ചെങ്ങന്നൂർ:കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാന്‍.മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തി എന്ന തിരുവഞ്ചൂരിന്റെ ആരോപണത്തിന് മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു സജി ചെറിയാന്‍.
സില്‍വര്‍ലൈന്റെ അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ല. അലൈന്‍മെന്റില്‍ ഇതുവരെ അന്തിമ തീരുമാനമാകാത്ത പശ്ചാത്തലത്തില്‍ നേരത്തെ ഒരു അലൈന്‍മെന്റ് ഉണ്ടായിരുന്നു എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന് സജി ചെറിയാന്‍ ചോദിച്ചു.താന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന ആളാണ് തിരുവഞ്ചൂര്‍. ഇത്രയും കാര്യങ്ങള്‍ അറിയുന്ന ആള്‍ വില കുറഞ്ഞ അഭിപ്രായം പറയരുത്.സാറ്റലൈറ്റ് വഴിയാണ് അലൈന്‍മെന്റ് തയ്യാറാക്കുന്നത്. അല്ലാതെ താനല്ല അലൈന്‍മെന്റ് തീരുമാനിക്കുന്നത്. കൂടാതെ അലൈന്‍മെന്റില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. സാമൂഹികാഘാത പഠനം അടക്കം വിവിധ നടപടികള്‍ പൂര്‍ത്തിയായ ശേഷം അലൈന്‍മെന്റ് അന്തിമമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
തന്റെ വീടിന് മുന്നിലൂടെ അലൈന്‍മെന്റ് കൊണ്ടുവരാന്‍ തിരുവഞ്ചൂര്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി പരിഹസിച്ചു.തന്റെ വീടിരിക്കുന്ന സ്ഥലത്തിന് കോടികളുടെ വിലയുണ്ട്. ഒരു പൈസയും വേണ്ട. കെ റെയിലിനായി സൗജന്യമായി വീട് നല്‍കാന്‍ തയ്യാര്‍. തിരുവഞ്ചൂര്‍ മുന്‍കൈയെടുത്ത് പണം പാലിയേറ്റീവ് സൊസൈറ്റിക്ക് നല്‍കിയാല്‍ മതി. തന്റെ വീട് പാലിയേറ്റീവ് സൊസൈറ്റിക്ക് എഴുതിവച്ചിരിക്കുന്ന കാര്യവും മന്ത്രി അറിയിച്ചു.