MovieNEWS

തോമസ് ബെർളി എന്ന സകലകലാ വല്ലഭൻ

പുതുതലമുറക്ക് ഫോർട്ട് കൊച്ചിക്കാരൻ തോമസ് ബെർളി അപരിചിതനാവാം. പക്ഷെ സിനിമയുടെ ചരിത്രത്തിൽ ഈ സകലകലാ വല്ലഭൻ്റെ നാമം സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ടതാണ്.

സിനിമാ നിർമ്മാണം, സംവിധാനം, അഭിനയം, സംഗീതം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച തോമസ് ബെർളി കുരിശിങ്കൽ അൻപതുകളുടെ തുടക്കത്തിൽ ‘തിരമാല’ എന്ന മലയാള സിനിമയിൽ നായകനായിരുന്നു. പ്രതി നായകൻ ആരായിരുന്നെന്നോ…? പിൽക്കാലത്തെ സൂപ്പർ താരം സാക്ഷാൽ സത്യൻ.
പക്ഷേ വെറുതെ അഭിനയിച്ചാൽ പോരാ സിനിമയെക്കുറിച്ച് പഠിച്ച് അഭിനയിക്കണം എന്ന ത്വര അദേഹത്തെ ഹോളിവുഡിൽ എത്തിച്ചു. അങ്ങനെ ഹോളിവുഡിൽ എത്തിയ ആദ്യ മലയാളി എന്ന കീർത്തിക്കും തോമസ് ബെർളി അവകാശിയായി.

ബെർളി സിനിമയിൽ പ്രവേശിക്കുന്നത് 1953ലാണ്. ഇൻ്റർ മീഡിയറ്റിന് പഠിക്കുന്ന കാലം.
അവിചാരിതമായിട്ടായിരുന്നു അത്. ആലപ്പുഴ സ്വദേശി, സംവിധായകൻ വിമൽകുമാറുമായുള്ള കണ്ടു മുട്ടലാണ് ബെർളിക്ക് സിനിമയിലേക്കുള്ള ഗേറ്റ് പാസ്സായത്.
‘സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടോ’ എന്ന് വിമൽകുമാർ ചോദിക്കുന്നു. ബെർളി സമ്മതം മൂളി.
മേക്കപ്പ് ടെസ്റ്റ് എടുക്കണം എന്ന് പറഞ്ഞു. തൻ്റെ ആത്മസുഹൃത്ത് രാമു കാര്യാട്ടിനൊപ്പം ബെർളി തിരുവനന്തപുരത്ത് മേക്കപ്പ് ടെസ്റ്റിന് ചെന്നു. അതിൽ പാസായി. കാര്യാട്ട് വിമൽ കുമാറിൻ്റെ കീഴിൽ സിനിമ പഠിക്കാനായി അസിസ്റ്റൻ്റ് ഡയക്ടറായി ചേർന്നു. അങ്ങനെ രണ്ടു പേരും ആ സിനിമയുടെ ഭാഗമായി. ‘തിരമാല’ വൻ വിജയമായിരുന്നു. അതിലെ പാട്ടുകളും ഹിറ്റായി. ‘തിരമാല’യിൽ തോമസ് ബെർളി നായകനും സത്യൻ വില്ലനുമായിരുന്നൂ.
ഒരു മൾട്ടി ക്ലൈമാക്സ് സിനിമയായിരുന്നു ‘തിരമാല’. മലയാളത്തിലെ ആദ്യമൾട്ടി ക്ലൈമാക്സ് സിനിമ…!
തിരുവിതാംകൂർ ഭാഗത്ത് കോമഡി ക്ലൈമാക്സും മലബാർ ഏരിയായിൽ ട്രാജഡി ക്ലൈമാക്സും…!
ഇത് അദ്ദേഹത്തിന് സിനിമയെ കുറിച്ച് കൂടുതൽ പഠിക്കാൻ പ്രചോദനമായി. അങ്ങനെ ലോസ് ഏഞ്ചൽസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ ചേർന്നു. ഹോളിവുഡ് സിനിമകളിൽ അഭിനയിച്ച കൊണ്ട് തന്നെ സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ചും പഠിച്ചു.
പക്ഷേ അന്നും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് കഥാ രചനയിലാണ്. ഇടക്കാലത്ത് ഇന്ത്യയിൽ എത്തി മറൈൻ എക്സ്പോർട്ട് ബിസിനസ്സിൽ വ്യാപൃതനായി എങ്കിലും അപ്പോഴും മനസ്സു നിറയെ സിനിമയായിരുന്നു.
ഒഴിവു സമയങ്ങളിൽ കഥകളെഴുതി. ഇതിനിടെ ഇതു മനുഷ്യനോ(1973), വെള്ളരിക്കാ പട്ടണം(1985) തുടങ്ങിയ സിനിമകൾ നിർമ്മിച്ച് സംവിധാനം ചെയ്തു. ‘ഡബിൾ ബാരൽ’ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഇന്നിതാ പ്രായത്തെ തോൽപ്പിച്ച് ട്രെൻഡുകൾക്കനുസൃതമായി വിവിധ ജോണറുകളിൽ ഒട്ടനവധി കഥകൾ ഒരുക്കി വച്ചിരിക്കായാണ് തോമസ് ബെർളി.
ഹോളിവുഡിലെ ‘ടൈം സ്പ്ലെസിംഗ് ടെക്നോളജി’ അവലംബമാക്കിയ രചനകളാണ് അധികവും. ഇതറിഞ്ഞ് അന്യ ഭാഷയിൽ നിന്നു പോലും തോമസ് ബെർളിയുടെ തിരക്കഥകൾക്ക് ആവശ്യക്കാർ എത്തുന്നുണ്ട്. ഇത് അദ്ദേഹത്തിന് കൂടുതൽ ഊർജവും ആവേശവും പകർന്നിരിക്കയാണ്.
സിനിമയ്ക്ക് കഥകൾ അന്വേഷിച്ച് കൊണ്ടിരിക്കുന്നവർക്കായി ‘സ്റ്റോറി ബാങ്ക്’ എന്ന സംരംഭം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് തോമസ് ബെർളി. കൂട്ടിനായി സിനിമയെ സ്നേഹിക്കുന്ന ഒരു പറ്റം യുവാക്കളുമുണ്ട്. പ്രായം കൊണ്ട് തൊണ്ണൂറുകളിൽ എത്തിയ ഇദ്ദേഹത്തിന് നവീന ട്രെൻഡുകൾക്കനുസൃതമായി കഥ മെനയാൻ കഴിയുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. കഥകൾ ആവശ്യമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും തോമസ് ബെർളിയെ സമീപിക്കാം. സർഗ്ഗ ശേഷിയുടെ ഉറവ വറ്റാത്ത, പുത്തൻ പ്രമേയങ്ങളുടെ അക്ഷയ പാത്രമാണ് തോമസ് ബെർളി.

സി.കെ അജയകുമാർ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: