പത്തനംതിട്ട: അയൽക്കാരി പെൺകുട്ടിയുമായി കടുത്ത പ്രണയം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒടുവിൽ ഗർഭിണിയായി. പെണ്‍കുട്ടിയ്ക്ക് 18 തികയാന്‍ മൂന്നു മാസം മാത്രമുള്ളപ്പോഴാണ് പീഡനം നടന്നത്. പിന്നാലെ ഗര്‍ഭം ധരിക്കുകയുമായിരുന്നു. ഇരയ്ക്ക് 18 തികഞ്ഞ ഉടൻ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ വിവാഹം. തുടർന്ന് ഹൈക്കോടതിയിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയ ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോക്സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.
കലഞ്ഞൂര്‍ നിരത്തുപാറ കള്ളിപ്പാറയില്‍ തെക്കേചരുവില്‍ രഞ്ജിത്തി(26) നെയാണ് കൂടല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍, എറണാകുളം നേവല്‍ ബേസിന് സമീപമുള്ള കാര്‍ഗോ കമ്പനിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. അഞ്ചല്‍ ഉത്രവധക്കേസ് തെളിയുന്നതിന് കാരണക്കാരനായ ഇന്‍സ്‌പെക്ടര്‍ പുഷ്പകുമാറിന്റെ മറ്റൊരു അന്വേഷണ ചാതുരിയാണ് ഈ കേസിലെ പ്രതി അറസ്റ്റിലാകാന്‍ കാരണം.
ഏറെ നാടകീയത നിറഞ്ഞ കേസാണിത്. പ്രതിയും ഗര്‍ഭിണിയായ പെണ്‍കുട്ടിയും അയല്‍വാസികളായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായെന്ന വിവരം ചൈല്‍ഡ് ലൈനിന് മുന്നിലെത്തി. ആ സമയത്ത് കുട്ടിക്ക് 18 തികയാന്‍ മൂന്നു മാസം കൂടിയുണ്ടായിരുന്നു. ചൈല്‍ഡ് ലൈനിന്റെ അറിയിപ്പ് പ്രകാരം പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.
2020 സെപ്റ്റംബര്‍ മുതല്‍ കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ പ്രതിയുടെയും പെണ്‍കുട്ടിയുടെയും വീടുകളിൽ വച്ചാണ് പീഡനം നടന്നത്. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റി.
പൊലീസ് കേസ് എടുത്ത വിവരമറിഞ്ഞ് പ്രതി രഞ്ജിത്ത് മുങ്ങി. പെണ്‍കുട്ടിക്ക് 18 തികഞ്ഞതിന് പിന്നാലെ അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ഇരുവീട്ടുകാരും ചേര്‍ന്ന് പ്രതിയുമായി വിവാഹം നടത്തി. പൊലീസ് എടുത്ത പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായി രഞ്ജിത്ത് വിവാഹ സര്‍ട്ടിഫിക്കറ്റ് സഹിതം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും നല്‍കി.
പ്രതി രഞ്ജിത്ത് ഈ സമയംകൊച്ചി നേവല്‍ ബേസിലുള്ള കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഒളിവില്‍പ്പോയ സമയം പ്രതിയുടെ മൊബൈല്‍ ഫോണ്‍ ഓഫായിരുന്നു. ഇരയെ വിവാഹം കഴിയുകയും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി പോവുകയും ചെയ്തതിന് പിന്നാലെ പ്രതി തന്റെ ഫോണ്‍ ഓണാക്കി. ഈ വിവരം മനസിലാക്കിയ പൊലീസ് സംഘം കാര്‍ഗോ കമ്പനിയില്‍ എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
അന്വേഷണസംഘത്തില്‍ എസ്.ഐ ദില്‍ജേഷ്, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ അജിത്, ഫിറോസ്, അരുണ്‍, മായാകുമാരി എന്നിവരുമുണ്ടായിരുന്നു.