26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് വിതരണം ആരംഭിച്ചു. മുന്‍ നിയമസഭാ സ്പീക്കര്‍ എം വിജയകുമാര്‍ നടന്‍ സൈജു കുറുപ്പിന് ആദ്യ പാസ് നല്‍കി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ബാലകൃഷ്ണന്‍, കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി ചെയര്‍മാര്‍ അജോയ് ചന്ദ്രന്‍, സെക്രട്ടറി കെ ജി മോഹന്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ചലച്ചിത്രമേള പാന്‍ ഇന്ത്യന്‍ ഫെസ്റ്റിവല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്ന് രഞ്ജിത്ത് പറഞ്ഞു. ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്. പൊതു വിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.
മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററില്‍ നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. ഈ വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓഫ് ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
എട്ടു ദിവസത്തെ മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്‌സ് ഉള്‍പ്പടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ എന്നീ പാക്കേജുകള്‍ 26ാമത് ഐ.എഫ്.എഫ്.കെയില്‍ ഉണ്ട്.