അടൂരിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിനു സമീപമുള്ള വീട്ടില്‍ താമസിച്ചിരുന്ന യുവതിയുടെ മരണമാണ് ദുരൂഹമായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ആള്‍ക്കൊപ്പം മകളെയും കൂട്ടി വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്ന ലക്ഷ്മി പ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏഴംകുളം സ്വദേശി അനില്‍ ആനന്ദി (48)നൊപ്പമാണ് ലക്ഷ്മി പ്രിയ എന്ന യുവതിയും ആറു വയസുള്ള മകളും വാടകയ്ക്കു താമസിച്ചിരുന്നത്. മാര്‍ച്ച് ഒമ്പതിന് രാത്രി അടുക്കളയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ലക്ഷ്മിപ്രിയയും അനിലും ഭാര്യാഭര്ത്താക്കന്മാരാണെന്നാണ് വീട്ടുടമയെ ധരിപ്പിച്ചിരുന്നത്.അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാമത്തെ കുഞ്ഞിനു വേണ്ടി ചികിത്സയിലാണെന്നും പോയി വരാനുള്ള ബുദ്ധിമുട്ടു കൊണ്ട് വാടകവീട് എടുക്കുന്നുവെന്നുമാണ് ഉടമയായ വയോധികയോട് ഇരുവരും പറഞ്ഞിരുന്നത്.
പോലീസ് അനിലിനെ ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ വിവാഹിതരല്ലെന്നും ഒപ്പമുള്ള കുട്ടി അയാളുടെ മകള്‍ അല്ലെന്നും മനസിലാകുന്നത്. യുവതിയുടെ പേര് ലക്ഷ്മിപ്രിയയെന്നാണെന്നും 42 വയസുണ്ടെന്നും മാത്രമേ തനിക്കറിയൂവെന്നാണ് അനില്‍ പോലീസിനോടു പറഞ്ഞത്. മൃതദേഹം സംസ്കരിക്കാതെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന പോലീസ് യുവതിയുടെ വിശദാംശങ്ങള്‍ തേടി പത്രപ്പരസ്യവും നല്കി. ആദ്യ ഭര്‍ത്താവെന്ന് പറയുന്നയാള്‍ തേടി വന്നെങ്കിലും മൃതദേഹം ഏറ്റു വാങ്ങുകയോ കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്യാതെ മടങ്ങി.
കുട്ടിയെ പോലീസ് ബാലസദനത്തിലാക്കിയിരിക്കുകയാണ്. ആത്മഹത്യയാണോ കൊലപാതകമാണോയെന്നു തീര്‍ച്ചയാക്കാന്‍ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതേവരെ കിട്ടിയിട്ടില്ല. മൃതദേഹവും അനാഥയായ ആറു വയസുകാരിയെയും ഏറ്റെടുക്കാന്‍ ബന്ധുക്കളെ തേടുകയാണ് പോലീസ്.
അനില്‍ ഗള്‍ഫില്‍നിന്നു മടങ്ങി വന്നയാളാണ്. ഭാര്യ മരിച്ചു പോയി. ഒരു മകനുള്ളതായും പറയുന്നു സ്വന്തമായി നിര്‍മിച്ച വീട് ഏഴംകുളത്തുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. എന്നാല്‍, പോലീസ് അന്വേഷണത്തില്‍ നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തി.
ലക്ഷ്മി പ്രിയയെ മാട്രിമോണിയല്‍ സൈറ്റ് വഴി കണ്ടെത്തുകയായിരുന്നുവെന്നാണ് അനില്‍ പോലീസിനോടു പറഞ്ഞത്. എറണാകുളത്തു വാടകയ്ക്കു താമസിച്ചിരുന്ന ഇവരെ അനില്‍ കൂട്ടിക്കൊണ്ടു വരികയായിരുന്നെന്നും പറയുന്നു. ലക്ഷ്മിപ്രിയ അനാഥയാണെന്നാണത്രേ അനിലിനോടു പറഞ്ഞിരുന്നത്.
ലക്ഷ്മിപ്രിയ വൈഫ് ഓഫ് രാമസുബ്ബയ്യ, നമ്പര്‍ 340, നയന്ത് ക്രോസ്, ശാസ്ത്രി നഗര്‍, ബാംഗളൂര്‍ സൗത്ത്, ത്യാഗരാജ് നഗര്‍ കര്‍ണാടക 560028 എന്നാണ് പോലീസ് കണ്ടെത്തിയ ആധാര്‍ രേഖകളിലുള്ളത്. ഈ വിലാസത്തിലുള്ള രാമസുബ്ബയ്യയെ പോലീസ് വിളിച്ചു വരുത്തിയിരുന്നു.
ബംഗളൂരുവിലെ ഒരു ടെക്സ്റ്റയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കാലത്താണ് ഇയാളുമായി ലക്ഷ്മി പ്രിയ അടുപ്പത്തിലാകുന്നതെന്ന് പറയുന്നു. ഈ ബന്ധത്തിലുള്ളതാണ് കുട്ടിയെന്നു പറയുന്നു. പിന്നീട് ഇയാളെ ഉപേക്ഷിച്ചു കേരളത്തിലേക്കു മടങ്ങിയത്രേ. അതിനാല്‍ അയാള്‍ ഇവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറായിട്ടില്ല.
ഒരു പാട് ദുരൂഹതകള്‍ ലക്ഷ്മിപ്രിയയെയും അനിലിനെയും ചുറ്റിപ്പറ്റിയുണ്ടെങ്കിലും കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. ആത്മഹത്യയെന്നു പറയുമ്പോഴും മൃതദേഹത്തില്‍ പ്രാഥമികമായി കണ്ടെത്തിയ ചില ക്ഷതങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണ്.