന്തു ജീവജാലങ്ങളും പരാഗണവും പരാഗിയുമൊക്കെ സാകൂതം കേട്ട് പഠിച്ചതിനാലും എല്ലാം അറിയാവുന്ന ചോദ്യങ്ങളാണ്.
പരീക്ഷ തുടങ്ങി പത്തു മിനിട്ട് കഴിയും മുൻപ് മുർഖൻ ചീറ്റും പോലൊരു ചീറൽ. ഇടത്ത് നിന്നും. അജയ്നാണ്, എന്നെ നോക്കി കണ്ണിറുക്കുന്നു. ഞാൻ ആദ്യമൊക്കെ അവഗണിച്ചു എങ്കിലും ശല്യം സഹിക്കാതെ വന്നപ്പോൾ ഉത്തരമെഴുതിയ പേപ്പർ മെല്ലെ ഉയർത്തി അവനെ കാണിച്ചു. പുറമേ നിന്നും വന്ന നെറ്റിയിലെ ചന്ദനത്തിനു മുകളിൽ വലിയ സിന്ദൂര കുറി തൊട്ട അയ്യർ സാറാണ് ഞങ്ങളുടെ എക്സാമിനർ.
ആരെങ്കിലും എന്തെങ്കിലും കോപ്പിയടിച്ചു രക്ഷപെട്ടോട്ടെ എന്ന ചിന്ത ഗതിയുള്ള ഒരു അയ്യോ പാവി ബ്രാഹ്മണൻ.
ഞാൻ പേപ്പറുകൾ മാറി മാറി വാങ്ങി മുന്നേറുകയാണ്. കുറച്ചു നേരം കഴിഞ്ഞപ്പോൾ അജയൻ എന്നോട് കൂടുതൽ അടുത്തിരുന്നു. സാർ ഞങ്ങളെ ഗൗനിക്കുന്നേ ഇല്ല എന്നുറപ്പു വരുത്തിയ അജയൻ മെല്ലെ ഞാൻ എഴുതിയ ഉത്തര കടലാസുകൾ ഓരോന്നായി വാങ്ങി അവന്റെ പേപ്പറിൽ പകർത്തിയെഴുതി തുടങ്ങി.
ജയിക്കാനുള്ള മാർക്കിനുള്ളതായി എന്നു മനസിലാക്കിയ അജയൻ ബെല്ലടിക്കാൻ ഒരു പതിനഞ്ചു മിനിട്ടു മുൻപ് പേപ്പറുകൾ കൂട്ടി കെട്ടി സാറിനെ ഏല്പ്പിച്ചു സസന്തോഷം യാത്രയായി . ഞാൻ ബാക്കിയുള്ള ഉത്തരങ്ങളിലേയ്ക്ക് തല പുഴ്ത്തി.
ഫൈനൽ ബെല്ലടിച്ചു പേപ്പർ കൊടുക്കാൻ സമയമായി. ഞാൻ ഉത്തര കടലാസുകൾ ക്രമത്തിൽ അടുക്കുന്നതിനിടയിലാണത് ശ്രദ്ധിച്ചത്, എന്റെ ഉത്തരമെഴുതിയ ഒരു പേപ്പർ കാണാനില്ല. അജയൻ അവന്റെ ഉത്തര കടലാസുകളുടെ കൂടെ എന്റെ ഒരു ഷീറ്റ് കൂടി കൊടുത്തിരിക്കുന്നു. പതിനഞ്ചു മാർക്കിന്റെ ഉത്തരം അതിലാണ്. ഇനിയൊട്ടു എഴുതാനും സമയമില്ല എന്താ ചെയ്കാ. ധൈര്യം അവലംബിച്ച് സാറിന്റെ അടുത്തു ചെന്നു:
“സാർ ഒരബദ്ധം പറ്റി, എന്റെ ഒരു ഷീറ്റ് ഉത്തരം അജയന്റെ കൂടെ ഉണ്ട് അത് തരുമോ…?”
പൂച്ച പോലെ ഇരുന്ന അയ്യർ സാർ പുലി പോലെ ചാടി:
“നീയൊക്കെ എന്താ കരുതിയത്, ഇത് കുട്ടിക്കളിയാണെന്നോ…? ഞാൻ ഒന്ന് റിപ്പോർട്ട് ചെയ്താൽ മൂന്നു കൊല്ലം നീയൊന്നും പിന്നെ പരീക്ഷയെഴുതില്ല…”
ഞാൻ പേടിച്ചു വിറച്ചു, പരീക്ഷക്കു മുൻപ് മൂത്രമൊഴിച്ചു ബ്ലാടെർ ശൂന്യമാക്കിയതിനാൽ നിക്കറിൽ മുള്ളിയില്ല. സാർ പേപ്പറിൽ എന്തോ എഴുതാൻ തുടങ്ങും മുൻപ് ഞാൻ പൊട്ടി കരഞ്ഞു. ദയാലുവായ സാർ പൊക്കോളാൻ ആംഗ്യം കാട്ടി. ജീവൻ കിട്ടിയ ബലത്തിൽ ഞാൻ ഒറ്റ ഓട്ടം ഓടി. വീടെത്തി നിലത്തു വിരിച്ച തഴപ്പായയിൽ കമിഴ്ന്നു കിടന്നു കരഞ്ഞു .
പിറ്റേന്ന് കണക്കു പരീക്ഷയാണ്. ഒന്നു പുസ്തകം മറിച്ചു നോക്കാൻ പോലും മനസു വന്നില്ല.അന്നു രാത്രി ഞാൻ ഉറങ്ങിയില്ല.
അയ്യരു സാർ എന്നെപ്പറ്റി റിപ്പോർട്ട് ചെയ്യുമോ ?
ഞാൻ ഡീബാർ ചെയ്യപ്പെടുമോ ?
ഇന്നു വരെ ഒരു മൊട്ടു സൂചി പോലും മോഷ്ടിക്കുകയോ മോഷ്ടിക്കണമെന്നു വിചാരിക്കുകയോ ചെയ്യാത്ത ഞാൻ കള്ളനായി മുദ്ര കുത്തപെടുമോ…?
പിറ്റേന്ന് കുളിച്ചൊരുങ്ങി സ്കൂളിൽ എത്തി. പരീക്ഷാ ഹാളിൽ കയറും മുൻപ് അജയൻ ഓടി വന്ന് കാതിൽ സ്വകാര്യം പറഞ്ഞു:
“ഇന്നലത്തെ പോലെ ഇന്നു കൂടി സഹായിക്കണേ ഡാ…”
അപ്പച്ചേട്ടന്റെ കടയിലെ തേൻ മിട്ടായികളിൽ രണ്ടെണ്ണം അവൻ എനിക്ക് നേരെ നീട്ടി . ഞാൻ അത് വാങ്ങാതെ പരീക്ഷാ ഹാളിനുള്ളിലേയ്ക്കു നടന്നു. എന്റെ ഉത്തര കടലാസ് കൂട്ടി കെട്ടി കൊടുത്ത വിവരം അവൻ പോലും അറിഞ്ഞിട്ടില്ല എന്നെനിക്കു മനസിലായി. ഞാൻ അതൊട്ടു പറയാനും പോയില്ല. ബെല്ലടിച്ചു… എല്ലാം പതിവ് പോലെ, ടീച്ചർ പേപ്പർ തന്നു. പിറകെ ചോദ്യ കടലാസും. ഒന്നും സംഭവിച്ചിട്ടില്ല.
പേപ്പറെടുത്തു എഴുതാൻ തുടങ്ങുമ്പോൾ മനസിൽ അയ്യരു സാർ ഇന്നലെ പറഞ്ഞ വാക്യങ്ങൾ പ്രതിധ്വനിക്കുന്നു:
“ഞാൻ ഒന്നു റിപ്പോർട്ട് ചെയ്താൽ മൂന്നു കൊല്ലം നീയൊന്നും പിന്നെ പരീക്ഷയെഴുതില്ല ”
അജയൻ പതിവു പോലെ മൂർഖൻ ചീറലുകളുമായി ശല്യപെടുത്തൽ തുടർന്നെങ്കിലും ഞാൻ ആ വഴിക്ക് തിരഞ്ഞു നോക്കിയില്ല .
റിസൾട്ട് വന്നു. ഒരു ഹൈ ഫസ്റ്റ് ക്ലാസ്സ് പ്രതീക്ഷിച്ച എനിക്ക് ശരശരി മാർക്കോടെ സെക്കന്റ് ക്ലാസ്സിൽ ഒതുങ്ങേണ്ടി വന്നു. ബയോളജിക്കും കണക്കിനുമായി നഷ്ട്ടപെട്ട മാർക്കുകൾ എന്റെ സ്വപ്നങ്ങൾക്ക് വിലയിട്ടു. പിന്നീടൊരിക്കലും അജയഘോഷ് എന്ന അജയനെ ഞാൻ കണ്ടിട്ടില്ല.
ഒരു പക്ഷെ അവൻ ഇത് വായിക്കുമ്പോൾ ചിലപ്പോൾ അറിയിന്നുണ്ടാവു അവൻ പോലും അറിയാതെ അവൻ വില്ലനായി മാറിയ കഥ.