പലയിനം പേരകള്‍, നാരങ്ങകള്‍, മാവുകള്‍, സപ്പോട്ടകള്‍, റംബൂട്ടാന്‍, ലോംഗന്‍, ഞാവല്‍, മരമുന്തിരി, പപ്പായ ഉള്‍പ്പെടെ സ്വദേശിയും വിദേശിയുമായ ഫലവൃക്ഷങ്ങള്‍ ഇന്ന് ഡ്രമ്മില്‍ കൃഷിചെയ്യുന്നുണ്ട്. നിലത്ത് നട്ടതിനെ അപേക്ഷിച്ച് വേഗം കായ്ക്കുമെന്നത് ഡ്രം കൃഷിയുടെ മെച്ചമാണ്.താമസം മറ്റൊരിടത്തേക്ക് മാറ്റേണ്ടിവന്നാല്‍പ്പോലും കൃഷിയും ഒപ്പം കൊണ്ടുപോകാനാവും.ഒരേയൊരു പ്രശ്നമെന്നത് നേരത്തേ കായ്ക്കുമെങ്കിലും കായ്ഫലങ്ങളുടെ എണ്ണം നിലത്തു നടുന്നതില്‍നിന്ന് കിട്ടുന്നതിനേക്കാള്‍ അല്പം കുറവായിരിക്കും എന്നതാണ്.
130 ലിറ്റര്‍ വലുപ്പമുള്ള ഡ്രമ്മാണ് ഇതിനായി ഉപയോഗിക്കുന്നത്.പച്ചച്ചാണകം (10 കിലോ), കടലപ്പിണ്ണാക്ക് (അഞ്ചുകിലോ), വേപ്പിന്‍ പിണ്ണാക്ക് (രണ്ടു കിലോ), എല്ലുപൊടി (ഒരു കിലോ), വെല്ലം (രണ്ടു കിലോ), ശീമക്കൊന്ന അല്ലെങ്കില്‍ മറ്റെന്തെങ്കിലും പച്ചില (അഞ്ചു കിലോ) എന്നിവ 150 ലിറ്റര്‍ വെള്ളത്തില്‍ നന്നായി ലയിപ്പിച്ച് ഒരാഴ്ച പുളിപ്പിച്ച ജൈവസ്ലറിയാണ് വളമായി ഉപയോഗിക്കുന്നത് ഇങ്ങനെ തയ്യാറാക്കിയ ജൈവസ്ലറി അഞ്ചിരട്ടി വെള്ളം ചേര്‍ത്താണ് ചെടികള്‍ക്ക് തളിക്കേണ്ടത്.
ഏകദേശം 1.5 മീറ്റര്‍ ഉയരത്തില്‍ വളരുന്ന മാക്രട്ട് ലൈം എന്നയിനം ഇങ്ങനെ വളര്‍ത്താന്‍ യോജിച്ചതാണ്.സിട്രസ് ഹിസ്ട്രിക്‌സ് എന്നും കാഫിര്‍ ലൈം എന്നും ഈ ഇനം അറിയപ്പെടുന്നു.സിട്രസ് റെറ്റിക്കുലേറ്റ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന മന്ദാരിന്‍ ഓറഞ്ചും ഇതേപോലെ വളര്‍ത്താം.
സിട്രസ് വര്‍ഗത്തില്‍പ്പെട്ട മറ്റൊരിനമാണ് കലമോന്‍ഡിന്‍ (Calamondin). ബോണ്‍സായ് രൂപത്തിലുള്ള ചെടിയില്‍ ഓറഞ്ചിന്റെ സുഗന്ധമുള്ള പൂക്കള്‍ വിരിയും.അലങ്കാരത്തിനായും ഈ ഇനം വളര്‍ത്താറുണ്ട്.നല്ല സൂര്യപ്രകാശത്തില്‍ ധാരാളം പഴങ്ങള്‍ ഉത്പാദിപ്പിക്കുമെങ്കിലും തണലുള്ള സ്ഥലത്തും ഇത് വളരും.അതുപോലെ വരള്‍ച്ചയെ അതിജീവിച്ച വളരാനും ഇതിന് കഴിവുണ്ട്.ക്രോസ് പോളിനേഷന്‍ നടത്താതെ തന്നെ രണ്ടുവര്‍ഷം പ്രായമുള്ള ചെടിയില്‍ പഴങ്ങളുണ്ടാകാന്‍ തുടങ്ങും.
അത്തിപ്പഴം, പീച്ച്, ആപ്രിക്കോട്ട് എന്നിവയെല്ലാം ഇങ്ങനെ വളര്‍ത്താവുന്നതാണ്.ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം.എന്നാലേ വിചാരിച്ച രീതിയില്‍ പഴങ്ങള്‍ വിളവെടുക്കാന്‍ പറ്റുകയുള്ളു.