KeralaNEWS

ജാഗ്രത…! കേരളം പൊള്ളും, ചൂട് 40 ഡിഗ്രി വരെ ഉയരും;  ഈ കാര്യങ്ങൾ മറക്കാതെ പാലിക്കുക

തിരുവനന്തപുരം: സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യത. പാലക്കാടാണ് ഏറ്റവുമധികം ചൂട്. കൊല്ലം പുനലൂരാണ് അധിക ചൂട് അനുഭവപ്പെടുന്ന മറ്റൊരു പ്രദേശം.

പൊള്ളുന്ന ചൂടുള്ള 12 മുതല്‍ 2 മണി വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നന്നായി വെള്ളം കുടിക്കണമെന്നും ഈസമയത്ത് പുറത്തിറങ്ങുന്നത് സൂര്യാതപമേല്‍ക്കാന്‍ കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.

Signature-ad

സൂര്യനിൽ ഉണ്ടായ മാറ്റങ്ങൾ വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില ഉയർത്തുന്നതിനാൽ സൂര്യാതപത്തിന്‌ സാധ്യതയുണ്ടെന്ന്‌ വിദഗ്‌ധർ.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ അൾട്രാ വയലറ്റ് സൂചിക 12 ആയി. അന്തരീക്ഷ താപനില ചിലയിടങ്ങളിൽ 38-40 ഡിഗ്രി വരെ ഉയരാനും സാധ്യത. രാത്രി താപനിലയും ഉയരും.

കേരളത്തിൽ അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ യഥാസമയം കണ്ടെത്തി മികച്ച ചികിത്സ ഉറപ്പുവരുത്താൻ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്.

അന്തരീക്ഷ താപം രൂക്ഷമായി ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലായി ശരീരത്തിന്റെ നിര്‍ണായക പ്രവര്‍ത്തനങ്ങൾ തകരാറിലാകും. ഇത്തരം അവസ്ഥയിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.

വിയര്‍ക്കുന്നതനുസരിച്ച് വെള്ളം കുടിക്കണം.

ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്.

യാത്രാ വേളയില്‍ ഒരു കുപ്പി ശുദ്ധജലം കരുതുക.

കടകളില്‍ നിന്നും പാതയോരങ്ങളില്‍ നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധമാണെന്ന് ഉറപ്പ് വരുത്തുക. അല്ലെങ്കില്‍ മറ്റുപല രോഗങ്ങളുമുണ്ടാക്കും.

നേരിട്ടുള്ള വെയിലേല്‍ക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.

കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.

12 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.

പ്രായമായവര്‍, ചെറിയ കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗം ഉള്ളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക.

ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനാലകളും തുറന്നിടുക.

ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാല്‍ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം.

ധരിച്ചിരിക്കുന്ന കട്ടിയുള്ള വസ്ത്രങ്ങള്‍ നീക്കം ചെയ്യുക.

വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.

ഫാന്‍, എ.സി. എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.

പഴങ്ങളും സാലഡുകളും കഴിക്കുക.

ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുക.

ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

മണ്‍ പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിക്കാം

നന്നാറി, കൊത്തമല്ല, കരിങ്ങാലി, രാമച്ചം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

നേര്‍പ്പിച്ച പാല്‍, കരിക്കിന്‍ വെള്ളം, ഫ്രൂട്ട് ജ്യൂസുകള്‍, കഞ്ഞിവെള്ളം എന്നിവയെല്ലാം കുടിക്കാം

ചെറുപയര്‍ സൂപ്പ് ശീലിക്കുക

മൂത്രാശയ അണുബാധ തടയാന്‍ ഞെരിഞ്ഞില്‍, ചെറൂള ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

ഡോ. മഹാദേവൻ

Back to top button
error: