തിരുവനന്തപുരത്ത് നിന്ന് കള്ളനോട്ടും നിര്‍മ്മാണ സാമഗ്രികളും പിടികൂടി
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് നിന്ന് കള്ളനോട്ടും നിര്‍മ്മാണ സാമഗ്രികളും പിടികൂടി. കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രത്തില്‍നിന്ന് 44500 രൂപയുടെ കള്ളനോട്ടും നോട്ട് നിര്‍മ്മാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. കരവാരം, കൊല്ലമ്പുഴ സ്വദേശികളായ ആശോക് കുമാര്‍, ശ്രീവിജിത്ത് എന്നിവരുടെ വീടുകളിലാണ് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. വ്യാഴാഴ്ച വിതുരയില്‍ നിന്നും നാല്‍പ്പതിനായിരം രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. ഇവര്‍ക്ക് ഇന്നലെ പിടിയിലാവരുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നു.
തിരുവനന്തപുരം വിതുരയില്‍ കഴിഞ്ഞ ദിവസം 40,500 രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയിരുന്നു. 500 രൂപയുടെ 81 കള്ളനോട്ടുകളാണ് പിടികൂടിയത്. സംഭവത്തില്‍ നാല് പേരെ വിതുര പോലീസ് കസ്റ്റഡിയിലെടുത്തു. വിതുര ബിവറേജ് ഔട്ട് ലെറ്റില്‍ നിന്നും മദ്യം വാങ്ങാന്‍ എത്തിയ പൊന്മുടി കുളച്ചിക്കര സ്വദേശി സനു നല്‍കിയത് കള്ളനോട്ടുകളാണെന്ന് ജീവനക്കാര്‍ കണ്ടെത്തിയിരുന്നു. ഇവരാണ് വിതുര പോലീസിനെ വിവരറിയിച്ചത്. ഇതിന്റെ അടിസ്ഥാത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാല് പേരെ പിടികൂടിയത്. പ്രതികള്‍ക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്.
കേരളത്തില്‍ വിവിധ ഇടങ്ങളില്‍ കള്ളനോട്ട് വിതരണം ചെയ്യുന്ന സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കമ്മിഷന് വ്യവസ്ഥയില്‍ നോട്ടുകള്‍ നല്കുന്ന സംഘത്തെ കുറിച്ചുള്ള സൂചനകളാണ് പോലീസിന് ലഭിച്ചിട്ടുള്ളതെന്നാണ് ചാത്തന്നൂര്‍ പോലീസ് പറയുന്നത്. കള്ളനോട്ട് മാറുന്നതിനിടെ ചാത്തന്നൂരില്‍ ഒരു യുവാവ് അറസ്റ്റിലായിരുന്നു. ഇയാളില്‍ നിന്ന് 500 രൂപയുടെ മൂന്ന് കള്ളനോട്ടുകളും ഒരു വശം മാത്രം പകര്‍പ്പ് എടുത്ത 61 നോട്ടുകളുമാണ് പിടിച്ചെടുത്തത്. പാരിപ്പള്ളി മീനമ്പലത്തു വാടകയ്ക്ക് താമസിക്കുന്ന മയ്യനാട് മുക്കം തുണ്ടഴികത്ത് വീട്ടില്‍ സുനിയാണ് (39) പോലീസിന്റെ പിടിയിലായത്.
മീനാട് ക്ഷേത്രത്തിനു സമീപത്തെ കടകളില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ മാറുമ്പോഴായിരുന്നു സുനിയുടെ അറസ്റ്റ്. ആദ്യം മീനാട് പാലത്തിനു സമീപം ഒരു കടയില്‍ സ്കൂട്ടറിലെത്തിയ സുനി, ഒരു കവര്‍ സിഗരറ്റ് വാങ്ങിയ ശേഷം 500 രൂപയുടെ നോട്ടു നല്കി. ബാക്കിയും വാങ്ങി അടുത്തുള്ള കടയില്‍ നിന്നും ചെറിയ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങി. ആദ്യം കയറിയ കടയിലെ ഉടമയ്ക്ക് നോട്ടിനെ കുറിച്ച് സംശയം തോന്നിയതോടെ ചാത്തന്നൂര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു കടയിലും സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തുകയായിരുന്നു സുനി.
പോലീസും നാട്ടുകാരും എത്തുന്നത് കണ്ട സുനി നോട്ടുകള്‍ വലിച്ചെറിഞ്ഞ രക്ഷപെടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പിടിയിലാവുകയായിരുന്നു. കമ്മിഷന് വ്യവസ്ഥയില്‍ നോട്ടുകള്‍ നല്കുന്ന സംഘത്തെ കുറിച്ചുള്ള സൂചനകളാണ് സുനിയെ ചോദ്യം ചെയ്തതില്‍ നിന്ന് പോലീസിന് ലഭിച്ചിട്ടുള്ളത്. പ്രത്യേക പേപ്പറില്‍ നോട്ടിന്റെ ഓരോ വശങ്ങളും പ്രത്യേകം പ്രത്യേകം ഫോട്ടോസ്റ്റാറ്റ് എടുത്ത ശേഷം ഇരു വശങ്ങളും ഒട്ടിച്ചെടുക്കുകയാണ് സംഘത്തിന്റെ രീതിയെന്നും പോലീസ് മനസിലാക്കിയിട്ടുണ്ട്.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP