
തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയ്ക്ക് എതിരെ അമര്‍ഷം ശക്തം. വിഡി സതീശന്റെ പരാമര്‍ശത്തിന് എതിരായ പ്രതിഷേധം കെപിസിസിയെ അറിയിക്കാനാണ് സംഘടനയുടെ നീക്കം. ഇന്നലെ ചേര്‍ന്ന ജില്ലാ പ്രസിഡന്റ്മാരുടെ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്ക് എതിരെ ചങ്ങനാശ്ശേരിയില്‍ നടന്ന ഐന്‍ടിയുസി പ്രകടനത്തെ നേരത്തെ നേതൃത്വം തള്ളിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് എതിരെ നടപടി വേണ്ടെന്നാണ് ഐന്‍ടിയുസി നേതൃത്വത്തിന്റെ നിലപാട്.
ദേശീയ പണിമുടക്ക് ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറിയെന്ന പരാമര്‍ശത്തോടെയാണ് ഐഎന്‍ടിയുസി, കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പരാമര്‍ശം വിഡി സതീശന്‍ നടത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. പിന്നാലെ ആയിരുന്നു ചെങ്ങന്നൂരില്‍ പ്രതിഷേധം ഉയര്‍ന്നത്. കോണ്‍ഗ്രസും ഐഎന്‍ടിയുസിയും ഒന്നാണ്, വിഡി സതീശന്‍ പ്രസ്താവന പിന്‍വലിക്കണം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
വലിയ തൊഴിലാളി പങ്കാളിത്തമാണ് പ്രതിഷേധത്തിലുള്ളത്. ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. തള്ളിപറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും ഐഎന്‍ടിയുസി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് പിപി തോമസ് വ്യക്തമാക്കുകയും ചെയ്തു.