ബംഗളുരു:ഐഎസ്‌എല്‍ ടീമായ ബംഗളൂരു എഫ്സിയുടെ ഫുട്ബോള്‍ അക്കാദമിയിലൽ പരിശീലനം നടത്തുന്ന ഒരു നാലു വയസ്സുകാരൻ ഉണ്ട്.തൃശ്ശൂർ മാള അഷ്ടമിച്ചിറ നെല്ലിശേരി സ്വദേശികളായ റഫേല്‍ തോമസ് – മഞ്ജു ദമ്ബതികളുടെ ഏകമകനായ ആരോണാണ് ആ നാലു വയസ്സുകാരൻ.ഇപ്പോൾ ആരോണിനെ തേടിയെത്തിയിരിക്കുന്നത് മറ്റൊരു ഭാഗ്യമാണ്- സ്പെയിനില്‍ ടോണി ക്രൂസിന്റെ ഫുട്‍ബോള്‍ അക്കാദമിയില്‍ ഒരാഴ്ചത്തെ പരിശീലനം നടത്താനുള്ള ക്ഷണം.
അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒന്നായിരുന്നു വീടിനു മുന്നിലൂടെ ഉരുളുന്ന ടയറിനുള്ളിലൂടെ കൃത്യതയോടെ ഫുട്‍ബോള്‍ പായിക്കുന്ന ഒരു കൊച്ചു മിടുക്കന്റെ വീഡിയോ.അത് ആരോണായിരുന്നു.ആരോണിന്റെ ആ ഷോട്ട് കേരളത്തിന് അകത്തും പുറത്തുമുള്ള നിരവവധി ഫുടബോള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.കൂട്ടത്തില്‍ ജര്‍മന്‍ സൂപ്പര്‍ താരവും റയല്‍ മാഡ്രിഡ് ടീമിന്റെ മിഡ് ഫീല്‍ഡറുമായ ടോണി ക്രൂസും.
ക്രൂസിന്റെ ഫുട്ബോള്‍ അക്കാദമി ഓണ്‍ലൈനായി സംഘടപ്പിച്ച ‘കിക്ക് ഇന്‍ ടു 22’ എന്ന ഓണ്‍ലൈന്‍ മത്സരത്തിലേക്കാണ് ആരോണ്‍ തന്റെ ട്രിക്ക് ഷോട്ട് അയച്ചു നല്‍കിയത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതോടെയാണ് ആരോണിന് ഈ അത്യപൂര്‍വ നേട്ടവും ലഭിച്ചത്.അതിനു പിന്നാലെ ജര്‍മന്‍ ബുണ്ടസ് ലീഗയുടെ വളര്‍ന്നു വരുന്ന താരങ്ങളുടെ പട്ടികയിലും ആരോണ്‍ ഇടംപിടിച്ചു.
നിലവിൽ ബംഗളൂരു എഫ്‌സിയുടെ അക്കാദമിയില്‍ പരിശീലനത്തിലാണ് ആരോണ്‍. ബംഗളൂരുവിലെ ഹാപ്പി വാലി സ്കൂളില്‍ എല്‍കെജിയില്‍ പഠിക്കുന്ന ആരോണ്‍ പഠനസമയം കഴിഞ്ഞ് ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഇപ്പോൾ ഈ അക്കാദമിയിലാണ്.മേയിലോ ജൂണിലോ ആയിരിക്കും സ്പെയിനിലെ പരിശീലനം. അതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഈ നാല് വയസുകാരന്‍.