KeralaNEWS

ഹിന്ദു- മുസ്ലിം സൗഹാർദത്തിന്റെ സന്ദേശവുമായി പൂരക്കളി അരങ്ങേറുന്ന ക്ഷേത്രം

വോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വേരുറപ്പുള്ള കരിവെള്ളൂരിൽ വിനോദ് പണിക്കര്‍ എന്ന പൂരക്കളി കലാകാരന് വിലക്ക് ഏർപ്പെടുത്തിയത് ഏതാനും ദിവസം മുമ്പാണ്.

മകന്‍ മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിച്ച കാരണത്താലാണ് കരിവള്ളൂര്‍ ക്ഷേത്രസമിതി വിനോദ് പണിക്കര്‍ക്ക് നിരോധനം പ്രഖ്യാപിച്ചത്. കേരളത്തിൻ്റെ മതനിരപേക്ഷ പ്രതിഛായക്ക് കളങ്കം ചാർത്തിയ സംഭവമാണിത്.
കരിവെള്ളൂരിലെ വാണിയില്ലം സോമേശ്വരി ക്ഷേത്രം, കുണിയന്‍ പറമ്പത്ത് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലാണ് അനുഷ്ഠാന കലയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് വിനോദ് പണിക്കരെ വിലക്കിയത്.

Signature-ad

ഇപ്പോഴിതാ തൊട്ടടുത്ത ജില്ലയായ കാസർകോട് കാടകംപാടാർ കുളക്കര ക്ഷേത്രത്തിലെ പൂരക്കളിക്ക് മത സൗഹാർദത്തിന്റെ സന്ദേശവും താളവും നാടെങ്ങും അലയടിക്കുന്നു.
മാപ്പിളപ്പാട്ടിനൊപ്പം ചുവട് വെച്ച് കളിക്കുന്ന പൂരക്കളി കാടകം ക്ഷേത്രത്തിൽ മാത്രമുളള പ്രത്യേകതയാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ ആചാരമാണ് ഇപ്പോഴും തുടരുന്നത്.

ഈ ക്ഷേത്രമുറ്റത്ത് നിലവിളക്ക്  തെളിഞ്ഞു കത്തുന്ന പൂരക്കളിപ്പന്തലിൽ മാപ്പിളപ്പാട്ടിന്റെ ഈരടികളുയരുന്നു. പൂരക്കളി നയിക്കുന്ന പണിക്കർക്കൊപ്പം  ഉറുമാൽ കെട്ടി അണിനിരന്ന വാല്യക്കാർ ഏറ്റുപാടി.  താളത്തിൽ കൈ കൊട്ടി ചുവടുവെച്ചു.

കാടകം ശ്രീ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ഓരോ പൂരോത്സവക്കാലത്തും കാണുന്ന കാഴ്ചയാണിത്. ഒരു നൂറ്റാണ്ട് നീണ്ട പാരമ്പര്യത്തിന്റെ മെയ്‌വഴക്കത്തോടെയും താളബോധത്തോടെയുമാണ് മാപ്പിളപ്പാട്ട് പൂരക്കളി ഇപ്പോഴും നടക്കുന്നത്.

കുരുന്നുകൾ മുതൽ പ്രായമായവർ വരെ പൂരക്കളി സംഘത്തിലുണ്ട്. പൂരക്കളി ഒന്നാം തരത്തിൽ തുടങ്ങി 18 തരം കളികളും പൂർത്തിയാക്കിയ ശേഷം ഏറ്റവും അവസാനമായാണ് മാപ്പിളപ്പാട്ട് കളി.

പൂരക്കളിയിൽ സിദ്ധന്റെ നാടകക്കളി വിഭാഗത്തിൽ ശിവൻ സന്ന്യാസം സ്വീകരിച്ച് ദേശങ്ങൾ ചുറ്റി സഞ്ചരിച്ച് വ്യത്യസ്‌ത വിഭാഗങ്ങളുമായി ഇടപഴകുന്ന ഭാഗമുണ്ട്. ഇതിന്റെ പ്രതീകമായാണ് മാപ്പിളപ്പാട്ട് ഈരടികൾ പൂരക്കളിയിൽ ഇടം പിടിച്ചതെന്ന് വിശ്വസിക്കുന്നവരുണ്ട്.

പൊള്ളുന്ന വെയിലിലും വാടാത്ത പൂരപ്പൂക്കൾ പോലെ ഒരിക്കലും വാടാത്ത, മങ്ങാത്ത മനുഷ്യ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഈണമാണ് കാടകത്ത് നിന്ന് ഓരോ പൂരക്കാലത്തും ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: