India

സ്റ്റാലിന്റെ കോട്ടിന്റെ വില 17 കോടിയെന്ന് വ്യാജപ്രചരണം, യുവമോ‍ർച്ച നേതാവ് അറസ്റ്റിൽ

ചെന്നൈ: എം കെ സ്റ്റാലിന്റെ യുഎഇ സന്ദ‍ർശനം വെറും ഫാമിലി പിക്നിക്കാണെന്ന പ്രതിപക്ഷ പാ‍ർട്ടിയായ എഐഎഡിഎംകെയുടെ ആരോപണത്തിന് പിന്നാലെ സന്ദ‍ർശനവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് യുവമോ‍ർച്ച നേതാവ് അറസ്റ്റിൽ. എം കെ സ്റ്റാലിന്‍ ധരിച്ചിരുന്ന ജാക്കറ്റിന്റെ വില 17 കോടിരൂപയെന്ന് പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. യുവമോര്‍ച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറിയായ എടപ്പാടി സ്വദേശി അരുള്‍ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്.

ധനമന്ത്രി പളനിവേല്‍ ത്യാഗരാജനില്‍ നിന്ന് ലഭിച്ച വിവരമെന്ന പേരിലാണ് സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്റെ വിലയെക്കുറിച്ചുള്ള സന്ദേശം സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ജാക്കറ്റ് ധരിച്ചുകൊണ്ടുള്ള സ്റ്റാലിന്റെ ചിത്രം സഹിതമായിരുന്നു പ്രചരണം. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും എടപ്പാടിയില്‍ നിന്ന് അരുള്‍ പ്രസാദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സാമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയതിന് ജനുവരിയില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ വിനോജ് പി സെല്‍വത്തിന്റെ പേരില്‍ കേസെടുത്തിരുന്നു. ഡിഎംകെ. അധികാരത്തിലെത്തിയതിനുശേഷം തമിഴ്നാട്ടില്‍ നൂറിലേറെ ക്ഷേത്രങ്ങള്‍ തകര്‍ത്തുവെന്ന വ്യാജ പ്രചാരണം നടത്തിയതിനായിരുന്നു കേസ്. സാമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശനടപടിയെടുക്കുമെന്ന് തമിഴ്നാട് പൊലീസ് മുന്നറിയിപ്പ് നൽകി.

Back to top button
error: