കാരാളി അനൂപ് വധക്കേസിലെ പ്രതി കുങ്കന്‍ എന്ന സുമേഷിനെ നഗരമധ്യത്തില്‍ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്തു. പാങ്ങോട് ഷൈമ മന്‍സിലില്‍ നിഹാസ്, പാങ്ങോട് കുട്ടത്തികരിക്കം ക്ഷേത്രം പൂവക്കോട് വീട്ടില്‍ റജി, മാറനല്ലൂര്‍ അരുമാളൂര്‍ മുസ്ലിം പള്ളിക്ക് സമീപം കടയറവിള പുത്തന്‍വീട്ടില്‍ ഷമീം എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
കൂടുതല്‍ തെളിവെടുപ്പിന് മൂവരെയും വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് വഞ്ചിയൂര്‍ പൊലീസ് അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചയാണ് സുമേഷിനെ നിഹാസും സംഘവും കാറിടിച്ച് കൊലപ്പെടുത്തിയത്.
ഈഞ്ചക്കലിലെ കിങ്സ് വേ ഹോട്ടലിലെ പാര്‍ക്കിങ്ങിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.
കേസിലെ രണ്ടാം പ്രതിയായ റജിക്കൊപ്പമാണ് നിഹാസും ഷമീമും നഗരത്തില്‍ എത്തുന്നത്.
ബുധനാഴ്ച രാത്രി 11. 45 ഓടെ ഹോട്ടലില്‍നിന്ന് പുറത്തിറങ്ങവെ പാര്‍ക്കിങ് ഏരിയയില്‍ സുമേഷിന്‍റെ ബൈക്ക് നിഹാസിന്‍റെ കാറില്‍ ഇടിച്ചു. ഇതിനെതുടര്‍ന്ന് സുമേഷും സുഹൃത്ത് സൂരജുമായി നിഹാസും സംഘവും വാക്കുതര്‍ക്കവും കൈയാങ്കളിയും നടന്നു.
ഹോട്ടലിലെ സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടാണ് ഇരുകൂട്ടരെയും പിടിച്ചുമാറ്റിയത്. എന്നാല്‍, പിന്തിരിയാന്‍ നിഹാസും സംഘവും തയാറായില്ല.
കാറിനകത്ത് സുമേഷിനെയും സൂരജിനെയും കാത്തിരുന്ന മൂവരും വ്യാഴാഴ്ച പുലര്‍ച്ച 12. 30ഓടെ ഹോട്ടലില്‍ നിന്ന് ബൈക്കില്‍ പുറത്തിറങ്ങിയ സുമേഷിനെയും സൂരജിനെയും പിറകിലെത്തി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
നിഹാസാണ് കാര്‍ ഓടിച്ചിരുന്നത്. സുമേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ആദ്യം അനന്തപുരി ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. അപകടത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. വാഹനം മുന്നോട്ടുപോകാനാകാത്ത സ്ഥിതി എത്തിയതോടെ അട്ടക്കുളങ്ങര ഭാഗത്ത് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പൊലീസിന്‍റെ പിടിയിലായത്.
2014ല്‍ കാരാളി അനൂപ് എന്ന ഗുണ്ടാനേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സുമേഷ്. ഗുണ്ടാലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അനൂപ് വധക്കേസുമായി നിലവിലെ കൊലപാതകത്തിന് ബന്ധമില്ലെന്ന് ശംഖുംമുഖം എ.സി പൃഥിരാജ് അറിയിച്ചു.