India

ഈ ഇടപാടുകള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കിയോ ? അവസാന തീയതി മാര്‍ച്ച് 31

ധാര്‍-പാന്‍ ബന്ധിപ്പിക്കല്‍, പുതുക്കിയ റിട്ടേണ്‍ നല്‍കല്‍, പിപിഎഫ്, എന്‍പിഎസ് എന്നിവയിലെ നിക്ഷേപം തുടങ്ങി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കേണ്ട നടപടികള്‍ ഏറെയുണ്ട്. മാര്‍ച്ച് 31ന് സമയപരിധി അവസാനിക്കും. അവയില്‍ പ്രധാനപ്പെട്ടത് ഏതൊക്കെയാണെന്ന് അറിയാം

    •  പുതുക്കിയതും കാലതാമസംവരുത്തിയതുമായി റിട്ടേണ്‍

2021-22 അസസ്മെന്റ് വര്‍ഷത്തേയ്ക്കുള്ള വൈകിയ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി മാര്‍ച്ച് 31 ആണ്. നിശ്ചിത സമയത്തിനകം ഐടിആര്‍ ഫയല്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ 31കം സമര്‍പ്പിക്കുക. ഓണ്‍ലൈനയി നല്‍കിയ റിട്ടേണില്‍ തിരുത്തലുണ്ടെങ്കില്‍ പുതുക്കി നല്‍കാനുള്ള അവസാന തിയതിയും 31 ആണ്.

    • പാന്‍ ആധാര്‍ ബന്ധിപ്പിക്കല്‍

പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതിയും മാര്‍ച്ച് 31 ആണ്. സമയപരിധിക്കകം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകാം. അസാധുവായ പാന്‍ കൈവശം വെച്ചാല്‍ 10,000 രൂപവരെ പിഴ നല്‍കേണ്ടിവന്നേക്കാം. ബാങ്ക് നിക്ഷേപങ്ങളില്‍നിന്ന് ഇരട്ടി തുക ടിഡിഎസ് ഈടാക്കുകയുംചെയ്യും.

    • ബാങ്ക് അക്കൗണ്ട് കെവൈസി

ഒമിക്രോണ്‍ വ്യാപനത്തെതുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളിലെ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 2021 ഡിസംബര്‍ 31ല്‍നിന്ന് 2022 മാര്‍ച്ച് 31വരെ റിസര്‍വ് ബാങ്ക് നീട്ടിയിരുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ കൈവൈസി അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിച്ചേക്കാം.

    • ആദായനികുതി ഇളവിനുള്ള നിക്ഷേപം

നടപ്പ് സാമ്പത്തികവര്‍ഷം മാര്‍ച്ച് 31ഓടെ അവസാനിക്കും. അതുകൊണ്ടുതന്നെ നികുതിയിളവ് ലഭിക്കുന്നതിനുള്ള നിക്ഷേപം അതിനുമുമ്പായി നടത്തിയിരിക്കണം. പിപിഎഫ്, എന്‍പിഎസ്, ടാക്സ് സേവിങ് ഫണ്ട്, അഞ്ചുവര്‍ഷത്തെ ബാങ്ക് എഫ്ഡി തുടങ്ങിയവയ്ക്കാണ് 80സി പ്രകാരം 1.50 ലക്ഷം രൂപവരെയ്ക്ക് ഇളവ് ലഭിക്കുക.

    • ലഘു സമ്പാദ്യ പദ്ധതികളും സേവിങ്സ് അക്കൗണ്ടും

ലഘുസമ്പാദ്യ പദ്ധതികള്‍, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ എന്നിവയില്‍നിന്നുള്ള പലിശ സേവിങ്സ് അക്കൗണ്ടുവഴിമാത്രമെ ഏപ്രില്‍ ഒന്നുമുതല്‍ വിതരണം ചെയ്യുകയുള്ളൂ. അതിനാല്‍ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുമായോ, ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുമായോ ലഘുസമ്പാദ്യ പദ്ധതികള്‍ ബന്ധിപ്പിക്കേണ്ടതുണ്ട്. എങ്കില്‍മാത്രമെ യഥാസമയം നിക്ഷേപ പദ്ധതികളില്‍നിന്ന് പലിശ ലഭിക്കൂ.

    • പി.എം കിസാന്‍

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് കൈവൈസി നിര്‍ബന്ധമാക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ മാര്‍ച്ച് 31നുമുമ്പായി ഓണ്‍ലൈനായോ ഓഫ്ലൈനായോ കെവൈസി അപ്ഡേറ്റ് ചെയ്യണം. അല്ലെങ്കില്‍ അടുത്ത ഗഡു മുടങ്ങയേക്കാം.

    • പിപിഎഫ്, എന്‍പിഎസ് നിക്ഷേപം

പിപിഎഫ്, എന്‍പിഎസ് തുടങ്ങിയ ദീര്‍ഘകാല നിക്ഷേപ പദ്ധതികള്‍ സജീവമായി നിലനിര്‍ത്താന്‍ വര്‍ഷംതോറും മിനിമം തുക നിക്ഷേപിക്കേണ്ടതുണ്ട്. പിപിഎഫില്‍ കുറഞ്ഞ വാര്‍ഷിക നിക്ഷേപം 500 രൂപയാണ്. എന്‍പിഎസ് ടയര്‍ വണ്‍ അക്കൗണ്ടിലാണെങ്കില്‍ കുറഞ്ഞ വാര്‍ഷിക നിക്ഷേപം 1,000 രൂപയുമാണ്.

    • ഡീമാറ്റ്, ട്രേഡിങ് കൈവൈസി

2021 ഏപ്രിലിലെ സെബിയുടെ സര്‍ക്കുലര്‍ പ്രകാരം ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകളില്‍ മേല്‍വിലാസം മാറ്റമുണ്ടെങ്കില്‍ പുതുക്കി നല്‍കണം. പാന്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വരുമാന പരിധി എന്നിവയും നല്‍കേണ്ടതുണ്ട്.

 

Back to top button
error: