Kerala

സിപിഎം പി.ബി: എസ്ആര്‍പിയുടെ ഒഴിവിലേക്ക് എ.വിജയരാഘവനു സാധ്യത

തിരുവനന്തപുരം: സിപിഎം പൊളിറ്റ് ബ്യൂറോയില്‍നിന്ന് എസ്.രാമചന്ദ്രന്‍പിള്ള (എസ്ആര്‍പി) ഒഴിയുമ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനു സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി, എസ്.രാമചന്ദ്രന്‍പിള്ള എന്നിവരാണ് നിലവിലെ പിബി അംഗങ്ങള്‍. 75 വയസ്സ് എന്ന മാനദണ്ഡം ബാധകമാക്കിയതോടെയാണ് കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ എസ്ആര്‍പി ഒഴിയുന്നത്. പിണറായി വിജയന് 75 വയസ്സ് പിന്നിട്ടെങ്കിലും പിബിയില്‍ തുടരും. കോടിയേരി ബാലകൃഷ്ണനും എം.എ.ബേബിയും പിബിയിലുണ്ടാകും. സൂര്യകാന്ത് മിശ്രയും ബിമന്‍ ബസുവും പിബിയില്‍നിന്ന് ഒഴിയും. എ.വിജയരാഘവന്‍ പിബിയിലെത്തിയാല്‍ എല്‍ഡിഎഫിനു പുതിയ കണ്‍വീനറുണ്ടായേക്കും. എ.കെ.ബാലനെയോ ഇ.പി.ജയരാജനെയോ പരിഗണിച്ചേക്കാം.

കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാക്കളുള്‍പ്പെടെ 18 പേരാണ് കേരളത്തില്‍നിന്നുള്ളത്. പാലോളി മുഹമ്മദ് കുട്ടിയും വി.എസ്.അച്യുതാനന്ദനുമാണ് പ്രത്യേക ക്ഷണിതാക്കള്‍. പാര്‍ട്ടി രൂപീകരണത്തിന് നേതൃത്വം നല്‍കിയ നേതാവെന്ന നിലയില്‍ വി.എസ്.അച്യുതാനന്ദനെ ക്ഷണിതാവായി നിലനിര്‍ത്തിയേക്കും. സംസ്ഥാന കമ്മിറ്റിയിലും വിഎസിനെ ക്ഷണിതാവായി നിലനിര്‍ത്തിയിരുന്നു. പാലോളി സ്ഥാനമൊഴിയും.

എസ്.രാമചന്ദ്രന്‍ പിള്ള കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായേക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരന്‍, വൈക്കം വിശ്വന്‍ എന്നിവര്‍ മാറും. പി.കരുണാകരന് 77 വയസ്സും വൈക്കം വിശ്വന് 83 വയസ്സുമായി. എം.സി.ജോസഫൈനും മാറിയേക്കും. കേന്ദ്ര കമ്മിറ്റിയിലേക്ക് മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, പി.രാജീവ്, പി.എ.മുഹമ്മദ് റിയാസ് എന്നിവര്‍ക്കു സാധ്യതയുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എ.വിജയരാഘവന്‍, എ.കെ.ബാലന്‍, എം.വി.ഗോവിന്ദന്‍, ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ, പി.കെ.ശ്രീമതി, ടി.എം.തോമസ് ഐസക്, എളമരം കരീം, കെ.രാധാകൃഷ്ണന്‍, എം.എ.ബേബി എന്നിവര്‍ തുടരും. കണ്ണൂരില്‍ ഏപ്രില്‍ 6 മുതല്‍ 10 വരെയാണ് 23ാം പാര്‍ട്ടി കോണ്‍ഗ്രസ്.

 

Back to top button
error: